2013-02-15 16:07:14

മാര്‍പാപ്പയുടെ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് അനുഭവങ്ങള്‍


15 ഫെബ്രുവരി 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രഭാഷണത്തിന് റോമിലെ വൈദികര്‍ സാക്ഷികളായി. നോമ്പുകാലത്തിലെ ആദ്യ വ്യാഴാഴ്ച്ച റോം രൂപതാവൈദികരുമായി കൂടിക്കാഴ്ച്ച നടത്തുന്ന പതിവ് തുടര്‍ന്നുകൊണ്ടാണ് ഫെബ്രുവരി 14ാം തിയതി വ്യാഴാഴ്ച പോള്‍ ആറാമന്‍ ശാലയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വൈദികരുമായി കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചയുടെ ആരംഭത്തില്‍ വൈദികരെ പ്രതിനിധീകരിച്ച് റോം രൂപതയുടെ വികാരി ജനറല്‍ കര്‍ദിനാള്‍ അഗസ്റ്റീനോ വല്ലീനി നടത്തിയ വികാരനിര്‍ഭരമായ ആശംസാ സന്ദേശത്തില്‍ മാര്‍പാപ്പായ്ക്ക് കൃതജ്ഞ രേഖപ്പെടുത്തുകയും മാര്‍പാപ്പയുടെ ശിഷ്ടജീവിതത്തിലും റോം രൂപതാവൈദികരുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉറപ്പു നല്‍കുകകയും ചെയ്തു.

വൈദികര്‍ക്ക് സഭയോടും മാര്‍പാപ്പയോടുമുള്ള സ്നേഹത്തിന് നന്ദിപറഞ്ഞുകൊണ്ട് പ്രഭാഷണം ആരംഭിച്ച മാര്‍പാപ്പ, വിരമിക്കുന്നതിനു മുന്‍പ് അവരെ കണ്ട് സംസാരിക്കാന്‍ സാധിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും വെളിപ്പെടുത്തി. തന്‍റെ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് അനുഭവങ്ങളാണ് മാര്‍പാപ്പ റോമിലെ ഇടവക വൈദികരോട് പ്രധാനമായും പങ്കുവയ്ച്ചത്. ഏകദേശം 45 മിനിറ്റ് നീണ്ട അതിശ്രേഷ്ഠമായ പ്രഭാഷണം രണ്ടാം വത്തിക്കാന്‍ സൂന്നഹസദോസിന്‍റെ ഒരു പുനരാവിഷ്ക്കരണമായി അനുഭവപ്പെട്ടുവെന്ന് കൂടിക്കാഴ്ച്ചയില്‍ സന്നിഹിതരായിരുന്ന വൈദികര്‍ സാക്ഷൃപ്പെടുത്തി.

1959ല്‍ ജര്‍മനിയിലെ ബോണ്‍ സര്‍വ്വകാശാലായിലെ യുവ അദ്ധ്യാപകനായിരുന്ന താന്‍ എങ്ങനെയാണ് രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിലേക്ക് ക്ഷണിക്കപ്പെട്ടതെന്നു വിവരിച്ച മാര്‍പാപ്പ എത്രമാത്രം ആഹ്ലാദത്തോടെയും ആകാക്ഷയോടെയുമാണ് താന്‍ സൂന്നഹദോസില്‍ പങ്കെടുത്തെന്നും വെളിപ്പെടുത്തി. സൂന്നഹദോസിലെ സുപ്രധാനമായ സംഭവവികാസങ്ങളും, സൂന്നഹദോസിനിടയില്‍ താന്‍ പരിചയപ്പെട്ട ശ്രേഷ്ഠ വ്യക്തികളെയും മാര്‍പാപ്പ തദവസരത്തില്‍ അനുസ്മരിച്ചു. തദനന്തരം ആരാധനാക്രമ നവീകരണം, സഭാജീവിതം, ദൈവവചനം, ദൈവാവിഷ്ക്കാരം, മതാന്തര സംവാദം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് സൂന്നഹദോസില്‍ നടന്ന സംവാദങ്ങളും ദൈവശാസ്ത്രപരമായ വെല്ലുവിളികളെകുറിച്ചും മാര്‍പാപ്പ വിശദമായി പ്രതിപാദിച്ചു. വിശ്വാസ കേന്ദ്രീകൃതമായി, സഭാ സ്നേഹത്തില്‍ അടിയുറച്ചാണ് സൂന്നഹദോസ് പിതാക്കന്‍മാര്‍ സംവദിച്ചതും പ്രബോധന രേഖകള്‍ രൂപീകരിച്ചതും. എന്നാല്‍ സൂന്നഹദോസ് പിതാക്കന്‍മാരുടെ ഉത്ബോധനങ്ങളേക്കാള്‍, സൂന്നഹദോസിന്‍റെ യഥാര്‍ത്ഥ അരൂപി തിരിച്ചറിയാത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച സങ്കുചിതവും പക്ഷപാതപരവുമായ വാര്‍ത്തകള്‍ക്കാണ് കൂടുതല്‍ പ്രചാരം ലഭിച്ചത്. വെര്‍ച്ച്വല്‍ സൂന്നഹദോസാണ് യഥാര്‍ത്ഥ സൂന്നഹദോസിനേക്കാള്‍ ശക്തമായിരുന്നത്. തന്മൂലം സൂന്നഹദോസിന്‍റെ യഥാര്‍ത്ഥ അരൂപി തമസ്ക്കരിക്കപ്പെടുകയും അനേകം ആശയക്കുഴപ്പങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. അതിന്‍റെ പരിണിത ഫലമായാണ് നിരവധി സെമിനാരികളും സന്ന്യസ്ത ഭവനങ്ങളും അടച്ചുപൂട്ടേണ്ടി വന്നത്. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ യഥാര്‍ത്ഥ അരൂപി ഏവരും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ അത്തരം വിപത്തുകള്‍ സംഭവിക്കില്ലായിരുന്നു. അഞ്ചു പതിറ്റാണ്ടുകള്‍ക്കിപ്പുറം സൂന്നഹദോസിനെ സംബന്ധിച്ച വാര്‍ത്തകളുടെ അവാസ്തവികത വെളിപ്പെടുകയും യഥാര്‍ത്ഥ സൂന്നദോസിന്‍റെ ആത്മീയ കരുത്ത് പ്രബലമാകുകയുമാണെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. വിശ്വാസവര്‍ഷം ആചരിക്കുന്ന ഈ വേളയില്‍ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ യഥാര്‍ത്ഥ അരൂപിയില്‍ യഥാര്‍ത്ഥ നവീകരണം സഭയില്‍ നടക്കുന്നതിനായി പരിശുദ്ധാത്മാവിന്‍റെ കൃപയ്ക്കായി പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പ വൈദികരെ ആഹ്വാനം ചെയ്തു.

പ്രാര്‍ത്ഥനാ ജീവിതത്തിലേക്കു പ്രവേശിക്കുന്ന താന്‍ എന്നും പ്രാര്‍ത്ഥനയില്‍ അവരോട് ഒന്നായിരിക്കുമെന്നും മാര്‍പാപ്പ റോം രൂപതാവൈദികര്‍ക്ക് ഉറപ്പു നല്‍കി. പ്രഭാഷണാനന്തരം മാര്‍പാപ്പ വൈദികര്‍ക്ക് തന്‍റെ അപ്പസ്തോലികാശീര്‍വാദം നല്‍കി.
നീണ്ട കരഘോഷത്തോടെയാണ് റോമിലെ ഇടവക വൈദികര്‍ മാര്‍പാപ്പയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തിയത്. വികാരനിര്‍ഭരരായ വൈദികരില്‍ പലരും നിറഞ്ഞ കണ്ണുകളോടെ പാപ്പയ്ക്ക് നന്ദി (Grazie Papa!) എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു......

അവരുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ മാര്‍പാപ്പ കൈകളുയര്‍ത്തി അവരെ ആശീര്‍വദിച്ചുകൊണ്ടാണ് വേദിയില്‍ നിന്നും വിടവാങ്ങിയത്.







All the contents on this site are copyrighted ©.