2013-02-12 18:32:13

ദൈവിക കരുത്തില്‍ പ്രത്യാശയര്‍പ്പിക്കുക: മാര്‍പാപ്പ


(ഫെബ്രുവരി 10ാം തിയതി ഞായറാഴ്ച മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)
ക്രിസ്തു തന്‍റെ പ്രഥമ ശിഷ്യരെ വിളിക്കുന്ന സംഭവം വിശുദ്ധ ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്ന സുവിശേഷഭാഗമാണ് നാമിന്ന് ദിവ്യബലിമധ്യേ ശ്രവിച്ചത് (ലൂക്കാ 5,1-11). സമാന്തര സുവിശേഷകന്‍മാരായ വി.മത്തായിയുടേയും വി.മാര്‍ക്കോസിന്‍റേയും (മത്തായി 4, 18-22 ; മാര്‍ക്കോസ് 1, 16-20) വിവരണത്തില്‍ നിന്നു വ്യത്യസ്തമായാണ് വി.ലൂക്കാ സുവിശേഷകന്‍ (ലൂക്ക 5,1-6) ഈ സംഭവം വിവരിക്കുന്നത്. യേശു ജനക്കൂട്ടത്തോടു നടത്തിയ ഒരു പ്രഭാഷണവും ക്രിസ്തുവിന്‍റെ നിര്‍ദേശപ്രകാരം മീന്‍പിടുത്തക്കാര്‍ നടത്തിയ അത്ഭുതകരമായ മീന്‍പിടുത്തവും ഈ സംഭവത്തിനു മുന്നോടിയായി സംഭവിക്കുന്ന രണ്ടു കാര്യങ്ങളാണ്. ഗനേസറേത്ത് തടാകത്തിന്‍റെ സമീപത്തു നില്‍ക്കുകയായിരുന്ന ക്രിസ്തുവിന്‍റെ പ്രഭാഷണം കേള്‍ക്കാനായി ജനം അവന്‍റെ അടുത്ത് തിങ്ങിക്കൂടി. യേശു നോക്കിയപ്പോള്‍ രാത്രി മുഴുവന്‍ വലയിറക്കിയിട്ടും ഒന്നും ലഭിക്കാത്തതില്‍ നിരാശനായിരിക്കുന്ന ശിമയോനെ കണ്ടു. കരയോടടുത്തു കിടക്കുകയായിരുന്ന അവന്‍റെ വഞ്ചി പ്രഭാഷണത്തിനായി ഉപയോഗിച്ചോട്ടെയെന്ന ചോദ്യമാണ് യേശു ശിമയോനോടു നടത്തുന്ന ആദ്യത്തെ സംഭാഷണം. പ്രഭാഷണം കഴിഞ്ഞപ്പോള്‍ വഞ്ചി ആഴത്തിലേക്കു നീക്കി, മീന്‍പിടിക്കാന്‍ വലയിറക്കുവാന്‍ ശിമയോനോടും കൂട്ടുകാരോടും യേശു ആവശ്യപ്പെട്ടു. ശിമയോന്‍ അതനുസരിച്ചു. വലയിറക്കിയപ്പോള്‍ വളരെയേറെ മത്സ്യങ്ങള്‍ അവര്‍ക്കു കിട്ടി. ആദ്യ ശിഷ്യര്‍ എങ്ങനെയാണ് ക്രിസ്തുവിന്‍റെ വാക്കുകള്‍ വിശ്വസിച്ച് അവനെ അനുസരിച്ചതെന്നും അവര്‍ കണ്ട അത്ഭുതങ്ങളെക്കുറിച്ചും വിവരിക്കുകയാണ് വിശുദ്ധ ലൂക്കാ സുവിശേഷകന്‍. ഈ സംഭവം സസൂക്ഷ്മം ശ്രദ്ധിച്ചാല്‍ ശിമയോന്‍ രണ്ടു തവണ ക്രിസ്തുവിനെ അഭിസംബോധന ചെയ്യുന്നത് രണ്ടു രീതിയിലാണെന്നു കാണാം. ആദ്യം, ‘ഗുരോ’ എന്ന് വിളിച്ച ശിമയോന്‍ അത്‍ഭുതകരമായി മീന്‍പിടിച്ചതിനു ശേഷം ‘കര്‍ത്താവേ’ എന്ന് ക്രിസ്തുവിനെ അഭിസംബോധന ചെയ്യുന്നു. ദൈവവിളിയുടെ അദ്ധ്യാപന കലയാണിത്. വിളിക്കപ്പെടുന്നവരുടെ കഴിവുകളല്ല, അവരുടെ വിശ്വാസമാണ് പ്രധാനം; “നീ പറഞ്ഞതുകൊണ്ട് ഞങ്ങള്‍ വലയിറക്കാം” എന്നു പറഞ്ഞ ശിമയോനെപ്പോലെ.

മീന്‍പിടുത്തം സഭാ ദൗത്യത്തിന്‍റെ പ്രതീകമാണ്. ഇക്കാര്യത്തില്‍ വിശുദ്ധ അഗസ്റ്റിന്‍ പറയുന്നതിപ്രകാരമാണ്. രണ്ടു തവണ കര്‍ത്താവിന്‍റെ ആവശ്യപ്രകാരം ശിഷ്യന്‍മാര്‍ മീന്‍ പിടിച്ചു. അതില്‍ ഒന്ന് ക്രിസ്തുവിന്‍റെ പീഡാസഹനത്തിനു മുന്‍പും രണ്ടാമത് ഉത്ഥാനത്തിനുശേഷവുമായിരുന്നു. ഈ രണ്ടു സംഭവങ്ങള്‍ സഭാചരിത്രം പൂര്‍ണ്ണമായി ചുരുളഴിയുന്ന പ്രതീകങ്ങളാണ്. ഇക്കാലത്തെ സഭയും മരിച്ചവരുടെ ഉത്ഥാനത്തിനുശേഷമുള്ള സഭയും എങ്ങനെയായിരിക്കുമെന്ന ചിത്രമാണ് ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് നല്ലതും ചീത്തയുമായ എല്ലാത്തരം മത്സ്യങ്ങളും വേര്‍തിരിവില്ലാതെ ഈ വലയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ ഉത്ഥാനത്തിനുശേഷം നല്ലതു മാത്രമേ അതില്‍ അവശേഷിക്കൂ. (വിശുദ്ധ അഗസ്റ്റിന്‍റെ പ്രഭാഷണങ്ങള്‍ 248, 1)

പത്രോസിനുണ്ടായ അനുഭവം അനന്യമാണ്. സുവിശേഷത്തിന്‍റെ എല്ലാ അപ്പസ്തോലന്‍മാരും വിളിക്കപ്പെടുന്നത് സദൃശ്യമായ രീതിയിലാണ്. എല്ലാ മനുഷ്യരോടും ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിച്ചുകൊണ്ട് ലോകാതിര്‍ത്തികള്‍ വരെ ക്രിസ്തു സന്ദേശം എത്തിക്കുന്നതില്‍ അവര്‍ ഒരിക്കലും ഉത്സാഹം കൈവെടിയരുത്. വൈദിക – സന്ന്യസ്ത ജീവിതാന്തസ്സിനെക്കുറിച്ചുകൂടി അനുസ്മരിപ്പിക്കുന്ന ഒരു സുവിശേഷഭാഗമാണിത്. അതൊരു ദൈവിക പ്രവര്‍ത്തിയാണ്. മനുഷ്യന്‍ സ്വന്തം വിളിയുടെ കര്‍ത്താവല്ല. ദൈവിക ക്ഷണത്തിന് അവന്‍ ഉത്തരം നല്‍കുക മാത്രം ചെയ്യുന്നു. ദൈവം വിളിക്കുമ്പോള്‍ മാനുഷിക ബലഹീനതകളില്‍ നാം ഭയചകിതരാകേണ്ടതില്ല. നമ്മുടെ ഇല്ലായ്മയില്‍ കര്‍മ്മനിരതമാകുന്ന ദൈവിക കരുത്തില്‍ പ്രത്യാശയര്‍പ്പിക്കുകയാണ് വേണ്ടത്. നമ്മെ രൂപാന്തരീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ദൈവിക കാരുണ്യത്തിന്‍റെ കരുത്തില്‍ നാമെന്നും ആശ്രയം കണ്ടെത്തണം.

പ്രിയ സഹോദരീ സഹോദരന്‍മാരേ,

സുവിശേഷപ്രഘോഷണം നടത്താനും സുവിശേഷസാക്ഷികളായി ജീവിക്കാനും വേണ്ട ധൈര്യവും വിശ്വാസവും ആവേശവും നമുക്കും നമ്മുടെ ക്രൈസ്തവ സമൂഹത്തിനും ഈ ദൈവവചനം പ്രചോദനമേകട്ടെ. പരാജയങ്ങളും പ്രതിസന്ധികളും നമ്മെ നിരാശപ്പെടുത്താതിരിക്കട്ടെ. വിശ്വാസത്തോടെ വലവിരിക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂ. പിന്നെയെല്ലാം കര്‍ത്താവിന്‍റെ കരങ്ങളിലാണ്. അപ്പസ്തോലന്‍മാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം നമുക്കപേക്ഷിക്കാം. താന്‍ എത്ര ചെറുതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടു തന്നെ പൂര്‍ണ്ണവിശ്വാസത്തോടെ “ഇതാ ഞാന്‍” എന്ന് മറിയം ദൈവഹിതത്തോടു പ്രത്യുത്തരിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃസഹജമായ മാധ്യസ്ഥം ഗുരുവും കര്‍ത്താവുമായ യേശുവിനെ നവോന്‍മേഷത്തോടെ അനുഗമിക്കാന്‍ നമുക്ക് കൃപയേകട്ടെ.








All the contents on this site are copyrighted ©.