2013-02-12 18:33:02

മാര്‍പാപ്പയുടെ തീരുമാനത്തില്‍ അമ്പരപ്പും ആദരവുമെന്ന് ഫാ.ലൊംബാര്‍ദി


12 ഫെബ്രുവരി 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വിടവാങ്ങാനുള്ള തീരുമാനം അമ്പരിപ്പിക്കുന്നതും ആദരണീയവുമാണെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി പ്രസ്താവിച്ചു. ഫെബ്രുവരി 28-ാം തിയതി സ്ഥാനമൊഴിയുമെന്ന്, 11-ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ സമ്മേളനത്തില്‍ മാര്‍പാപ്പ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കര്‍ദിനാള്‍മാരുടെ സമ്മേളനത്തില്‍ (പൊതു കണ്‍സിസ്റ്ററിയില്‍) വച്ച് ലാറ്റിന്‍ ഭാഷയില്‍ മാര്‍പാപ്പ സ്ഥാനത്യാഗ പ്രഖ്യാപനം നടത്തിയത്. 2005 ഏപ്രില്‍ 19-ാം തിയതി കര്‍ദ്ദിനാള്‍ സംഘം ഭരമേല്പിച്ച റോമാ രൂപതയുടെ ശുശ്രൂഷാ പദവിയും പത്രോസിന്‍റെ പിന്‍ഗാമിയെന്ന സ്ഥാനവും ഫെബ്രുവരി 28-ാം തിയതി രാത്രി 8 മണിക്ക് പൂര്‍ണ്ണമായും ഒഴിയുമെന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചു.

കാനോനിക നിയമം 332 വകുപ്പിന്‍റെ രണ്ടാം ഖണ്ഡികയിലെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് മാര്‍പാപ്പ സ്ഥാനത്യാഗ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും മേധാവിയായ ഫാ. ഫെദറിക്കോ ലൊംബാര്‍ദി പ്രസ്താവിച്ചു. സ്വതന്ത്രമായ തീരുമാനം മാര്‍പാപ്പ യഥാവിധം വെളിപ്പെടുത്തണമെന്നും എന്നാല്‍ അത് ആരും സ്വീകരിക്കേണ്ടതില്ലെന്നുമാണ് ഈ ഖണ്ഡികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 28-ാം തിയതി രാത്രി 8 മണിക്ക് മാര്‍പാപ്പ സ്ഥാനമൊഴിയുന്നതോടെ പരിശുദ്ധ സിംഹാസനം ഒഴിഞ്ഞു കിടക്കും (Sede vacante). പേപ്പല്‍ സ്ഥാനമൊഴിഞ്ഞാല്‍ ചുരുങ്ങിയ കാലയളവ് കാസില്‍ ഗണ്‍ഡോള്‍ഫിലുള്ള വേനല്‍ക്കാല വസതിയില്‍ മാര്‍പാപ്പ ചിലവഴിക്കും. തുടര്‍ന്ന് വത്തിക്കാനിലുള്ള ഒരു സന്ന്യസ്താശ്രമത്തിലായിരിക്കും അദ്ദേഹം പ്രാര്‍ത്ഥനയും വിചിന്തനവുമായി കഴിയുന്നതെന്നും ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി.
മാര്‍ച്ചു മാസത്തിന്‍റെ അവസാനത്തോടെ ഈസ്റ്റര്‍ തിരുന്നാളിനു മുന്‍പായി പുതിയ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനമൊഴിയുന്ന ബെനഡിക്ട് പതിനാറാമന് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കില്ലെന്ന് ഫാ.ലൊംബാര്‍ദി അറിയിച്ചു.

മാര്‍പാപ്പയുടെ അപാരമായ ധൈര്യവും അനിതരസാധാരണമായ ആന്തരിക സ്വാതന്ത്ര്യവും വെളിപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്ന് അഭിപ്രായപ്പെട്ട ഫാ.ലൊംബാര്‍ദി, മാസങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ശേഷമാണ് മാര്‍പാപ്പ ഈ തീരുമാനം കൈക്കൊണ്ടതെന്നും പറഞ്ഞു. ജര്‍മ്മന്‍ പത്രപ്രവര്‍ത്തകനായ പീറ്റര്‍ സീവാള്‍ഡിന് അനുവദിച്ച അഭിമുഖത്തില്‍ (ലോകത്തിന്‍റെ പ്രകാശം) സ്ഥാനത്യാഗത്തെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിച്ചിരുന്നുവെന്ന് ഫാ.ലൊംബാര്‍ദി അനുസ്മരിച്ചു. ഫെബ്രുവരി 28ാം തിയതി വരെ മാര്‍പാപ്പ തന്‍റെ ഉത്തരവാദിത്വങ്ങള്‍ സാധാരണപോലെ നിറവേറ്റുമെന്നും ഫാ.ലൊംബാര്‍ദി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.