2013-01-26 16:05:45

സഭൈക്യത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ക്രിസ്തു കേന്ദ്രീകൃതമായിരിക്കണം: ഫാ.ലൊംബാര്‍ദി


26 ജനുവരി 2013, വത്തിക്കാന്‍
സഭൈക്യത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ക്രിസ്തു കേന്ദ്രീകൃതമായിരിക്കണമെന്ന് ഫാ. ഫെദറിക്കോ ലൊംബാര്‍ദി. വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറലും വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്‍റെ മേധാവിയുമായ ഈശോ സഭാ വൈദികന്‍ ഫാ.ലൊംബാര്‍ദി വത്തിക്കാന്‍ ടെലിവിഷന്‍റെ വാരാന്ത്യ പരിപാടിയായ ഒക്താവാ ദിയെസിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. ദൈവശാസ്ത്ര സംവാദങ്ങള്‍, സാംസ്ക്കാരിക പരിപാടികള്‍, സാമൂഹ്യപ്രവര്‍ത്തന രംഗത്തെ സഹകരണം തുടങ്ങി നിരവധിയായ മാര്‍ഗ്ഗങ്ങളിലൂടെയാണ് സഭൈക്യത്തിനായുള്ള പരിശ്രമങ്ങള്‍ നടക്കുന്നത്. സഭൈക്യവാര പ്രാര്‍ത്ഥന ഇത്തരം സംരംഭങ്ങള്‍ക്കെല്ലാം കരുത്തും പ്രോത്സാഹനവും പകരുന്നതാണ്. സഭൈക്യം ലക്ഷൃമിട്ടുകൊണ്ടുള്ള എല്ലാ സംരംഭങ്ങളും ഐക്യത്തിനായുള്ള ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയില്‍ നിന്നാണ് ഉരുവാകേണ്ടത്. 2012 ഡിസംബര്‍ 29ന് തെയ്സേ സഭൈക്യ സമൂഹത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന യൂറോപ്യന്‍ യുവജന സംഗമത്തില്‍ പങ്കെടുത്ത യുവജനങ്ങള്‍ക്ക് മാര്‍പാപ്പ നല്‍കിയ സന്ദേശവും ഫാ.ലൊംബാര്‍ദി തദവസരത്തില്‍ അനുസ്മരിച്ചു. ആത്മീയവും ആന്തരീകവുമായ ഐക്യത്തിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പ തദവസരത്തില്‍ യുവജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. ‘ഈ ഭൂമിയില്‍ വിശ്വാസത്തിന്‍റെ തീര്‍ത്ഥാടനം’ എന്ന ബ്ര. റോജറുടെ ആപ്തവാക്യം ആവര്‍ത്തിച്ച ഫാ.ലൊംബാര്‍ദി, പ്രത്യാശയോടെ, പ്രാര്‍ത്ഥനയില്‍ ഐക്യത്തിലേക്കുള്ള ഈ യാത്ര തുടരാന്‍ എല്ലാ ക്രൈസ്തവര്‍ക്കും സാധിക്കട്ടെയെന്നും ആശംസിച്ചു.








All the contents on this site are copyrighted ©.