2013-01-31 20:32:25

സഭയുടെ പ്രമേയം
വൈചിത്രമുള്ള യുവജനസംസ്ക്കാരം


31 ജനുവരി 2013, വത്തിക്കാന്‍
വൈചിത്ര്യങ്ങളുള്ള ഇന്നത്തെ യുവജന സംസ്ക്കാരം തനിമയും പ്രാമാണ്യവുമുള്ളതാണെന്ന് കര്‍ദ്ദിനാള്‍ ജിയാന്‍ഫ്രാങ്കോ റവാസ്സി പ്രസ്താവിച്ചു. ഫെബ്രുവരി 6-മുതല്‍ 9-വരെ തിയതികളില്‍ റോമില്‍ സമ്മേളിക്കുന്ന സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ആമുഖമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റവാസ്സി ഇങ്ങനെ പ്രസ്താവിച്ചത്.

യുവജന സംസ്കാരത്തിന്‍റെ വൈവിധ്യമാര്‍ന്ന മേഖലകളെക്കുറിച്ചുള്ള പഠനമാണ് ഇത്തവണ വത്തക്കാന്‍റെ സാംസ്ക്കരിക കാര്യങ്ങള്‍ക്കായുള്ള കൗണ്‍സില്‍ അതിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ സംവിധാനം ചെയ്തിരിക്കുന്നതെന്ന് കര്‍ദ്ദിനാല്‍ റവാസ്സി വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
യുവജനങ്ങളുടെ ആനുകാലിക വിദ്യാഭ്യാസ-മത-സാംസ്ക്കാരിക മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊപ്പം, അവര്‍ ഇന്നു നേരിടുന്ന തൊഴിലില്ലായ്മ, അഴിമതി, അസ്ഥിരിത, മൂല്യച്ഛ്യൂതി, സുരക്ഷതത്ത്വമില്ലായ്മ, ഒറ്റപ്പെടല്‍ എന്നിവയും, ജീവിതത്തില്‍ അവ ഉണര്‍ത്തുന്ന ധാര്‍മ്മിക സംഘര്‍ഷങ്ങളെക്കുറിച്ചും വിദഗ്ദ്ധരുടെ സഹായത്തോടെ സമ്മേളനം പഠിക്കുമെന്നും കര്‍ദ്ദിനാള്‍ റവാസ്സി വ്യക്തമാക്കി.

ബനഡിക്ട് 16-ാമന്‍ പാപ്പ വിഭാവനം ചെയ്തിരിക്കുന്ന നവസുവിശേഷവത്ക്കരണ
പദ്ധതിയുടെ ഭാഗമായിട്ടും സഭയുടെ അജപാലന മേഖലയില്‍ യുവജനങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുമാണ് ഇന്നിന്‍റെ യുവജന സംസ്ക്കാരം സമ്മേളനം പ്രമേയമാക്കിയിരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ റവാസ്സി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.