2013-02-16 12:11:12

ക്രൈസ്തവ ഉപവിയില്‍ പ്രതിഫലിക്കുന്നത് ദൈവസ്നേഹം:മാര്‍പാപ്പ


15 ഫെബ്രുവരി 2013, വത്തിക്കാന്‍
ക്രൈസ്തവരുടെ ഉപവി പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നത് ദൈവസ്നേഹമാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന ആഗോള സമിതിയിലെ (Pro Petri Sede association) അംഗങ്ങളുമായി വെള്ളിയാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.

ലോകത്തിന്‍റെ നാനാഭാഗത്തുള്ളവര്‍ക്ക് സഹായമേകുന്നതിനുവേണ്ടി അവര്‍ നടത്തുന്ന പരിശ്രമത്തിന് മാര്‍പാപ്പ നന്ദി പറഞ്ഞു. സഭ നോമ്പുകാലത്തിലേക്കു പ്രവേശിച്ചിരിക്കുകയാണെന്ന് അനുസ്മരിച്ച മാര്‍പാപ്പ ക്രൈസ്തവ ഉപവിയുടെ പ്രത്യേകതയെക്കുറിച്ച് തദവസരത്തില്‍ പ്രതിപാദിച്ചു. ക്രൈസ്തവ ഉപവി വെറും മാനുഷികമായ ജീവകാരുണ്യപ്രവര്‍ത്തനമായി തരംതാഴ്ത്തിക്കാണാന്‍ സാധിക്കില്ല. കാരണം മാനവവംശത്തോട് ദൈവത്തിനുള്ള സ്നേഹവും കാരുണ്യവുമാണ് അതില്‍ പ്രതിഫലിക്കുന്നത്. ക്രൈസ്തവ ഉപവി പ്രവര്‍ത്തനങ്ങള്‍ ഭൗതിക സഹായം നല്‍കുന്നതോടൊപ്പം ദൈവിക മഹത്വത്തിന്‍റേയും സ്നേഹത്തിന്‍റേയും കൂടി പങ്കുവയ്ക്കലാണ്. ക്രൈസ്തവ വിശ്വാസത്തില്‍ നിന്നുത്ഭവിക്കുന്ന ബോധ്യമാണിത്. വിശ്വാസവര്‍ഷവും നോമ്പുകാലവും കര്‍ത്താവിലേക്കുള്ള യഥാര്‍ത്ഥ പരിവര്‍ത്തനത്തിനായുള്ള അവസരങ്ങളാണെന്നും മാര്‍പാപ്പ അവരെ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.