2013-02-05 16:26:19

ആത്മീയാനുഭവങ്ങളുടെ സംഗീതാവിഷ്ക്കാരം ഹൃദയഹാരിയെന്ന് മാര്‍പാപ്പ


05ഫെബ്രുവരി 2013, വത്തിക്കാന്‍
ആത്മീയാനുഭവങ്ങളുടെ സംഗീതാവിഷ്ക്കാരം ഹൃദയഹാരിയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ലാറ്ററന്‍ ഉടമ്പടിയുടെ 84ാം വാര്‍ഷികത്തോടനുബന്ധിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കും ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ്യോ നാപ്പോളിത്താനോയ്ക്കും വേണ്ടി പരിശുദ്ധ സിംഹാസനത്തിനുവേണ്ടിയുള്ള ഇറ്റാലിയന്‍ എംബസി 4ാം തിയതി തിങ്കളാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ സംഘടിപ്പിച്ച സംഗീതവിരുന്നില്‍ നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
വിശ്വപ്രസിദ്ധ സംഗീത സംവിധായകന്‍ സുബിന്‍ മേത്ത ഒരുക്കിയ സംഗീത വിരുന്നില്‍ ലുഡ്വിഗ് വാന്‍ ബീഥോവന്‍റെ മൂന്നാം സിംഫണി, ജ്യൂസപ്പെ വെര്‍ദിയുടെ വിധിയുടെ കരുത്ത് (la forza del destino) എന്നീ സംഗീത ശില്പങ്ങളാണ് അവതരിപ്പിച്ചത്.

സംഗീത പരിപാടിയുടെ ആരംഭത്തില്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ്യോ നാപ്പോളിത്താനോ സന്ദേശം നല്‍കി. ഏഴുവര്‍ഷത്തെ സേവനകാലത്തിന്‍റെ അവസാനഘട്ടത്തില്‍ നില്‍ക്കുന്ന പ്രസിഡന്‍റ് നാപ്പോളിത്താനോ, ഈ കാലഘട്ടത്തില്‍ മാര്‍പാപ്പയുമായി താന്‍ നടത്തിയ സംഭാഷണങ്ങള്‍ അനുസ്മരിക്കവേ വികാരനിര്‍ഭരനായി. കഠിനമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്ന ഈ വര്‍ഷങ്ങളില്‍ തനിക്കും തന്‍റെ രാജ്യത്തിനും പിന്തുണ നല്‍കിയ മാര്‍പാപ്പയോടും കത്തോലിക്കാ സഭയോടും അദ്ദേഹം അകമഴിഞ്ഞ നന്ദി പ്രകടിപ്പിച്ചു.പൊതുക്ഷേമം ലക്ഷൃമാക്കിയാണ് രാഷ്ട്രം സഭയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും പ്രസിഡന്‍റ് നാപ്പോളിത്താനോ പ്രസ്താവിച്ചു.

സംഗീത വിരുന്നിന്‍റെ സമാപനത്തില്‍ നല്‍കിയ സന്ദേശത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രസിഡന്‍റിന് നന്ദി രേഖപ്പെടുത്തി.
ആന്തരീക പരിവര്‍ത്തനത്തിന്‍റെ അലയൊലി മുഴങ്ങുന്ന സംഗീത ശില്‍പങ്ങളാണ് ലുഡ്വിഗ് വാന്‍ ബീഥോവന്‍റെ മൂന്നാം സിംഫണിയും ജ്യൂസപ്പെ വെര്‍ദിയുടെ വിധിയുടെ കരുത്തുമെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പച്ചയായ ജീവിതവും ആന്തരിക സംഘര്‍ഷങ്ങളും ആത്മീയാനുഭവങ്ങളും അതേ തീവ്രതയോടെ സംഗീതഭാഷയില്‍ ആവിഷ്ക്കരിക്കാന്‍ വെര്‍ദിയെപ്പോലെ ചുരുക്കം ചിലര്‍ക്കു മാത്രമേ സാധിച്ചിട്ടുള്ളൂ. ‘വിധിയുടെ കരുത്തില്‍’ (la forza del destino) വിശ്വാസവും ദൈവാനുഭവും സഭാജീവിതവുമൊക്കെ സമന്വയിച്ചിരിക്കുന്നു. വിധിയുടെ ദുരന്താനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന മാനുഷികാസ്തിത്വത്തിന്‍റെ നാടകീയതയും അന്ധകാരത്തില്‍ പ്രകാശമേകുന്ന ദൈവിക സ്നേഹത്തിനും കാരുണ്യത്തിനുമായുള്ള തീവ്രാഭിലാഷവും ഈ സംഗീത ശില്‍പത്തില്‍ മനോഹാരമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. വിശ്വാസത്തിന്‍റെ നേത്രം നമുക്കു നല്‍കുന്ന കാഴ്ച്ചകള്‍ യാഥാര്‍ത്ഥ്യമാണെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ പറയുന്നതുപോലെ “മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അധികാരികള്‍ക്കോ ഇക്കാലത്തുള്ളവയ്ക്കോ വരാനിരിക്കുന്നവയ്ക്കോ ശക്തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍ നിന്ന് നമ്മെ വേര്‍പ്പെടുത്തുവാന്‍ കഴിയില്ല” (റോമ 8,38-39). ഇതാണ് ക്രിസ്ത്യാനിയുടെ കരുത്ത്. ക്രിസ്തുവിന്‍റെ മരണത്തിലും ഉത്ഥാനത്തിലും നിന്നുത്‍ഭവിക്കുന്ന ഈ കരുത്ത്, മനുഷ്യാവതാരത്തിലൂടെ മാനവ ചരിത്രത്തില്‍ പ്രവേശിച്ച ദൈവത്തിന്‍റേതാണെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.