2013-01-31 20:14:15

കാവ്യാത്മകമായ പ്രമാണരേഖയും
വെല്ലുവിളി നിറഞ്ഞ വെളിപാടും


30 ജനുവരി 2013, റോം
വചനം ജീവല്‍ബന്ധിയായിരിക്കണമെന്ന്, വസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് റയിനോ ഫിസിക്കേല്ല പ്രസ്താവിച്ചു. വെളിപാടിനെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രതിപാദിക്കുന്ന Dei Verbum, ദൈവവചനം എന്ന പ്രമാണരേഖയെക്കുറിച്ച് വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’യില്‍ എഴുതിയ തന്‍റെ ലേഖനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ഇങ്ങനെ പ്രസ്താവിച്ചത്.

കൗണ്‍സിലിന്‍റെ കാവ്യാത്മകമായ പഠനമെന്ന് ശീര്‍ഷകത്തില്‍ത്തന്നെ Dei Verbum പ്രമാണരേഖയെ വിശേഷിപ്പിക്കുമ്പോഴും, ഏറ്റവും ഗഹനമായതും വെല്ലുവിളി നിറഞ്ഞതും ഇതുതന്നെയാണെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സഭയില്‍ ഇടംതേടിയ വചനമാണ് വെളിപാടെന്നും, അത് വിശ്വാസത്തിന്‍റെ അടിത്തറയും സത്തയുമാണെന്നും, അനാദിമുതലേ ഉണ്ടായിരുന്ന വചനം, മാംസംധരിച്ച് ലോകത്തു വസിച്ചത് ക്രിസ്തുവിലാണെന്നത് കാലമൊക്കെയും പ്രഘോഷിക്കപ്പെടേണ്ട സദ്വാര്‍ത്തയാണെന്നും അദ്ദേഹം ലേഖനത്തില്‍ വിശദീകരിച്ചു.

സ്രോതസ്സായ ക്രിസ്തുവില്‍നിന്നും വെളിപ്പെട്ടുകിട്ടിയ വചനവും പാരമ്പര്യവും പരസ്പര പൂരകങ്ങളാണെന്നും, രണ്ടും പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ ഉരുവംകൊണ്ടതാകയാല്‍, പ്രഘോഷിക്കപ്പെടേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമാണെന്നും അദ്ദേഹം ആഹ്വാനംചെയ്യുന്നു.
ഒന്നും തിരികെ പ്രതീക്ഷിക്കാതെ, ദൈവം നല്കുന്ന വെളിപാടിലെ വചനം, ലോകത്തുള്ള അവിടുത്തെ ഇടപെടലാണെന്നും, അങ്ങനെ വെളിപാടിലൂടെ മനുഷ്യരോടു അവിടുന്നു സംസാരിക്കുക മാത്രമല്ല, വെളിപ്പെടുത്തലിന്‍റെ പൂര്‍ണ്ണിമയില്‍ നമ്മൊടൊത്തു അവിടുന്നു വസിച്ചുവെന്നും, നമ്മുടെ സുഖദുഃഖങ്ങള്‍ പങ്കുവച്ച് എവിടെയും ആര്‍ക്കും ഒരിക്കലും കണ്ടെത്താനാവാത്ത അര്‍ത്ഥം മനുഷ്യജീവിതങ്ങള്‍ക്ക് അവിടുന്നു ക്രിസ്തുവിനെ നല്കിയെന്നും, ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ല വിവരിച്ചു.
അതുകൊണ്ട് വചനംപ്രഘോഷണം പൂര്‍ണ്ണിമയിലെത്തുന്നത് അനുദിനം അത് ജീവിതത്തില്‍ ഫലമണിയുമ്പോഴാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടാണ് അദ്ദേഹം ലേഖനം ഉപസംഹരിക്കുന്നത്.








All the contents on this site are copyrighted ©.