2013-02-06 10:57:07

ധീരതയോടെ സുവിശേഷപ്രഘോഷണം നടത്തുക: മാര്‍പാപ്പ


(ഫെബ്രുവരി മൂന്നാം തിയതി മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)

വി.ലൂക്കാ എഴുതിയ സുവിശേഷം നാലാം അദ്ധ്യായത്തില്‍ നിന്നുള്ള തിരുവചനങ്ങള്‍ (4,21-31) നാം ഇന്ന് ദിവ്യബലി മധ്യേ ശ്രവിച്ചു. നസ്രത്തിലെ സിനഗോഗിലാണ് നാം നില്‍ക്കുന്നത്. യേശു വളര്‍ന്ന ആ പട്ടണത്തിലെ എല്ലാവര്‍ക്കും യേശുവിനേയും കുടുംബത്തെയും അറിയാമായിരുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം യേശു ജന്മനാട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ശനിയാഴ്ച സിനഗോഗിലെ പ്രാര്‍ത്ഥനാ മധ്യേ ഏശയ്യാ പ്രവാചകന്‍ മിശിഹായെക്കുറിച്ചു പ്രവചിക്കുന്ന വിശുദ്ധഗ്രന്ഥ ഭാഗം വായിച്ചതിനുശേഷം ഈ പ്രവചനം ഇന്ന് പൂര്‍ത്തിയായിരിക്കുന്നു എന്ന് അവന്‍ പ്രഖ്യാപിച്ചു. താനാണ് മിശിഹായെന്നും തന്നെക്കുറിച്ചുള്ള പ്രവചനമാണതെന്നുമുള്ള സൂചനയാണ് ക്രിസ്തു നല്‍കിയത്. യേശുവിന്‍റെ ഈ പ്രവര്‍ത്തി നസ്രത്തുകാരുടെ ഇടയില്‍ തര്‍ക്കത്തിനു കാരണമായി. ഒരുവശത്ത് എല്ലാവരും അവനെ പ്രശംസിക്കുകയും അവന്‍റെ നാവില്‍ നിന്നു പുറപ്പെട്ട കൃപാവചസ്സുകേട്ട് അത്ഭുതപ്പെടുകയും ചെയ്തു. “ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവന് ഈ ജ്ഞാനം ആരു നല്‍കി”? എന്ന് പലരും ആശ്ചര്യത്തോടെ ചോദിച്ചുവെന്ന് വി.മാര്‍ക്കോസ് സുവിശേഷകനും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതേസമയം, അവന്‍ അവരുടെ നാട്ടുകാരനായതു കൊണ്ടും അവനെ അവര്‍ക്ക് നന്നായി അറിയാമായിരുന്നതുകൊണ്ടും അവന്‍റെ പ്രവര്‍ത്തി ധാര്‍ഷ്ട്യമാണെന്നു കരുതിയവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു, ഒരു മരപ്പണിക്കാരന്‍റെ മകന്‍ ഇങ്ങനെയൊക്കെ ചിന്തിക്കാമോ എന്നൊരു ധ്വനിയോടെയാണ് “അവന്‍ ജോസഫിന്‍റെ മകനല്ലേ” (ലൂക്ക 4,22) എന്ന് അവര്‍ ചോദിക്കുന്നത്.

‘ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതുപോലെ അവരുടെ നിരസനം ക്രിസ്തു തിരിച്ചറിഞ്ഞു. അവരെ പ്രകോപിപ്പിക്കുന്ന രീതിയിലാണ് അവന്‍ തുടര്‍ന്ന് സംസാരിച്ചത്. പ്രവാചകന്‍മാരായ ഏലിയായും ഏലീശ്വായും ഇസ്രായേല്യരല്ലാത്തവര്‍ക്കുവേണ്ടി ചെയ്ത രണ്ട് അത്ഭുതങ്ങള്‍ ഉദ്ധരിച്ചു സംസാരിച്ച ക്രിസ്തു ചിലപ്പോഴൊക്കെ ഇസ്രയേലിനു വെളിയിലാണ് കൂടുതല്‍ വിശ്വാസമുള്ളത് എന്ന് സമര്‍ത്ഥിച്ചു. ഇതു കേട്ടതോടെ സിനഗോഗിലുണ്ടായിരുന്ന എല്ലാവരും അവനെതിരായി. അവര്‍ എഴുന്നേറ്റ് അവനെ പട്ടണത്തില്‍ നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്തിരുന്ന മലയുടെ ശൃംഗത്തില്‍ നിന്ന് താഴേക്ക് തള്ളിയിടാനായി കൊണ്ടു പോവുകയും ചെയ്തു. എന്നാല്‍ അവന്‍ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.

യേശു എന്തിനാണ് അവരെ പ്രകോപിപ്പിച്ച് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയതെന്ന് ഈ സാഹചര്യത്തില്‍ നാം ചിന്തിച്ചുപോയേക്കാം. കാരണം ആദ്യം ജനങ്ങള്‍ യേശുവിന്‍റെ വാക്കുകള്‍ ശ്രവിക്കുകയും അതെക്കുറിച്ച് ആശ്ചര്യപൂര്‍വ്വം സംസാരിക്കുകയും ചെയ്തതാണ്. ഒരുവിധത്തില്‍ പൊതുസമ്മതം നേടിയെടുക്കാന്‍ യേശുവിന് അവസരമുണ്ടായിരുന്നു.....പക്ഷെ ക്രിസ്തു വന്നത് ജനസമ്മിതി നേടിയെടുക്കാനല്ല. ഒടുവില്‍ പീലാത്തോസിന്‍റെ മുന്‍പില്‍ വച്ചു പറഞ്ഞതുപോലെ ‘സത്യത്തിനു സാക്ഷൃം നല്‍കാനാണ്.’(യോഹ. 18,37). യഥാര്‍ത്ഥ പ്രവാചകന്‍ മറ്റാരേക്കാളും ദൈവത്തെയാണ് അനുസരിക്കുക, സത്യത്തിനു ശുശ്രൂഷചെയ്യാനും അതിന്‍റെ വില നല്‍കാനും അയാള്‍ സന്നദ്ധനാണ്. യേശു സ്നേഹത്തിന്‍റെ പ്രവാചകനാണ്. എന്നാല്‍ സ്നേഹത്തില്‍ സത്യമുണ്ട്. യഥാര്‍ത്ഥത്തില്‍ സത്യവും സ്നേഹവും ഒരേ യാഥാര്‍ത്ഥ്യത്തിന്‍റെ രണ്ടു പേരുകളാണ്, ദൈവത്തിന്‍റെ രണ്ടു നാമങ്ങളാണവ.
വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ലേഖനത്തില്‍ സ്നേഹത്തെക്കുറിച്ച് നാമിപ്രകാരം വായിക്കുന്നു. “സ്നേഹം ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. അനുചിതമായി പെരുമാറുന്നില്ല. സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല. കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അനീതിയില്‍ സന്തോഷിക്കുന്നില്ല; അത് സത്യത്തില്‍ ആഹ്ലാദം കൊള്ളുന്നു.”(1കൊറി 13, 4-6) ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ സ്വന്തം മുന്‍വിധികള്‍ ഉപേക്ഷിച്ച്, വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്‍റെ മുഖം സ്വീകരിക്കാന്‍ തയ്യാറാകണം, നസ്രത്തിലെ യേശു എന്ന മനുഷ്യനാണവന്‍. മറ്റുള്ളവരില്‍ ദൈവത്തെ ദര്‍ശിക്കാനും ശുശ്രൂഷിക്കാനും അതുവഴി നമുക്ക് സാധിക്കും.

ഈയാത്രയില്‍ പ്രകാശം പകരുന്നതാണ് പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃക. യേശുവിന്‍റെ മാനുഷികത മറിയത്തേക്കാള്‍ കൂടുതല്‍ അടുത്തറിഞ്ഞ ആരെങ്കിലുമുണ്ടോ? പക്ഷെ, നസ്രത്തിലെ ജനങ്ങളെപ്പോലെ മറിയം ഒരിക്കലും ഇടറിയില്ല. ദൈവിക രഹസ്യം ഹൃദയത്തില്‍ സൂക്ഷിച്ചു. ദൈവഹിതം സ്വീകരിക്കാന്‍ എല്ലായ്പ്പോഴും തയ്യാറായ മറിയം വിശ്വാസത്തിന്‍റെ പാതയില്‍ സഞ്ചരിച്ചുകൊണ്ട് കുരിശുവരെ ക്രിസ്തുവിനോടൊപ്പമുണ്ടായിരുന്നു. ഒടുവില്‍ ഉത്ഥാനത്തിന്‍റെ മഹത്വും ദര്‍ശിച്ചു. പരിശുദ്ധ കന്യകാമറിയമേ, വിശ്വാസത്തോടും ആനന്ദത്തോടും കൂടി ഈ യാത്രതുടരുവാന്‍ ഞങ്ങളെ സഹായിക്കേണമേ.








All the contents on this site are copyrighted ©.