2013-02-07 19:45:32

പാത്രിയര്‍ക്കിസ് റാഫേല്‍ സാക്കോ പ്രഥമന്‍
കാല്‍ഡിയന്‍ സഭാദ്ധ്യക്ഷന്‍


7 ഫെബ്രുവരി 2013, റോം
കാല്‍ഡിയന്‍ സഭയുടെ പുതിയ അദ്ധ്യക്ഷന്‍ പാത്രിയാര്‍ക്കിസ് മാര്‍ ലൂയിസ് റാഫേല്‍ സാക്കോ പ്രഥമന്‍ ബനഡിക്ട് 16-ാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. റോമില്‍ ചേര്‍ന്ന കാര്‍ഡിയന്‍ സഭാദ്ധ്യക്ഷന്മാരുടെ സമ്മേളനമാണ് ജനുവരി 31-ാം തിയതി മാര്‍ റാഫേല്‍ സാക്കോയെ പാത്രിയര്‍ക്കിസായി തിരഞ്ഞെടുത്തത്. മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാല്‍ ഇമ്മാനുവേല്‍ ഡാലി ത്രിദിയന്‍ പ്രായപരിധിയെത്തി വിരമിച്ചതിനെ തുടര്‍ന്നാണ് റോമില്‍വച്ച് തിരഞ്ഞെടുപ്പു നടന്നത്.
രാഷ്ട്രീയമായും സാമൂഹ്യമായും മതപരമായും സംഘര്‍ഷാവസ്ഥയില്‍ കഴിയുന്ന ഇറാക്കി ജനതയ്ക്ക് കാല്‍ഡയന്‍ സഭ ‘ഐക്യത്തിനുള്ള കണ്ണി’യായി പ്രവര്‍ത്തിക്കണമെന്ന്, കൂടിക്കാഴ്ചയില്‍ ബനഡിക്ട്
16-ാമന്‍ പാപ്പ നിര്‍ദ്ദേശിച്ചതായി പാത്രിയര്‍ക്കിസ് മാര്‍ ലൂയിസ് സാക്കോ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയിലുള്ള ഭിന്നിപ്പുകളെ മറികടന്ന് ക്രൈസ്തവരോട് ശത്രുത പുലര്‍ത്തുന്ന ഇറാക്കിലെ ഇസ്ലാം ഭരണകൂടവുമായി രമ്യതപ്പെടുന്ന ‘സമാധാനത്തിന്‍റെ പാലം’ നിര്‍മ്മിക്കേണ്ട ഉത്തരവാദിത്തം അവിടത്തെ സഭയുടേതാണെന്ന്, പാപ്പായുടെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് കിര്‍ക്കൂക്ക് രൂപതയുടെ
മുന്‍മെത്രാപ്പോലീത്തയും ബാഗ്ദാദില്‍ ഉടനെ സ്ഥാനമേല്‍ക്കുകയും ചെയ്യുന്ന പാത്രിയര്‍ക്കിസ് മാര്‍ ലൂയിസ് സാക്കോ പ്രസ്താവിച്ചു. ഇറാക്കിലെ പീഡിത ജനമായ ക്രൈസ്തവരെക്കുറിച്ച് പാപ്പയ്ക്കുള്ള അറിവും ആശങ്കയും തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇറാക്കിന്‍റെ സംഘട്ടന രംഗങ്ങളില്‍നിന്നും ജീവന്‍ ഭയന്ന് ഇതര രാജ്യങ്ങളിലേയ്ക്ക്, വിശിഷ്യാ സിറിയ, ലെബനോണ്‍, യോര്‍ദ്ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയ ആഭയര്‍ത്ഥികളായി കഴിയുന്ന ജനങ്ങളെ പിന്‍തുണയ്ക്കുകയും പുനരധിവസിപ്പിക്കുകയും വേണമെന്ന് കൂടിക്കാഴ്ചയില്‍ പാപ്പാ അഭ്യര്‍ത്ഥിച്ചതായി പാത്രിയര്‍ക്കിസ് വെളിപ്പെടുത്തി.

കിര്‍ക്കൂക്കിലെ ആര്‍ച്ചുബിഷപ്പായി 10 വര്‍ഷക്കാലം സേവനപരിചയമുള്ള ലൂയിസ് സാക്കോ പ്രഥമന്‍ 64-വയസ്സാണ് ഇനി റാഫേല്‍ സാക്കോ പ്രഥമന്‍ എന്ന പേരില്‍ കാല്‍ഡിയന്‍ പാത്രിയാര്‍ക്കിസ്സായി ബാഗ്ദാദില്‍ സ്ഥാനമേല്‍ക്കുന്നതെന്നും, പാത്രിയര്‍ക്കിസ് റാഫേല്‍ ‘സമാധാനത്തിന്‍റെയും സംവാദത്തിന്‍റെ ദൂതനാണെന്നും’ സഭാ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പ്രത്യാശയോടെ അറിയിച്ചു.








All the contents on this site are copyrighted ©.