2013-02-15 15:30:22

മാര്‍പാപ്പയുടെ പ്രഭാഷണം ചരിത്ര സംഭവം : ഫാ.ലൊംബാര്‍ദി


15 ഫെബ്രുവരി 2013, വത്തിക്കാന്‍
ബെഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഫെബ്രുവരി പതിനാലാം തിയതി വ്യാഴാഴ്ച റോം രൂപതാവൈദികരോടു നടത്തിയ പ്രഭാഷണം ഒരു ചരിത്രസംഭവമായി പരിഗണിക്കാമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി പ്രസ്താവിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും മേധാവിയായ ഫാ.ലൊംബാര്‍ദി.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിരമിച്ചതിനു ശേഷവും ആര്‍ച്ചുബിഷപ്പ് ഗോര്‍ഗ് ഗാന്‍സ്വൈന്‍ പാപ്പയുടെ പേഴ്‍സണല്‍ സെക്രട്ടറിയായി സേവനം തുടരുമെന്ന് ഫാ.ലൊംബാര്‍ദി അറിയിച്ചു. കാസില്‍ ഗണ്‍ഡോള്‍ഫോയിലെ വേനല്‍ക്കാല വസതിയിലും, പിന്നീട് വത്തിക്കാനിലെ ആശ്രമത്തിലും (Mater Ecclesiaè) ആര്‍ച്ചുബിഷപ്പ് ഗാന്‍സ്വെയിനും പാപ്പായോടൊത്തുണ്ടായിരിക്കും. 28ാം തിയതി വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഹെലികോപ്ടറില്‍ മാര്‍പാപ്പ കാസില്‍ ഗണ്‍ഡോള്‍ഫോയിലേക്ക് യാത്രയാകുമെന്ന് 13ാം തിയതി ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തിയിരുന്നു.

മെക്സിക്കോയില്‍ പര്യടനം നടത്തുന്നതിനിടെ മാര്‍പാപ്പയ്ക്ക് ചെറിയൊരു അപകടം സംഭവിച്ചിരുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ട് വാസ്തവമാണെന്ന് അദ്ദേഹം അറിയിച്ചു. മെക്സിക്കോയില്‍ ചിലവഴിച്ച ഒരു രാത്രി ലൈറ്റിന്‍റെ സ്വിച്ച് തേടി മുറിയില്‍ നടന്നപ്പോള്‍ മാര്‍പാപ്പ വീണ് തലയില്‍ ചെറിയ പരുക്കു പറ്റിയിരുന്നുവെന്ന് മാധ്യമങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വളരെ നിസാരമായ ആ പരുക്ക് വാര്‍ത്താപ്രാധാന്യമില്ലാത്ത സംഭവമായിരുന്നുവെന്ന് ഫാ.ലൊംബാര്‍ദി പറഞ്ഞു. ഈ സംഭവമോ, വത്തിലീക്സോ മൂലമല്ല മാര്‍പാപ്പ രാജിവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മാര്‍ച്ചുമാസം 15നും 20നും ഇടയില്‍ ആരംഭിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. റോമിലെത്തുന്ന കര്‍ദിനാള്‍മാര്‍ മാര്‍ച്ച് ഒന്നാം തിയതിക്കുശേഷമാണ് വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തിലേക്ക് എത്തുകയെന്നും ഫാ.ലൊംബാര്‍ദി അറിയിച്ചു.








All the contents on this site are copyrighted ©.