2013-02-01 14:25:09

സ്നേഹത്തിലുള്ള വിശ്വാസം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനം :മാര്‍പാപ്പയുടെ നോമ്പുകാല സന്ദേശം


പരിശുദ്ധാത്മാവിന്‍റെ ദാനമായ സ്നേഹം നമ്മെ ദൈവത്തിലേക്കും പരസ്നേഹപ്രവര്‍ത്തികളിലേക്കും നയിക്കുന്നുമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. “ഉപവി ഉപവിപ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനം” : ‘ദൈവത്തിന് നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു’ (1 യോഹ.4:16) എന്ന പ്രമേയത്തെ കേന്ദ്രമാക്കി നല്‍കിയ ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ഫെബ്രുവരി ഒന്നാം തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വച്ച് കത്തോലിക്കാ ഉപവിപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സറായാണ് മാര്‍പാപ്പയുടെ നോമ്പുകാല സന്ദേശം പ്രകാശനം ചെയ്തത്.
സത്യം കണ്ടെത്തുകയും അത് സ്വന്തമാക്കുകയും ചെയ്യുന്നതാണ് വിശ്വാസം, സത്യത്തില്‍ ജീവിക്കുന്നതാണ് സ്നേഹം (ഉപവി)യെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു. കര്‍ത്താവും നാഥനുമായ ദൈവത്തെ സ്വീകരിക്കാന്‍ വിശ്വാസം കാരണമാകുന്നു. എന്നാല്‍ വിശ്വാസം പ്രവര്‍ത്തിപഥത്തിലെത്തുന്നത് ഉപവിയിലൂടെയാണ്. വിശ്വാസവും ഉപവിയും തമ്മിലുള്ള അഭേദ്യമായ ബന്ധം ജ്ഞാനസ്നാനം, വി.കുര്‍ബ്ബാന എന്നീ രണ്ടു കൂദാശകളോട് സദൃശ്യമാണ്. ജ്ഞാനസ്നാനം പരിശുദ്ധ കുര്‍ബ്ബാനയുടെ മുന്നോടിയാണ്. ദിവ്യകാരുണ്യമാകട്ടെ ക്രൈസ്തവ ജീവിതത്തിന്‍റെ പൂര്‍ണ്ണതയാണ്. അതുപോലെ തന്നെ വിശ്വാസം നമ്മെ ഉപവിയിലേക്കു നയിക്കുന്നു. ഉപവിയുടെ മകുടമണിയുമ്പോഴാണ് വിശ്വാസം യാഥാര്‍ത്ഥ്യമായിത്തീരുന്നതെന്നും മാര്‍പാപ്പ വിശദീകരിച്ചു.








All the contents on this site are copyrighted ©.