05ഫെബ്രുവരി 2013, വത്തിക്കാന്‍ നവവിശുദ്ധരുടെ വിശുദ്ധപദപ്രഖ്യാപന ദിനം നിശ്ചയിക്കുന്നതിനായി
മാര്‍പാപ്പ കര്‍ദിനാള്‍മാരുടെ പൊതുസമ്മേളനം (കണ്‍സിസ്റ്ററി) വിളിച്ചുകൂട്ടുന്നു. കര്‍ദിനാള്‍
സംഘത്തിന്‍റെ സമ്മേളനം ഫെബ്രുവരി 11ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ നടക്കും. വാഴ്ത്തപ്പെട്ടവരായ
രക്തസാക്ഷികള്‍ അന്തോണിയോ പ്രിമാള്‍ഡോയും സഹകാരികളും, വാഴ്ത്തപ്പെട്ട മദര്‍ ലൗറ ദി സാന്താ
കതറീന ദ സിയന്ന, മദര്‍ മരിയ ഗൗദലൂപ്പെ ഗാര്‍സിയ സവാല എന്നിവരുടെ വിശുദ്ധപദപ്രഖ്യാപനത്തിനുള്ള
തിയതി കണ്‍സിസ്റ്ററിയില്‍ വച്ച് നിശ്ചയിക്കും. 1400കാലഘട്ടത്തില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്നവരാണ്
വാഴ്ത്തപ്പെട്ടവരായ അന്തോണിയോ പ്രിമാള്‍ഡോയും സഹകാരികളും. 1480ല്‍ തുര്‍ക്കി മുസ്ലീമുകളുടെ
അധിനിവേശകാലത്ത് വിശ്വാസപരിത്യാഗം ചെയ്യാന്‍ വിസമ്മതിച്ചതിന്‍റെ പേരിലാണ് അവര്‍ വധിക്കപ്പെട്ടത്.
സിയന്നയിലെ വിശുദ്ധ കാതറീന്‍റെ പേര് സ്വീകരിച്ച മദര്‍ ലൗറ മൊന്‍തോജാ ഇ ഉപെഗ്വി (1874-1949)
ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയ സ്വദേശിയാണ്. 1914ല്‍ സിയന്നയിലെ വിശുദ്ധ കാതറീന്‍റെ
പേരില്‍ അമലോല്‍ഭവമാതാവിന്‍റെ സന്ന്യാസിനി സമൂഹം സ്ഥാപിച്ച മദര്‍ ലൗറയെ 2004ല്‍ ജോണ്‍
പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. മദര്‍ മരിയ
ഗൗദലൂപ്പെ ഗാര്‍സിയ സവാല (1878-1963) മെക്സിക്കന്‍ സന്ന്യാസിനിയാണ്. 1901ല്‍ സ്ഥാപിക്കപ്പെട്ട
വിശുദ്ധ മാര്‍ഗരറ്റ് മേരിയുടെയും ദരിദ്രരുടേയും ശുശ്രൂഷകര്‍ (Handmaids of St Margaret
Mary (Alacoque) and the Poor) എന്ന സന്ന്യസ്ത സഭയുടെ സഹസ്ഥാപകയാണ് മദര്‍ മരിയ ഗൗദലൂപ്പെ.