2013-02-16 12:11:04

റൊമാനിയന്‍ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


15 ഫെബ്രുവരി 2013, വത്തിക്കാന്‍
റൊമാനിയന്‍ പ്രസിഡന്‍റ് ട്രയിയാന്‍ ബസാസെഷൂ വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഫെബ്രുവരി 15ാം തിയതി വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് പ്രസിഡന്‍റ് ട്രയിയാന്‍ ബസാസെഷൂവും സംഘവുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക് മെംബേര്‍ത്തി എന്നിവരെയും ട്രയിയാന്‍ ബസാസെഷൂവും സംഘവും സന്ദര്‍ശിച്ചു.
റൊമാനിയായും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഊഷ്മളമായ ഉഭയകക്ഷിബന്ധത്തെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെന്ന് പരിശുദ്ധസിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. റൊമാനിയന്‍ സര്‍ക്കാരും കത്തോലിക്കാ സഭയും തമ്മിലുള്ള സഹകരണത്തിന്‍റെ സാധ്യതകളെക്കുറിച്ച് വിശിഷ്യ വിദ്യാഭ്യാസരംഗത്തെ ഭാവി പദ്ധതികളെക്കുറിച്ചും ഇരുകൂട്ടരും സംസാരിച്ചു. കത്തോലിക്കാ സഭ റൊമാനിയയുടെ ദേശീയ വികസനത്തിനു നല്‍കുന്ന സമഗ്രസംഭാവനകളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു.

റുമാനിയന്‍ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശഷം ആദ് ലിമിന സന്ദര്‍ശനത്തിനെത്തിയ ഇറ്റാലിയന്‍ മെത്രാന്‍മാരുമായും തുടര്‍ന്ന് മാര്‍പാപ്പയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന ആഗോള സമിതിയിലെ (Pro Petri Sede association) അംഗങ്ങളുമായും മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി.








All the contents on this site are copyrighted ©.