2013-02-01 14:26:10

നവകര്‍ദിനാള്‍മാര്‍ക്ക് റോമന്‍ കൂരിയായില്‍ പുതിയ നിയമനങ്ങള്‍


01 ഫെബ്രുവരി 2013, വത്തിക്കാന്‍
2012 നവംബര്‍ 24ന് കര്‍ദിനാള്‍സ്ഥാനത്തേക്കുയര്‍ത്തപ്പെട്ട നവ കര്‍ദിനാള്‍മാരെ മാര്‍പാപ്പ പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ കാര്യാലയങ്ങളില്‍ അംഗങ്ങളായി നിയമിച്ചു. സീറോ മലങ്കര സഭയുടെ പരാമധ്യക്ഷനും തിരുവനന്തപുരം സീറോ മലങ്കര അതിരൂപാതാധ്യക്ഷനുമായ കര്‍ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയോസ് കാതോലിക്കാ ബാവയെ പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിലും മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും അംഗമായാണ് മാര്‍പാപ്പ നിയമിച്ചത്.
നൈജീരിയയിലെ അബൂജ അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദിനാള്‍ ജോണ്‍ ഒലെരൂണ്‍ഫേമി ഒനായ്ക്കേനെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിലും കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും,
ലെബനോണിലെ മാരനൈറ്റ് പാത്രിയര്‍ക്കിസ് ബേച്ചരാ ബൗത്രോസ് റായിയെ പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘം, പരിശുദ്ധ സിംഹാസനത്തന്‍റെ പരമോന്നത നീതിപീഠം (Segnatura Apostolica), സാമൂഹ്യ സമ്പര്‍ക്കമാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലനശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ എന്നീ കാര്യാലയങ്ങളിലും,
ഫിലിപ്പീന്‍സിലെ മനിലാ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദിനാള്‍ ലൂയിസ് അന്തോണിയോ തഗാലെയെ കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാലനശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും,
കൊളംമ്പിയായിലെ ബഗോട്ടോയുടെ മെത്രാപ്പോലീത്ത, കര്‍ദിനാള്‍ റൂബെന്‍ സാലസ്സര്‍ ഗോമെസിനെ ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷനിലും നീതി സമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും
റോമന്‍ ചുവിരിനു പുറത്തുള്ള വിശുദ്ധ പൗലോശ്ലീഹായുടെ പുരാതന ബസിലിക്കയുടെ പ്രധാന പുരോഹിതന്‍ കര്‍ദിനാള്‍ മൈക്കിള്‍ ജെയിംസ് ഹാര്‍വിയെ ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിലും പരിശുദ്ധസിംഹാസനത്തിന്‍റെ പൈതൃക സമ്പത്ത് സംരക്ഷണ കാര്യാലയത്തിലുമാണ് മാര്‍പാപ്പ നിയമിച്ചത്.








All the contents on this site are copyrighted ©.