2013-01-26 16:37:15

മതബോധനമേഖല നവസുവിശേഷത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കീഴില്‍: ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല



25 ജനുവരി 2012, വത്തിക്കാന്‍
മതബോധനമേഖല നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തിലേക്കു മാറ്റിയ നടപടി മാര്‍പാപ്പയുടെ ദീര്‍ഘവീക്ഷണമാണ് വെളിപ്പെടുത്തുന്നതെന്ന് ആര്‍ച്ചുബിഷപ്പ് റിനോ ഫിസിക്കേല. വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ നിന്നും മതബോധനമേഖല നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തിലേക്കു മാറ്റിക്കൊണ്ടുള്ള സ്വാധികാര പ്രബോധനത്തിന്‍റെ (Motu Proprio) പ്രകാശനത്തോടനുബന്ധിച്ച് വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വത്തോരെ റൊമാനോ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഇപ്രകാരം രേഖപ്പെടുത്തിയത്. സഭയുടെ പ്രേഷിത ദൗത്യത്ത സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പ്രബോധനങ്ങള്‍ നടപ്പിലാക്കുന്നതിന് മതബോധനത്തിന്‍റേയും നവസുവിശേഷവല്‍ക്കരണത്തിന്‍റേയും ഏകീകരിച്ചുള്ള പ്രവര്‍ത്തനം സഹായകമാകുമെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല അഭിപ്രായപ്പെട്ടു.

മതബോധനം വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ നിന്നും നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തിലേക്കു മാറ്റിക്കൊണ്ടുള്ള ‘വിശ്വാസം പ്രബോധനത്തിലൂടെ’ (Fides per Doctrinam) എന്ന സ്വാധികാര പ്രബോധനം (Motu Proprio) ജനുവരി 25-ാം തിയതി വെള്ളിയാഴ്ചയാണ് പാപ്പ പ്രസിദ്ധീകരിച്ചത്. അതോടൊപ്പം പാപ്പാ വൈദികരുടെ രൂപീകരണത്തെ സംബന്ധിച്ച ‘വൈദിക പരിശീലനകേന്ദ്രം’ (Ministrorum institution) എന്ന സ്വാധികാര പ്രബോധനവും പ്രസിദ്ധീകരിച്ചു. വത്തിക്കാന്‍റെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള സംഘം മേല്‍നോട്ടം വഹിച്ചിരുന്ന വൈദികാര്‍ത്ഥികളുടെ പരിശീലനവും സെമിനാരികളുടെ മേല്‍നോട്ടവും ക്രമീകരണവും പൂര്‍ണ്ണമായും വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിനു കൈമാറ്റം ചെയ്തുകൊണ്ടുള്ളതാണ് ‘വൈദിക പരിശീലനകേന്ദ്രം’ (Ministrorum institution) എന്ന സ്വാധികാര പ്രബോധനം.

വൈദികാര്‍ത്ഥികളുടെ മാനുഷികവും, ആത്മീയവും, തപോനിഷ്ഠവും, ആരാധനക്രമപരവും അജപാലനപരവുമായ രൂപീകരണത്തിന്‍റെ ആരംഭമാണ് സെമിനാരിയിലെ പരിശീലനം. ഈ പരിശീലനം വൈദികരെന്നും തുടരുന്നുവെന്ന് എടുത്തു കാണിക്കുന്നതാണ് മാര്‍പാപ്പയുടെ ഉത്തരവെന്ന് വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മൗറോ പിയാച്ചെന്‍സോ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ പേര്‍ ദൈവവിളി സ്വീകരിക്കുന്നതിനുവേണ്ടിയും അവര്‍ക്കു മികച്ച പരിശീലനം ഉറപ്പുവരുത്തുന്നതിനും വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘം കഴിവിന്‍റെ പരമാവധി പരിശ്രമിക്കുമെന്നും കര്‍ദിനാള്‍ പിയാച്ചെന്‍സോ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.