2013-01-30 16:14:16

ഫ്രയര്‍ മാര്‍ക്കോ ടാസ്ക്കാ
അസീസ്സിയിലെ നിസ്സ്വന്‍റെ പാതയില്‍


30 ജനുവരി 2013, അസ്സീസി
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്സിന്‍റെ 119-ാമത്തെ പിന്‍ഗാമിയായി മാര്‍ക്കോ ടാസ്ക്കാ തിരഞ്ഞെടുക്കപ്പെട്ടു. ആഗോള നിഷ്പ്പാദുക ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസ സഭയുടെ മിനിസ്റ്റര്‍ ജെനറലായിട്ടും വിശുദ്ധ ഫ്രാന്‍സിസ്സിന്‍റെ 119-ാമത്തെ പിന്‍ഗാമിയായിട്ടും രണ്ടാം തവണയാണ് ഫ്രയര്‍ മാര്‍ക്കോ ടാസ്ക്കാ തിരഞ്ഞെടുക്കപ്പെട്ടത്. ഇറ്റലിയിലെ അസ്സീസിയില്‍ ചേര്‍ന്ന സഭാ പ്രതിനിധികളുടെ സമ്മേളനത്തിന്‍റെ സമാപനദിനത്തില്‍ ജനുവരി 29-ാം തിയതിയാണ് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 99 സന്ന്യാസികള്‍ ചേര്‍ന്ന് ഫ്രയര്‍ ടാസ്ക്കായെ ആഗോള ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസ സഭയുടെ തലവാനായിട്ട് തിരഞ്ഞെടുത്തതെന്ന്, സഭാ കേന്ദ്രത്തില്‍നിന്നും വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവ വ്യക്തമാക്കി. “സഭയുടെ മൂലങ്ങളിലും ഫാര്‍സിസ്ക്കന്‍ ആത്മീയതയിലും ഉറച്ചുനിന്നുകൊണ്ട് നിസ്വനായ ഫ്രാന്‍സിസ്സിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഇനിയും ഒത്തൊരുമിച്ച് പരിശ്രമിക്കുമെന്ന്,” ഫ്രാന്‍സിസ്ക്കന്‍ സഹോദരങ്ങളുടെ തിരഞ്ഞെടുപ്പ് അംഗീകരിച്ചുകൊണ്ട് ഫാദര്‍ ടാസ്ക്കാ പ്രസ്താവിച്ചു. വിശുദ്ധ ഫ്രാന്‍സിസ്സിന്‍റെ ജീവിതശൈലിയും, ആത്മീയതയും പ്രാര്‍ത്ഥനാരീതിയും കഠിനദ്ധ്വാനവും സ്വായത്തമാക്കിക്കൊണ്ട്,
വംശിയ കലാപങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടമാടുന്ന വിവിധ രാജ്യങ്ങളിലും സമൂഹങ്ങളിലും സമാധാനാ ദൂതരായി സേവനംചെയ്യണമെന്ന് സമ്മേളനത്തിന്‍റെ സമാപനത്തില്‍ ഫ്രയര്‍ ടാസ്ക്കാ സഭാംഗങ്ങളെ ഉദ്ബോധിപ്പിച്ചു.

രണ്ടാം തവണയും സഭയുടെ പരമോന്നത പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 57-വയസ്സുകാരനായ ഫ്രയര്‍ മാര്‍ക്കോ ടാസ്ക്കാ വിശുദ്ധ അന്തോനീസിന്‍റെ നഗരമായ ഇറ്റലിയിലെ പാദുവ സ്വദേശിയാണ്.

Photo : Friar General Marco Tasco in the middle with other councillors








All the contents on this site are copyrighted ©.