2013-02-13 18:36:46

സുവിശേഷപ്രഭയുള്ള മൗലിക ജീവിതം
ശത്രുക്കള്‍ക്കും സ്വീകാര്യമെന്ന് കര്‍ദ്ദിനാള്‍ ഫിലോണി


13 ഫെബ്രുവരി 2013, ത്ധാര്‍ഖണ്ഡ്
സുവിശേഷ വെളിച്ചമുള്ള ജീവിതങ്ങള്‍ സഭയുടെ ശത്രുക്കള്‍പോലും അംഗീകരിക്കുമെന്ന്, കര്‍ദ്ദിനാള്‍ ഫെര്‍ണാന്‍ഡോ ഫിലോണി ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 13-ാം തിയതി ബുധനാഴ്ച രാവിലെ റാഞ്ചി കത്തീഡ്രല്‍ ദേവാലയത്തില്‍ വിഭൂതി തിരുനാള്‍ കര്‍മ്മങ്ങളുടെമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫിലോണി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഭാരതത്തിന്‍റെ ഹൈന്ദവ പശ്ചാത്തലത്തിലും പാരമ്പര്യത്തിലും സുവിശേഷാധിഷ്ഠിതമായ മൗലിക ജീവിതങ്ങള്‍കൊണ്ടു മാത്രമേ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് വെല്ലുവിളികളെ മറികടന്നും വിശ്വാസത്തിന് സാക്ഷൃമേകാനാവൂ എന്ന്, (കല്‍ക്കട്ടയിലെ മദര്‍ തെരേസായുടെ ജീവിതമാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട്), ദേവാലയം നിറഞ്ഞുനിന്ന വിശ്വാസ സമൂഹത്തെ കര്‍ദ്ദിനാള്‍ ഫിലോണി ഉദ്ബോധിപ്പിച്ചു.

തപസ്സുകാലത്ത് നാം പ്രത്യേകമായി അനുഷ്ഠിക്കേണ്ട പ്രാര്‍ത്ഥനയും, പരിത്യാഗവും, ദാനധര്‍മ്മവും സുവിശേഷചൈതന്യം ആര്‍ജ്ജിക്കാനുള്ള തെളിവാര്‍ന്ന മാര്‍ഗ്ഗങ്ങളാണെന്ന് കര്‍ദ്ദിനാള്‍ ഫിലോനി പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. പ്രാര്‍ത്ഥനയിലൂടെ ദൈവത്തോടു കൂടുതല്‍ അടുത്തും, പരിത്യാഗത്തിലൂടെ ശരീരത്തെ നിയന്ത്രിച്ചും നമ്മെ നിര്‍മ്മലരാക്കിയും, ദാനധര്‍മ്മങ്ങളിലൂടെ സഹോദരങ്ങളെ കൂടുതല്‍ സഹായിച്ചും സ്നേഹിച്ചും ഈ തപസ്സുകാലം ജീവിതനവീകരണത്തിന്‍റെ സമയമാക്കണമെന്ന്, ചുവന്ന തൊപ്പിയും കുപ്പായവും അണിഞ്ഞതിനാല്‍ ‘ചുവന്ന പാപ്പാ’യെന്ന് ജനങ്ങള്‍ വിശേഷിപ്പിച്ച കര്‍ദ്ദിനാള്‍ ഫിലോണി വിശ്വാസ സമൂഹത്തെ ഉദ്ബോധിപ്പിച്ചു.

വേളാങ്കണ്ണി മരിയന്‍ ബസിലക്കയുടെ സുവര്‍ണ്ണ ജൂബിലിയിലും, ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ രജതജൂബിലിയിലും ബനഡിക്‍ട് 16-മന്‍ പാപ്പായുടെ പ്രതിനിധിയായി പങ്കെടുത്ത
കര്‍ദ്ദിനാള്‍ ഫിലോണി, ഫെബ്രുവരി 12-ാം തിയതി ചെവ്വാഴ്ച റാഞ്ചിയിലെ പ്രശസ്തമായ സെന്‍റ് ആല്‍ബ്രട്സ് കോളെജിന്‍റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും, നാളുകളായി കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ ടൊപ്പോ വിഭാവനംചെയ്തുവന്ന വടക്കെ ഇന്ത്യയ്ക്കുവേണ്ടിയുള്ള ലീവെന്‍സ് ആശുപത്രിയുടെയും മെഡിക്കല്‍ കോളെജിന്‍റെയും വിപുലമായ പദ്ധതിയുടെ ശിലാസ്ഥാപന കര്‍മ്മം റാഞ്ചിയിലെ കുന്തിയില്‍ നിര്‍വ്വഹിക്കുകയും ചെയ്തു.









All the contents on this site are copyrighted ©.