2013-01-29 15:48:46

കര്‍ദിനാള്‍ ഗ്ലെംപിന് ആയിരങ്ങളുടെ ആദരാഞ്ജലി


29 ജനുവരി 2013, വാര്‍സോ
പോളണ്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മുന്നദ്ധ്യക്ഷനും വാര്‍സോ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജോസഫ് ഗ്ലെംപിന്‍റെ അന്തിമോപചാര ശുശ്രൂഷ ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ വാര്‍സോയില്‍ നടന്നു. അര്‍ബുദരോഗത്തോടു മല്ലടിക്കുകയായിരുന്ന കര്‍ദ്ദിനാള്‍ ഗ്ലെംപ്(85) ജനുവരി 23നാണ് ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ നിര്യാതനായത്. 28ാം തിയതി തിങ്കളാഴ്ച വാര്‍സോയിലെ സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ പോളണ്ടിലെ ഇപ്പോഴത്തെ പ്രൈമേറ്റ് ആര്‍ച്ചുബിഷപ്പ് ജോസഫ് കൊവാള്‍സിക്കിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു അന്തിമോപചാര ശുശ്രൂഷ. തിരുക്കര്‍മ്മങ്ങള്‍ക്ക് ആമുഖമായി മാര്‍പാപ്പയുടെ അനുശോചന സന്ദേശം വായിച്ചു. പോളണ്ടിലെ പൊള്ളുന്ന സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തില്‍, അവിടത്തെ വിശ്വാസികളെ നീതിനിഷ്ഠയോടും സ്നേഹത്തോടുംകൂടെ മൂന്നു പതിറ്റാണ്ടു കാലം നയിച്ച നല്ലിടയനെന്നാണ് കര്‍ദ്ദിനാള്‍ ഗ്ലെംപിനെ മാര്‍പാപ്പ വിശേഷിപ്പിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും പതറാതെ ജീവിച്ച അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയും, ലാളിത്യവും, ഹൃദയ വിശാലതയും, സഭാസ്നേഹവും തന്നെ എന്നും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്ന്, പാപ്പാ സന്ദേശത്തില്‍ ഏറ്റുപറഞ്ഞു. വൈവിധ്യങ്ങളുടെ കരിപടലംനിറഞ്ഞ കാലഘട്ടത്തില്‍ പോളിഷ് ജനതയ്ക്ക് ഐക്യത്തിന്‍റെ ഉറപ്പുള്ള കണ്ണിയും ആത്മീയ വെളിച്ചവുമായിരുന്നു കര്‍ദ്ദിനാള്‍ ഗ്ലെംപെന്നും, വിശുദ്ധ ഗ്രന്ഥത്തിലെ ജോസഫിനെപ്പോലെ തന്‍റെ വിളിയോട് നിശ്ശബ്ദമായും വിനയത്തോടുംകൂടി സ്വയംസമര്‍പ്പിച്ച വിവേകിയായ മഹാനുഭാവനായിരുന്നു, താന്‍ വര്‍ഷങ്ങളായി സാഹോദര്യബന്ധം പുലര്‍ത്തിയിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് ഗ്ലെംപെന്നും പാപ്പ സന്ദേശത്തില്‍ വെളിപ്പെടുത്തി.
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പയുമായി കര്‍ദിനാള്‍ ഗ്ലെംപിനുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് കൊവാള്‍സിക്ക് അനുസ്മരിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെപോലെ സ്നേഹത്തിന്‍റേയും സംവാദത്തിന്‍റേയും പാതയിലൂടെ ലോകത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഠിനാദ്ധ്വാനം ചെയ്ത വ്യക്തിയായിരുന്നു കര്‍ദിനാള്‍ ജോസഫ് ഗ്ലെംപെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസ്നേഹിയായിരുന്നു കര്‍ദിനാള്‍ ഗ്ലെംപെന്ന് പോളിഷ് പ്രസിഡന്‍റ് ബ്രോനിസ്ലാവ് കോമ്രോസ്ക്കി അനുസ്മരിച്ചു. ക്രൂരമായ മാര്‍ഷല്‍ നിയമം നിലവില്‍ വന്നപ്പോള്‍ രാജ്യത്ത് കൂടുതല്‍ രക്തചൊരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ കഠിന പ്രയ്ത്നം നടത്തിയ അദ്ദേഹം എന്നും പോളിഷ് ജനതയുടെ നന്‍മ കാംക്ഷിച്ച വ്യക്തിയായിരുന്നു. കര്‍ദിനാളിന്‍റെ പേര് തന്‍റെ ഭവനത്തിലടക്കം, പോളണ്ടിലെ നിരവധി കുടുംബങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പ്രസ്താവിച്ചു.

പോളണ്ടിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വിവിധ സഭാ മേലധ്യക്ഷന്‍മാരും സാമൂഹ്യ – രാഷ്ട്രീയ നേതാക്കളും സംസ്ക്കാര ചടങ്ങിന് സാക്ഷൃം വഹിച്ചു. കര്‍ദിനാളിന് ആദരാഞ്ജലി അര്‍പ്പിക്കാനായി പോളണ്ടിന്‍റെ നാനാഭാഗത്തു നിന്നും വൈദികരും സന്ന്യസ്തരും അല്‍മായരും വാര്‍സോയിലെത്തി. കനത്ത ശൈത്യം വകവയ്ക്കാതെ കത്തീഡ്രലിനു മുന്‍പിലും പാതയോരത്തും അണിനിരന്നുകൊണ്ടാണ് തങ്ങളുടെ പ്രിയ ഇടയശ്രേഷ്ഠന് ജനം കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴിയേകിയത്. കര്‍ദിനാളിന്‍റെ മുന്‍ഗാമിമാരുടെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്ക്കരിച്ചിരിക്കുന്ന സെന്‍റ് ജോണ്‍സ് കത്തീഡ്രലിന്‍റെ ക്രിപ്റ്റുകളിലൊന്നില്‍ തന്നെയാണ് കര്‍ദിനാള്‍ ഗ്ലെപിന്‍റേയും അന്ത്യവിശ്രമം.








All the contents on this site are copyrighted ©.