2013-02-15 15:30:11

ഫെബ്രുവരി 28 വരെ മാര്‍പാപ്പയുടെ പൊതുപരിപാടികള്‍


15 ഫെബ്രുവരി 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അവസാന പൊതുപരിപാടികളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ വെളിപ്പെടുത്തി. വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി ഫെബ്രുവരി 13ാം തിയതി ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫെബ്രുവരി 28ാം തിയതി വരെയുള്ള മാര്‍പാപ്പയുടെ പൊതുപരിപാടികളെക്കുറിച്ചു വിശദീകരിച്ചത്.
ഫെബ്രുവരി 16ാം തിയതി ശനിയാഴ്ച വൈകീട്ട് ആറുമണിക്ക് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ മൊന്തിയുമായും ഫെബ്രുവരി 23ാം തിയതി പ്രസിഡന്‍റ് ജോര്‍ജ്ജോ നാപ്പോളിത്താനോയുമായും മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തും. ഇരുവരുടേയും പ്രത്യേക അഭ്യര്‍ത്ഥന പരിഗണിച്ചാണ് മാര്‍പാപ്പ അവരോടു കൂടിക്കാഴ്ച്ച നടത്തുന്നതെന്ന് ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി.
അടുത്ത തിങ്കളാഴ്ച ഏതാനും കര്‍ദിനാള്‍മാര്‍ക്കും മാര്‍പാപ്പ കൂടിക്കാഴ്ച്ച അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത ആഴ്ച്ച മുതല്‍ മെത്രാന്‍മാരുടെ ആദ് ലിമിന സന്ദര്‍ശനം റദ്ദാക്കിയിരിക്കുകയാണ്.

17 മുതല്‍ 23 വരെ വത്തിക്കാനില്‍ നോമ്പുകാല ധ്യാനം നടക്കും.

27ാം തിയതി ബുധനാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അവസാന പൊതുകൂടിക്കാഴ്ച്ചയ്ക്ക് വത്തിക്കാന്‍ വേദിയാകും.
28ാം തിയതി വ്യാഴാഴ്ച രാവിലെ 11ന് കര്‍ദിനാള്‍ സംഘം നല്‍കുന്ന വിടവാങ്ങല്‍ ചടങ്ങില്‍ മാര്‍പാപ്പ പങ്കെടുക്കും. തദവസരത്തില്‍ കര്‍ദിനാള്‍മാര്‍ക്ക് വ്യക്തിപരമായി മാര്‍പാപ്പയ്ക്ക് ആശംസകളര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി.

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഹെലികോപ്ടറില്‍ മാര്‍പാപ്പ കാസില്‍ ഗണ്‍ഡോള്‍ഫോയിലേക്ക് യാത്രയാകും.
രാത്രി 8 മണി മുതല്‍ ഔദ്യോഗികമായി പത്രോസിന്‍റെ സിംഹാസനം ഒഴിഞ്ഞു കിടക്കുമെന്നും(Sede Vacante) ഫാ.ഫെദറിക്കോ ലൊംബാര്‍ദി പറഞ്ഞു.








All the contents on this site are copyrighted ©.