2013-01-31 19:55:01

ദൈവിക കാരുണ്യത്തിന്‍റെ കഥകളുമായി
വേളാങ്കണ്ണി തീര്‍ത്ഥത്തിരുനട ജൂബിലി നിറവില്‍


31 ജനുവരി 2013, വേളാങ്കണ്ണി
പ്രസിദ്ധമായ വേളാങ്കണ്ണി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ജൂബിലി നാളില്‍ ദേശീയ മെത്രാന്‍ സമിതി അവിടെ സമ്മേളിക്കും. ‘കിഴക്കിന്‍റെ ലൂര്‍ദ്ദ്’ എന്ന അപരനാമത്താല്‍ വിഖ്യാതമായ വേളാങ്കണ്ണി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം ബസിലിക്കയായി പ്രഖ്യാപിച്ചതിന്‍റെ 50-ാം വാര്‍ഷികമാണ് ജൂബിലിയായി ആഘോഷിക്കപ്പെടുന്നത്. മുടന്തനായ പാല്‍ക്കാരന്‍ പയ്യന് സൗഖ്യം പകര്‍ന്ന ആരോഗ്യദായിനിയായ യേശുവിന്‍റെ അമ്മ മറിയത്തിന്‍റെ ദര്‍ശന കഥകളുമായിട്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള തീര്‍ത്ഥാടകേന്ദ്രത്തിന് തമിഴ്നാട്ടിലെ തഞ്ചാവൂരില്‍, നാഗപട്ടണം ഗ്രാമത്തില്‍ 16-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ലളിതമായി തുടക്കം കുറിച്ചത്. 1771-ല്‍ തഞ്ചാവൂര്‍ രൂപതയുടെ കീഴില്‍ ഇവകയായി സ്ഥാപിക്കപ്പെട്ട ആരോഗ്യനാഥയുടെ ദേവാലയം 1962 വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ പാപ്പയാണ് 2-ാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സമാപനത്തില്‍ ബസിലിക്കയായി ഉയര്‍ത്തിയത്.

ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ സംയുക്ത സമ്മേളനം ഫെബ്രുവരി 4-10 വരെ തിയതികളില്‍ വേളാങ്കണ്ണി ബസിലിക്കാ മന്ദിരത്തില്‍ സമ്മേളിക്കുമെന്ന്, തീര്‍ത്ഥാടനകേന്ദ്രം വികാരി, ഫാദര്‍ ബീരവേന്ദ്ര ആരോഗ്യദാസ് അറിയിച്ചു.

ഇന്ത്യയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ പിന്നാക്കിയോ, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വൈസ് പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് എന്നിവര്‍ക്കൊപ്പം, ഭാരതത്തിലെ എല്ലാ മെത്രാന്മാരും ചേര്‍ന്ന് ഫെബ്രൂവരി 11-ന് ലൂര്‍ദ്ദുനാഥയുടെ തിരുനാളില്‍ കൃതഞ്താ ബലി അര്‍പ്പിക്കുമെന്നും ഫാദര്‍ ആരോഗ്യദാസ് മാധ്യമങ്ങളെ അറിയിച്ചു.








All the contents on this site are copyrighted ©.