2013-02-06 10:45:03

ത്രിയേക ദൈവത്തില്‍ വിശ്വസിക്കുന്ന കത്തോലിക്കര്‍ - ഫാ. ദാരിയൂസ് കൊവാള്‍സിക്കിന്‍റെ മതബോധന പരമ്പര


05ഫെബ്രുവരി 2013, വത്തിക്കാന്‍
“ഏക ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു” എന്ന് ഞായറാഴ്ച ദിവ്യബലി മധ്യേ കത്തോലിക്കര്‍ ഏറ്റുപറയുന്നു. ക്രൈസ്തവര്‍ വിശ്വസിക്കുന്നത് ത്രിയേകദൈവത്തിലാണ്. നിയമാവര്‍ത്തന ഗ്രന്ഥത്തില്‍ നാമിപ്രകാരം വായിക്കുന്നു “ഇസ്രായേലെ, കേള്‍ക്കുക. നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേ ഒരു കര്‍ത്താവാണ്.” (നിയമാവര്‍ത്തനം 6,4) ദൈവത്തിങ്കലേക്കു തിരിയാന്‍ ഇസ്രായേലിനോട് ആഹ്വാനം ചെയ്യുന്ന ഏശയ്യാപ്രവാചകനും ദൈവത്തെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “ഞാനല്ലാതെ മറ്റൊരു ദൈവമില്ല.”(ഏശയ്യ 45,21).
ഹെബ്രായരേയും മുസ്ലീമുകളേയും പോലെ ഏകദൈവത്തില്‍ വിശ്വസിക്കുന്നവരാണ് ക്രൈസ്തവരും. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ത്രിയേക ദൈവത്തിലാണ് അവര്‍ വിശ്വസിക്കുന്നത്. ഏകൈകസത്തയെ മൂന്നു വ്യക്തികളായി ആരാധിക്കുന്നു. പിതാവിന്‍റേയും പുത്രന്‍റേയും പരിശുദ്ധാത്മാവിന്‍റേയും നാമത്തിലാണ് ഒരു വ്യക്തി ജ്ഞാസ്നാനം സ്വീകരിച്ച് കത്തോലിക്കനാകുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് ദൈവങ്ങളല്ല. മൂന്നു വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള ഒരേക ദൈവമാണ്.

എന്തുകൊണ്ടാണ് ത്രിയേകമായ ഒരു ദൈവം എന്ന ചോദ്യമുയര്‍ന്നേക്കാം. ഏകദൈവം എന്നു പറഞ്ഞാല്‍ ത്രിയേക ദൈവം എന്നു വിശദീകരിച്ചു ബുദ്ധിമുട്ടേണ്ടി വരില്ലല്ലോ?

ഈ ചോദ്യത്തിനുത്തരം നല്‍കണമെങ്കില്‍, ‘ദൈവം സ്നേഹമാണ്’ എന്ന് സുവിശേഷകനായ വി.യോഹന്നാന്‍ നല്‍കുന്ന സ്ഥിരീകരണം ശ്രദ്ധിക്കണം. ദൈവം നിത്യമായ സ്നേഹമാണ്. ദൈവം പരമമായി ഏകനും ഏകാന്തനുമായിരുന്നെങ്കില്‍, ഒരേ ഒരു വ്യക്തിയായിരുന്നെങ്കില്‍, അവിടുന്ന് സ്നേഹമാകുന്നതെങ്ങനെയാണ്? സമ്പൂര്‍ണ്ണ സ്നേഹത്തെക്കുറിച്ചു പറയാന്‍ മൂന്നു വ്യക്തികള്‍ അനിവാര്യമാണ്: സ്നേഹിക്കുന്നവന്‍, സ്നേഹിക്കപ്പെടുന്നവന്‍, സ്നേഹത്തോടൊപ്പമായിരിക്കുന്നവന്‍. മൂന്ന് ദൈവിക വ്യക്തികള്‍ സ്നേഹത്തില്‍ ഒന്നായിരിക്കുന്നു. ഇക്കാരണത്താലാണ് “ദൈവം ഏകനാണ്, എന്നാല്‍ ഏകാന്തനല്ല” എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (254) പഠിപ്പിക്കുന്നത്.

ഒരു ക്രിസ്ത്യാനി അമൂര്‍ത്തമായ ദൈവികതയോടല്ല പ്രാര്‍ത്ഥിക്കുന്നത്. പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടുമാണ്. നിത്യതയില്‍ ത്രിയേകദൈവത്തിന്‍റെ സ്നേഹത്തിന്‍റേയും ആനന്ദത്തിന്‍റേയും പരിപൂര്‍ണ്ണകൂട്ടായ്മയിലേക്ക് പ്രവേശിക്കുമെന്ന പ്രത്യാശയോടെയാണ് ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കുന്നത്.








All the contents on this site are copyrighted ©.