2013-02-08 15:56:06

സൗഖ്യത്തിന്‍റേയും നവീകരണത്തിന്‍റേയും പാതയില്‍


08 ഫെബ്രുവരി 2013, റോം
ബാലപീഡനം ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും കത്തോലിക്കാ സഭ സ്വീകരിച്ചിരിക്കുന്ന കര്‍മ്മപദ്ധതികളെ സംബന്ധിച്ച പഠന സമ്മേളനം റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നടന്നു.
“സൗഖ്യത്തിലേക്കും നവീകരണത്തിലേക്കും” എന്ന പ്രമേയവുമായി 2012 ഫെബ്രുവരി മാസത്തില്‍ നടന്ന അന്താരാഷ്ട്ര പഠനശിബിരത്തിന്‍റെ തുടര്‍സമ്മേളനമായിരുന്നു ഈ പഠന സമ്മേളനം. വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും വേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്കു രൂപം നല്‍കാനായി നൂറ്റിപ്പത്തോളം മെത്രാന്‍സമിതികളുടെ പ്രതിനിധികളും സന്ന്യസ്ത മേലധികാരികളുമാണ് കഴിഞ്ഞവര്‍ഷം ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ സമ്മേളിച്ചത്. സഭയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ മുന്നേറുന്നുണ്ടെങ്കിലും ഈ വിഷയത്തെ സംബന്ധിച്ച ദൈവശാസ്ത്ര വിചിന്തനങ്ങള്‍ പരിമിതമാണെന്ന് സമ്മേളനം വിലയിരുത്തി.

ഗുരുതരമായ ഈ പ്രശ്നം യഥാവിധം കൈകാര്യം ചെയ്യുന്നതിന് കാര്യക്ഷമമായ നടപടിക്രമം യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ ആവിഷ്ക്കരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രതിനിധി ഫാ.റോബര്‍ട്ട് ഒലിവര്‍ വെളിപ്പെടുത്തി. സൗഖ്യത്തിന്‍റേയും നവീകരണത്തിന്‍റേയും പാതയില്‍ സഭ മുന്നേറുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.









All the contents on this site are copyrighted ©.