2013-02-15 15:30:02

ഏര്‍ണെസ്റ്റ് വോണ്‍ ഫ്രെയ്ബെര്‍ഗ് വത്തിക്കാന്‍ ബാങ്കിന്‍റെ പുതിയ പ്രസിഡന്‍റ്


15 ഫെബ്രുവരി 2013, വത്തിക്കാന്‍
വത്തിക്കാന്‍ ബാങ്കിന്‍റെ പുതിയ പ്രസിഡന്‍റായി ജര്‍മന്‍ സ്വദേശി ഏര്‍ണെസ്റ്റ് വോണ്‍ ഫ്രെയ്ബെര്‍ഗ് നിയമിതനായി. വത്തിക്കാന്‍ ബാങ്കിന്‍റെ (Institute for the Works of Religion - I.O.R.) പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മാര്‍പാപ്പ നിയമിച്ച കര്‍ദിനാള്‍മാരുടെ കമ്മീഷനാണ് ഈ നിയമനം നടത്തിയതെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. ബാങ്കിന്‍റെ മേല്‍നോട്ടം നടത്തുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമിതിയില്‍ (Supervisory Board) നിലവിലുള്ള നാല് അംഗങ്ങള്‍ തത്സ്ഥാനത്ത് തുടരും.

ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായസഹകരണത്തോടെ കര്‍ദിനാള്‍ സംഘം നടത്തിയ വിശദമായ പഠനത്തിന്‍റേയും വിശകലനത്തിന്‍റേയും ഫലമായാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്. മികച്ച ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഒരു അന്താരാഷ്ട്ര ഏജന്‍സിയുടെ സഹായത്തോടെ തൊഴില്‍ രംഗത്തും ധാര്‍മികതയിലും ഒരുപോലെ ശോഭിക്കുന്ന സമര്‍ത്ഥരില്‍ നിന്ന് അനുയോജ്യനായ വ്യക്തിയെ ഈ സ്ഥാനത്തേക്ക് കണ്ടെത്തിയത് മാസങ്ങള്‍ നീണ്ട പ്രക്രിയയിലൂടെയാണ്. ഈ പ്രക്രിയ സസൂക്ഷ്മം വീക്ഷിച്ചിരുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് കര്‍ദിനാള്‍ സംഘം നിയമനം നടത്തിയിരിക്കുന്നതെന്നും വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.









All the contents on this site are copyrighted ©.