2013-01-26 16:34:36

വിയറ്റ്നാമിലെ കത്തോലിക്കാ സഭ


വിയറ്റ്നാമിലെ കേന്ദ്ര പോളിറ്റ് ബ്യൂറോ സെക്രട്ടറി ങ്ഗൂയെന്‍ ഫൂ തോങ്ങ് വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 22ാം തിയതി ചൊവ്വാഴ്ച രാവിലെ 10.30നാണ് മാര്‍പാപ്പ ങ്ഗൂയെന്‍ ഫൂ തോങ്ങും സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക് മെംബേര്‍ത്തി എന്നിവരുമായും വിയറ്റ്നാം പോളിറ്റ് ബ്യൂറോ സെക്രട്ടറി കൂടിക്കാഴ്ച്ച നടത്തി. പരിശുദ്ധസിംഹാസനത്തെയും വിയറ്റ്നാമിനെയും ഒരുപോലെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ഇരുക്കൂട്ടരും ചര്‍ച്ചചെയ്തുവെന്ന് പരിശുദ്ധ സിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. പരിശുദ്ധസിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന ചില കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രത്യാശ കൂടിക്കാഴ്ച്ചയില്‍ പ്രകടമായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ മെച്ചെപ്പെടുന്നതിന്‍റെ അടയാളമായി ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍ വിയറ്റ്നാമിലെ സഭയെക്കുറിച്ചും പരിശുദ്ധസിംഹാസനവും വിയറ്റ്നാമും തമ്മില്‍ ആരംഭിച്ചിരിക്കുന്ന നയതന്ത്ര സംഭാഷണത്തെക്കുറിച്ചും ഒരു അവലോകനം.

വിയറ്റ്നാമില്‍ കത്തോലിക്കാ വിശ്വാസത്തിന്‍റെ ആരംഭം


ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്തായി സ്ഥിതിചെയ്യുന്ന വിയറ്റ്നാമില്‍ കത്തോലിക്കാ വിശ്വാസത്തിന്‍റെ ദീപം കൊളുത്തിയത് മിഷനറി വൈദികരാണ്. പതിനാറാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലും സ്പെയിനിലും പോര്‍ച്ചുഗലിലും നിന്നെത്തിയ മിഷനറിമാര്‍ വിയറ്റ്നാം മണ്ണില്‍ വിശ്വാസത്തിന്‍റെ വിത്തു വിതയ്ച്ചു. 1580ല്‍ ഫീലിപ്പീനില്‍ നിന്നുമെത്തിയ ഫ്രാന്‍സിസ്ക്കന്‍ മിഷനറിമാര്‍ ദക്ഷിണവിയറ്റ്നാമില്‍ സുവിശേഷപ്രഘോഷണം ആരംഭിച്ചെങ്കിലും 1615ല്‍ ഈശോ സഭാ വൈദികരുടെ വരവോടെയാണ് വിയറ്റ്നാമീസ് മിഷന്‍റെ ഔദ്യോഗിക ആരംഭമെന്ന് കണക്കാക്കപ്പെടുന്നു. ഉത്തര വിയറ്റ്നാമിലേക്ക് മിഷനറിമാരെത്തിത്തുടങ്ങിയത്1627ലാണ്. രണ്ടര പതിറ്റാണ്ടു കാലം താരതമ്യേന ശാന്തമായ പ്രേഷിതപ്രവര്‍ത്തനത്തിനു ശേഷം നിരോധനത്തിന്‍റേയും പീഢനങ്ങളുടേയും കയ്പുനീര് മിഷനറിമാരെ തേടിയെത്തി. മതപ്രചരണം നിരോധിക്കപ്പെട്ട 1630ല്‍ ഉത്തര വിയറ്റ്നാമിയെ തീക്ഷണമതിയായ പ്രഷിതനും, ഈശോസഭാ വൈദികനുമായ ഫാ.റോഡേ നാടുകടത്തപ്പെടുകയും ചെയ്തു. 1663 ആയപ്പോഴേക്കും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. കത്തോലിക്കര്‍ക്കെതിരേ പീഢനം രൂക്ഷമാകാന്‍ തുടങ്ങി. വിയറ്റ്നാമില്‍ വിശ്വാസം തഴച്ചുവളര്‍ന്നതും ഇതേകാലയളവിലാണെന്നത് വിരോധാഭാസമായിരിക്കാം. പ്രഥമ തദേശീയ വൈദികാര്‍ത്ഥികളുടെ വൈദികപട്ട സ്വീകരണത്തിന് 1668ല്‍ വിയറ്റ്നാമീസ് ജനത സാക്ഷൃം വഹിച്ചു. 1670 ഉത്തര വിയറ്റ്നാമിലും 72ല്‍ ദക്ഷിണ വിയറ്റ്നാമിലും പ്രഥമ സിനഡുസമ്മേളനങ്ങളും നടന്നു. വിയറ്റ്നാമിലെ കത്തോലിക്കര്‍ക്കു ഊര്‍ജ്ജം പകരനായി 1676ല്‍ ഫീലീപ്പീന്‍സില്‍ നിന്നും ഡൊമനിക്കന്‍ മിഷനറിമാരും വന്നെത്തി. 1679ല്‍ ഉത്തരമേഖലയിലെ അപ്പസ്തോലിക വികാരിയാത്ത് വിഭജിച്ച്, ഫ്രഞ്ചു മിഷനറിമാര്‍ക്കും ഡൊമനിക്കന്‍ മിഷനറിമാര്‍ക്കുമായി രണ്ട് അപ്പസ്തോലിക വികാരിയാത്തുകള്‍ സ്ഥാപിക്കപ്പെട്ടു.
സഭാപരമായ ഈ മാറ്റങ്ങള്‍ക്കു പിന്നാലെ ക്രൈസ്തവര്‍ക്കെതിരായ പീഡനവും ശക്തിപ്രാപിക്കാന്‍ തുടങ്ങി. 1712-1720 കാലയളവ് ക്രൈസ്തവര്‍ക്കെതിരേയുള്ള രൂക്ഷമായ പീഡനത്തിന്‍റെ കാലമായാണ് കണക്കാക്കപ്പെടുന്നത്. ഇക്കാലത്ത് ദക്ഷിണ മേഖലയിലെ അപ്പസ്തോലിക വികാരിയായിരുന്ന മോണ്‍.ബുര്‍ഗസ് നാടുകടത്തപ്പെട്ടു. ഈ കാലഘട്ടത്തില്‍തന്നെയാണ് പ്രഥമ ഡൊമനിക്കന്‍ രക്തസാക്ഷിയേയും വിയറ്റ്നാമിനു ലഭിച്ചത്.

ക്രൈസ്തവര്‍ക്കെതിരേയുള്ള പീഡനങ്ങള്‍ തുടര്‍ന്നെങ്കിലും വിശ്വാസവും അതിനൊത്തു വളരുയായിരുന്നു.
1759ല്‍120,000 കത്തോലിക്കരും തദേശീയരായ 25ഓളം വൈദികരും വടക്കന്‍ വിയറ്റ്നാമില്‍ ഉണ്ടായിരുന്നുവെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. പീഡന ചരിത്രത്തിന് മാറ്റം വരുന്നത് 1787ലാണ്. അക്കാലഘട്ടത്തില്‍ദക്ഷിണ വിയറ്റ്നാമിലെ അപ്പസ്തോലിക വികാരി മുന്‍കൈ എടുത്ത് ദക്ഷിണ വിയറ്റ്നാം ഫ്രാന്‍സും തമ്മില്‍ഒപ്പുവച്ച ഉടമ്പടി പ്രകാരം മതപ്രചരണത്തിനുള്ള നിരോധനം സാവകാശം പിന്‍വലിക്കപ്പെട്ടു.
അനാം രാജവാഴ്ച്ചക്കാലത്ത് 1802ല്‍ ദക്ഷിണ – ഉത്തര മേഖലകള്‍ സമന്വയിപ്പിച്ചതിനെ തുടര്‍ന്ന് പീഡനത്തിന്‍റെ നിഴലില്‍നിന്ന് ക്രൈസ്തവരുടെ ജീവിതം ശാന്തിയുടെ തണലിലേക്കണഞ്ഞു. എന്നാല്‍ആ പ്രശാന്തത അധിക കാലം നീണ്ടു നിന്നില്ല. 1821 – 1841 വരെ വന്ന ഭരണമാറ്റങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിനെതിരേ പീഡനത്തിന്‍റെ പുതിയൊരദ്ധ്യായം തുറന്നു.
മതപ്രചാരണ നിരോധനത്തിന്‍റേയും അടിച്ചമര്‍ത്തലിന്‍റേയും രക്തസാക്ഷിത്വത്തിന്‍റേയും ആ കാലം കടന്നുപോയത് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്.
1874ല്‍പീഡനങ്ങള്‍ക്ക് ഒരറുതി വന്നിരുന്നെങ്കിലും ഒരു പതിറ്റാണ്ടിനുള്ളില്‍(1884ല്‍) വിശ്വസത്തിന് കരുത്തോടെ സാക്ഷൃം നല്‍കാനുള്ള അവസരം വീണ്ടും വിയറ്റ്നാം ക്രൈസ്തവരെ തേടിയെത്തി....
1887ല്‍ഫ്രഞ്ച്കോളനിയായി ഇന്തോചൈന പൈനിന്‍സുല രൂപീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് പരിശുദ്ധ സിംഹാസനം ഹ്യുയെ ആസ്ഥാനമായി ഒരു അപ്പസ്തോലിക ഡെലിഗേഷന്‍ ആരംഭിച്ചു. അപ്പസ്തോലിക ഡെലഗേഷന്‍റെ ആസ്ഥാനം 1951ല്‍ ഹനോയിലേക്ക് മാറ്റി.

ഇരുമ്പറയ്ക്കുള്ളില്‍ മറഞ്ഞ സഭ

ഹോചിമിനും ഫ്രാന്‍സും 1946ല്‍ ഒപ്പിട്ട ഒരുടമ്പടിപ്രകാരം, ഇന്തോചൈന പൈനിന്‍സുലയിലെ സ്വതന്ത്ര രാഷ്ട്രമായി ഉത്തര വിയറ്റ്നാമിനെ ഫ്രാന്‍സ് അംഗീകരിച്ചെങ്കിലും ഫ്രാന്‍സിനെ വിയറ്റ്നാമില്‍ നിന്നു തുരത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായ കാലഘട്ടം കൂടിയാണത്. ഒന്നാം ഇന്തോചൈന യുദ്ധത്തിന്‍റെ ആരംഭം. സ്വാതന്ത്ര്യ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിയെറ്റ്മിന്‍ 29 ക്രൈസ്തവരെ കൊലചെയ്ത 1947 വിയറ്റ്നാമിലെ സഭയുടെ കറുത്ത അദ്ധ്യായങ്ങളിലൊന്നാണ്. ഈ കാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1951ലാണ് വിയറ്റ്നാമിലെ കത്തോലിക്കാ മെത്രാന്‍മാരുടെ പ്രഥമ പൊതുസമ്മേളനം നടന്നത്. 1954ല്‍ പൂര്‍ണ്ണ സ്വാതന്ത്ര്യലബ്ദിയെത്തിയെങ്കിലും വിഭജനത്തിന്‍റെ കൊടുവാള്‍ രാഷ്ട്രത്തെ രണ്ടായി പിളര്‍ത്തു. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള ഉത്തര വിയറ്റ്നാമും രാജ്യഭരണത്തിന്‍ കീഴിലുള്ള ദക്ഷിണ വിയറ്റ്നാമുമായി ഈ രാഷ്ട്രം വിഭജിക്കപ്പെട്ടപ്പോള്‍ ഉത്തരവിയറ്റ്നാമില്‍ നിന്നും ഏഴു ലക്ഷം കത്തോലിക്കാ വിശ്വാസികളും വൈദികരും സന്ന്യസ്തരുമാണ് ദക്ഷിണ വിയറ്റ്നാമിലേക്ക് കുടിയേറിയത്. 1960ല്‍ കത്തോലിക്കാ സഭാ ഹയെരാര്‍ക്കി രൂപീകരിക്കപ്പെട്ടു.

കമ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമും (ഉത്തര വിയറ്റ്നാം ) റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമും (ദക്ഷിണ വിയറ്റ്നാം). 1959 ആരംഭിച്ച യുദ്ധം 1975 ഏപ്രില്‍ 30ന് വിയറ്റ്നാമിന്‍റെ ഏകീകകരണത്തില്‍ അവസാനിച്ചതോടെ സഭാ ജീവിതം ഇരുമ്പു മറയ്ക്കുള്ളിലേക്കു നീങ്ങുകയായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ സെമിനാരികളും കത്തോലിക്കാ വിദ്യാലയങ്ങളും അടച്ചുപൂട്ടി. സൈഗോണിലെ സഹമെത്രാന്‍ തടവിലായി. അപ്പസ്തോലിക പ്രതിനിധിയെ നാടുകടത്തപ്പെടുകയും ചെയ്തു. മെത്രാന്‍മാരുടെ നിയമനത്തിലും വൈദിക പട്ടം നല്‍കുന്നതിലും ഭരണകൂടം ഇടപെടുന്നതു പതിവായി. വിയറ്റ്നാമിലെ മെത്രാന്‍മാരും പരിശുദ്ധ സിംഹാസനവും തമ്മില്‍ ആശയവിനിമയം നടത്താനും ബുദ്ധിമുട്ടേറി.

1978ല്‍ മാര്‍പാപ്പയായി സ്ഥാനമേറ്റ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1979ല്‍ ഹനോയിലെ മെത്രാപ്പോലീത്താ ത്രിന്‍ വാന്‍ കാനെ കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തി. 1985ല്‍ കര്‍ദിനാളുമായി കൂടിക്കാഴ്ച്ച നടത്തിയ മാര്‍പാപ്പ വിയറ്റ്നാമിലെ മെത്രാന്‍മാര്‍ക്കായുള്ള പ്രഥമ ലേഖനം പ്രസിദ്ധീകരിച്ചു. പിന്നീട്, 1989ല്‍ കര്‍ദിനാള്‍ ചെഗറായി വിയറ്റ്നാം സന്ദര്‍ശിച്ചപ്പോള്‍ മറ്റൊരു ലേഖനം കൂടി വിയറ്റ്നാമിലെ സഭയ്ക്കു നല്‍കി.
1988ല്‍ 21 വിദേ മിഷനറിമാര്‍ ഉള്‍പ്പെടെ 117 വിയറ്റ്നാം രക്തസാക്ഷികളുടെ വിശുദ്ധ പദപ്രഖ്യാപനവും മാര്‍പാപ്പ നടത്തിയിരുന്നു. എന്നാല്‍ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ വിയറ്റ്നാമിലെ മെത്രാന്‍മാരിലാര്‍ക്കും സര്‍ക്കാര്‍ അനവാദം നല്‍കിയില്ല. പക്ഷെ ദക്ഷിണ വിയറ്റ്നാമിലാദ്യമായി പത്ത് വൈദികാര്‍ത്ഥികള്‍ക്ക് പട്ടം സ്വീകരിക്കാന്‍ ഭരണകൂടം അനുവാദം നല്‍കി.
1988 ഡിസംബര്‍ മാസത്തില്‍ അമേരിക്കന്‍ മെത്രാന്‍മാരുടെ ഒരു പ്രതിനിധി സംഘം വിയറ്റ്നാമില്‍ പഞ്ചദിന സന്ദര്‍ശനം നടത്തി. ഏകദേശം ഈ കാലത്താണ് 1975ല്‍ തടവിലാക്കപ്പെട്ടെ സൈഗോണിലെ സഹായ മെത്രാന് മോചനം ലഭിച്ചത്. ബിഷപ്പ് ഫ്രാന്‍സിസ് സേവ്യര്‍ ങുയെന്‍ വാന്‍ ത്വാന്‍റെ പ്രത്യാശയുടെ സാക്ഷൃം പിന്നീട് ലോകമെങ്ങുമെത്തി. ദൈവദാസന്‍ കര്‍ദിനാള്‍ വാന്‍ ത്വാനാണ് അദ്ദേഹം ഇന്ന്. തടവില്‍ നിന്നു മോചിതനായ അദ്ദേഹത്തോട് റോമിലേക്കു പോകാന്‍ നിര്‍ദേശിച്ച ഭരണകൂടം പക്ഷെ സ്വരാജ്യത്തിലേക്കു തിരിച്ചുവരാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നീതി സമാധാന കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചു 2001ല്‍ കര്‍ദിനാള്‍ സ്ഥാനത്തേക്കുമുയര്‍ത്തി. 2002 സെപ്തംബര്‍ മാസത്തില്‍ റോമില്‍ വച്ച് അദ്ദേഹം അന്തരിച്ചു.

മാറ്റങ്ങളുടെ കാലം

വിയറ്റ്നാമിലെ കത്തോലിക്കാ സഭാ ചരിത്രത്തില്‍ നിര്‍ണ്ണായ മാറ്റങ്ങള്‍ സംഭവിച്ച കാലമാണ് തൊണ്ണൂറുകള്‍. നീതി സമാധാന കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ചെഗറായി 1989ല്‍ വിയറ്റ്നാം സന്ദര്‍ശിച്ചതിനെതുടര്‍ന്ന് 1990ല്‍ പരിശുദ്ധ സിംഹാസവും വിയറ്റ്നാമും തമ്മില്‍ നയതന്ത്ര സംഭാഷണങ്ങള്‍ ആരംഭിച്ചു. 1994ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഹനോയിലെ മെത്രാപ്പോലീത്താ ജോസഫ് പോള്‍ ഫാം ദിന്‍ തുങ്ങ് കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തി. ഇതേവര്‍ഷമാണ് ബിഷപ്പ് ഫ്രാന്‍സിസ് സേവ്യര്‍ ങുയെന്‍ വാന്‍ ത്വാന്‍ നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷനായി നിയമിതനായത്.

1999 മാര്‍ച്ച് മാസത്തില്‍ വത്തിക്കാന്‍ വിദേശ ബന്ധകാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറി ബിഷപ്പ് ചെലസ്തീനോ മില്യോരെയുടെ നേതൃത്വത്തില്‍ വത്തിക്കാന്‍റെ പ്രതിനിധി സംഘം നയതന്ത്ര സംഭാഷണത്തിനായി വിയറ്റ്നാമിലെത്തി. പരിശുദ്ധ സിംഹാസനത്തിന്‍റേയും വിയറ്റ്നാമിന്‍റേയും നയതന്ത്ര പ്രതിനിധികളുടെ സംയുക്ത പഠന സമിതിയെന്ന നിര്‍ദേശം അവതരിക്കപ്പെട്ടത് ഈയവസരത്തിലാണ്.

2000ത്തില്‍ വിയറ്റ്നാം വിദേശ കാര്യ മന്ത്രി ങുയെന്‍ ദൈ നിയെനും വത്തിക്കാന്‍ വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ബിഷപ്പ് ജീന്‍ ലൂയി തൗറാനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. 2001ല്‍ വീണ്ടും വത്തിക്കാന്‍ പ്രതിനിധി സംഘം വിയറ്റ്നാമിലെത്തി. ക്രമേണ വത്തിക്കാന്‍റേയും വിയറ്റ്നാമിന്‍റേയും പ്രതിനിധികള്‍ വര്‍ഷത്തിലൊരിക്കല്‍ കൂടിക്കാഴ്ച്ച നടത്തുന്നതു പതിവായി.
വത്തിക്കാന്‍ - വിയറ്റ്നാം നയതന്ത്രബന്ധ ചരിത്രത്തിലെ നാഴികകല്ലുകളിലൊന്നാണ് 2007 ജനുവരിയില്‍ വിയറ്റ്നാം പ്രധാനമന്ത്രി ങ്ഗൂയെന്‍ താന്‍ ദുങ്ങും വത്തിക്കാനിലെത്തി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. തദനന്തരം കത്തോലിക്കാ സഭാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനങ്ങള്‍ക്ക് ഭരണകൂടം ചെറിയതോതില്‍ ഇളവു നല്‍കാന്‍ തുടങ്ങി. സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്ന ന്യൂണ്‍ഷിയേച്ചര്‍ 2008ല്‍ സഭയ്ക്കു തിരിച്ചു നല്‍കി. 32വര്‍ഷം നീണ്ട നിരോധനം അവസാനിപ്പിച്ചുകൊണ്ട് കത്തോലിക്കാ ഉപവി സംഘടന കാരിത്താസിന് പരിമിതമായെങ്കിലും പ്രവര്‍ത്തന സ്വാതന്ത്ര്യമനുവദിച്ചു. പരിശുദ്ധ സിംഹാസനത്തിന്‍റേയും വിയറ്റ്നാമിന്‍റേയും നയതന്ത്ര പ്രതിനിധികളുടെ സംയുക്ത പഠന സമിതിയുടെ പ്രഥമ സമ്മേളനം 2009 ഫെബ്രുവരി 16,17 തിയതികളില്‍ വിയറ്റ്നാമിന്‍റെ തലസ്ഥാന നഗരമായ ഹനോയിലായില്‍ നടന്നു. വിയറ്റ്നാമില്‍ പ്രഥമ രൂപതകള്‍ സ്ഥാപിച്ചതിന്‍റെ 350ാം വാര്‍ഷികം ആഘോഷപൂര്‍വ്വം അനുസ്മരിക്കാനും 2009ല്‍ വിയറ്റ്നാം കത്തോലിക്കര്‍ക്കു സാധിച്ചു. അങ്ങനെ, വളരെ സാവകാശമാണെങ്കിലും നയതന്ത്ര തലത്തില്‍ പുരോഗതി പ്രകടമാകാന്‍ തുടങ്ങിയതോടെ 2009 ഡിസംബര്‍ 11ന് വിയറ്റ്നാം രാഷ്ട്രപതി ങ്ഗൂയെന്‍ മിന്‍ ത്രിയെതും മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തി.

2011 ജനുവരി മാസത്തില്‍ വിയറ്റ്നാമിലെ അപ്പസ്തോലിക സന്ദര്‍ശക പ്രതിനിധിയായി ആര്‍ച്ചുബിഷപ്പ് ലെയൊപോള്‍ഡ് ജീറെല്ലിയെ മാര്‍പാപ്പ നിയമിച്ചു. വര്‍ഷത്തിലൊരിക്കലെങ്കിലും വിയറ്റ്നാം കത്തോലിക്കരെ സന്ദര്‍ശിക്കാന്‍ വിയറ്റ്നാമിലെത്തുന്ന അദ്ദേഹം വിയറ്റ്നാമും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ബന്ധം ഇനിയും ഏറെ മെച്ചപ്പെടുമെന്നാണ് കരുതുന്നത്.

പ്രതീക്ഷകള്‍

2010 ജൂണ്‍ 23, 24 തിയതികളില്‍ വത്തിക്കാനിലും, 2012 ഫെബ്രുവരി 27,28 തിയതികളില്‍ ഹനോയിലും സമ്മേളിച്ച പരിശുദ്ധ സിംഹാസനത്തിന്‍റേയും വിയറ്റ്നാമിന്‍റേയും നയതന്ത്ര പ്രതിനിധികളുടെ സംയുക്ത പഠന സമിതിയുടെ അടുത്ത സമ്മേളനം വത്തിക്കാനില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് വിയറ്റ്നാമിലെ കേന്ദ്ര പോളിറ്റ് ബ്യൂറോ സെക്രട്ടറി ങ്ഗൂയെന്‍ ഫൂ തോങ്ങിന്‍റെ സന്ദര്‍ശനം. പരിശുദ്ധസിംഹാസനവും വിയറ്റ്നാമും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ പരിഹരിക്കപ്പെട്ട് അന്നാട്ടിലെ ക്രൈസ്തവര്‍ക്ക് സ്വന്തം വിശ്വാസം പ്രഘോഷിക്കാനും വിശ്വാസപ്രകാരം ജീവിക്കാനും വേണ്ട സ്വാതന്ത്ര്യം ലഭിക്കട്ടെയെന്ന് നമുക്കു പ്രാര്‍ത്ഥിക്കാം ആശംസിക്കാം.









All the contents on this site are copyrighted ©.