2013-02-14 17:17:59

പ്രബുദ്ധമായ പ്രബോധനങ്ങളിലൂടെ
വെളിച്ചമേകിയ പാപ്പ


14 ഫെബ്രുവരി 2013, വത്തിക്കാന്‍
ലാളിത്യമാര്‍ന്ന സേവനമാതൃകയ്ക്ക് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസ്സിയോ ബര്‍ത്തോണേ ആഗോളസഭയുടെ പേരില്‍ ബനഡിക്ട് 16-ാമന്‍ പാപ്പയ്ക്ക് നന്ദിയര്‍പ്പിച്ചു.
പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനിലെ‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട വിഭൂതി തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ആമുഖമായിട്ടു നടത്തിയ ഹ്രസ്വപ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണേ പാപ്പയ്ക്ക് കൃതജ്ഞതയര്‍പ്പിച്ചത്.

ഹൃദയത്തില്‍ ഊറിനില്ക്കുന്ന ദുഃഖവുമായിട്ടാണ് പാപ്പായുടെ പൊതുവായുള്ള അവസാനത്തെ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ജനങ്ങള്‍ സമ്മേളിച്ചിരിക്കുന്നത് എന്ന വാക്കുകളോടെയാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ നന്ദിപ്രകടനം ആരംഭിച്ചത്. വെല്ലുവിളികള്‍ നിറഞ്ഞ ലോകത്ത് തന്‍റെ പ്രബുദ്ധവും ഒപ്പം ലളിതവുമായ ദൈവശാസ്ത്ര പ്രബോധനങ്ങളിലൂടെ സത്യത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും പ്രഭ പരത്തിക്കൊണ്ട് മാനവകുലത്തിന്‍റെ ജീവിതയാത്രയില്‍ വെളിച്ചവും ഊഷ്മളതയും പകരുന്നതാണ് പാപ്പയുടെ ജീവിതവും സേവനവുമെന്ന്,
കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ വിശേഷിപ്പിച്ചു.

പാപ്പായുടെ ശുശ്രൂഷയില്‍ തെളിഞ്ഞുനിന്ന ദൈവസ്നേഹത്തിലൂന്നിയ മനുഷ്യസ്നേഹവും, എളിമയും പതറാത്ത വിശ്വാസവും ആത്മധൈര്യവും ലോകത്തിനും സഭയ്ക്കും എന്നും മാതൃകയാണെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ വിശേഷിപ്പിച്ചു. ലോകത്തെ അമ്പരിപ്പിച്ച പാപ്പയുടെ സ്ഥാനത്യാഗ തീരുമാനത്തില്‍ നിഴലിക്കുന്നത് ദൈവത്തിലുള്ള ഉറച്ച വിശ്വാസവും ആശ്രയവുമാണെന്നും, “ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്, കടമ നിര്‍വ്വഹിക്കുന്നതേയുള്ളൂ എന്നു പറയുവിന്‍,” എന്ന് തന്‍റെ ജീവിതംകൊണ്ട് എല്ലാ സഭാദ്ധ്യക്ഷന്മാരെയും ദൈവജനത്തെയും ക്രിസ്തുവിന്‍റെ വാക്കുകളില്‍ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പ വിരമിക്കുന്നതെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രസ്താവിച്ചു. തന്‍റെ എളിയ ശുശ്രൂഷയിലൂടെ ലോകത്തിനും മനുഷ്യര്‍ക്കും ദൈവത്തെ ലഭ്യമാക്കിയ വിശുദ്ധിയുടെ വ്യക്തിത്വമാണ് പാപ്പയുടേതെന്നു പ്രസ്താവിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ നന്ദിപ്രകടനം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.