2013-02-13 17:31:06

ബനഡിക്ട് 16-ാമന്‍ പാപ്പ
സ്ഥാനത്യാഗം ചെയ്യുന്നു


11 ഫെബ്രുവരി 2013, വത്തിക്കാന്‍
ഫെബ്രുവരി 28-ാം തിയതി കൃത്യമായും രാത്രി 8 മണിയോടെ താന്‍ സ്ഥാനത്യാഗംചെയ്യുമെന്ന്
11-ാം തിയതി തിങ്കളാഴ്ച, രാവിലെ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ സമ്മേളനത്തില്‍ പാപ്പ പ്രഖ്യാപിച്ചു.

സഭയിലെ മൂന്നു വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദ പ്രഖ്യാപനവുമായി ബന്ധപ്പെട്ട നടപടികള്‍ക്കുവേണ്ടി ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ നടപടി ക്രമങ്ങളുടെ അവസാനത്തിലാണ് തികച്ചും ആകസ്മികമായ തീരുമാനം പാപ്പ ലോകത്തെ അറിയിച്ചത്. വിശുദ്ധപദ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ക്കു മാത്രമല്ല സഭാജീവിതത്തിന്‍റെയും വളര്‍ച്ചയുടെയും സുപ്രധാമനമായൊരു തീരുമാനംകൂടെ അറിയിക്കുവാനാണ് ഈ സമ്മേളനം വിളിച്ചുകൂട്ടിയത് എന്നു വെളിപ്പെടുത്തികൊണ്ട് പാപ്പ തന്‍റെ കൈപ്പടയിലെഴുതിയ സ്ഥാനത്യാഗ പ്രഖ്യാപനം വായിച്ചു.

പത്രോസിന്‍റെ പരമാധികരത്തില്‍ ഇനിയും തുടരാനുള്ള കരുത്ത് പ്രായാധിക്യത്തിലെത്തിയ തനിക്കിനി ഇല്ലെന്ന് നിരന്തരമായ പ്രാര്‍ത്ഥനയ്ക്കും ആത്മശോധനയ്ക്കും ശേഷം ബോധ്യമായെന്ന് പാപ്പ ആമുഖത്തില്‍ സ്ഥാനത്യാഗ കാരണമായി പ്രസ്താവിച്ചു. സ്ഥാനത്തിന്‍റെ ആത്മീയ സ്വഭാവംകൊണ്ട് പ്രാര്‍ത്ഥനയിലും പരിത്യാഗത്തിലും മരണംവരെ തുടരേണ്ടതാണ് ഈ സ്ഥാനം എന്ന ബോധ്യം ഉണ്ടെങ്കിലും, പരിവര്‍ത്തന വിധേയമാവുകയും വിശ്വാസ സംബന്ധിയായ നിരവധി വെല്ലുവിളികള്‍ ഉയരുകയും ചെയ്യുന്ന ഇന്നത്തെ ലോകത്ത് പത്രോസിന്‍റെ നൗകയെ നയിക്കാന്‍ ശാരീരിക ആരോഗ്യത്തോടൊപ്പം മനക്കരുത്തും അനിവാര്യമാണെന്ന ബോധ്യമാണ് തന്നെ തീരുമാനത്തിലേയ്ക്ക് നയിച്ചതെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കാനുള്ള കരുത്ത് ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവിലാണ് ഈ തീരുമാനം അറിയിക്കുന്നതെന്ന്
പാപ്പ പ്രസ്താവിച്ചു. തീരുമാനത്തിന്‍റെ ഗൗരവം മനസ്സിലാക്കി പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടുകൂടെയാണ് 2005 ഏപ്രില്‍ 19-ാം തിയതി കര്‍ദ്ദിനാള്‍ സംഘം ഭരമേല്പിച്ച റോമാ രൂപതയുടെ ശുശ്രൂഷാ പദവിയും പത്രോസിന്‍റെ പിന്‍തുടര്‍ച്ചാവകാശവും ഫെബ്രുവരി 28-ാം തിയതി രാത്രി 8 മണിക്ക് പൂര്‍ണ്ണമായും ഒഴിയുന്ന വിധിത്തില്‍ സ്ഥാനത്യാഗം ചെയ്യുന്നതെന്ന് പാപ്പാ പ്രഖ്യാപിച്ചു. അധികാരപ്പെട്ട കര്‍ദ്ദിനാള്‍ സംഘം ചേര്‍ന്ന് അടുത്ത പാപ്പായെ തിരഞ്ഞെടുക്കുംവരെ റോമാ മെത്രാന്‍ സ്ഥാനവും പത്രോസിന്‍റെ സിംഹാസനവും ശൂന്യമായിരിക്കുമെന്നും പാപ്പ പ്രസ്താവിച്ചു.

തന്‍റെ പരമിതികള്‍ക്ക് വിനയാന്വിതനായി ക്ഷമാപണം നടത്തിയ പാപ്പ, സ്നേഹത്തോടും ത്യാഗത്തോടുംകൂടെ തന്നെ എന്നും പിന്‍തുണച്ച ഏവര്‍ക്കും നന്ദിയര്‍പ്പിച്ചു. വത്തിക്കാന്‍ രാഷ്ട്രം സംസ്ഥാപിതമായതിന്‍റെ 84-ാം വാര്‍ഷികദിനത്തിലാണ് പാപ്പ സ്ഥാനത്യാഗംചെയ്യുന്നത്. പ്രസ്താവന നടത്തിയത് ലൂര്‍ദ്ദുനാഥയുടെ തിരുനാളിലും. പ്രാര്‍ത്ഥനാ ജീവിതത്തിലൂടെ സഭാമാതാവിനെ തുടര്‍ന്നും മരണംവരെ സേവിക്കുമെന്ന വാക്കുകളോടെയാണ് 85 വയസ്സെത്തിയ ബനഡിക്ട് 16-ാമന്‍ പാപ്പ സ്ഥാനത്യാഗ പ്രസ്താവന ഉപസംഹരിച്ചത്. ആധുനിക സഭാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാപ്പ സ്ഥാനത്യാഗംചെയ്യുന്നത്. ക്ഷീണതനെങ്കിലും തന്‍റെ അനുദിന കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്ന പാപ്പായുടെ പ്രഖ്യാപനം ലോകത്തെയും ആഗോളസഭയെയും അമ്പരപ്പിക്കുന്നതായിരുന്നെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.