2013-01-26 16:05:26

നവസുവിശേഷവല്‍ക്കരണത്തിനു പിന്തുണയേകുന്ന നിയമസംഹിത


26 ജനുവരി 2013, വത്തിക്കാന്‍
ക്രൈസ്തവ സാക്ഷൃത്തിനും നവസുവിശേഷവല്‍ക്കരണത്തിനും പിന്തുണയേകുന്ന സവിശേഷമായ സംവിധാനമാണ് സഭയുടെ കാനോനിക നിയമസംഹിതയെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ. കാനോനിക നിയമ നവീകരണത്തെ സംബന്ധിച്ച് ജനുവരി 25-ാം തിയതി വത്തിക്കാനില്‍ നടന്ന അന്തര്‍ദേശീയ പഠനശിബിരത്തിനു നല്‍കിയ സന്ദേശത്തിലാണ് കര്‍ദിനാള്‍ ബെര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്. സഭയുടെ പരമ്പരാഗത നിയമക്രമത്തിന്‍റെ പാത പിന്തുടരുന്നതും അതേസമയം, രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ വെളിച്ചത്തില്‍ സഭാജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ് നവീകരിച്ച കാനോനിക നിയമമെന്ന് കര്‍ദിനാള്‍ ബെര്‍ത്തോണെ സമര്‍ത്ഥിച്ചു. പഠനശിബിരത്തില്‍ പങ്കെടുത്ത കാനോനിക നിയമ വിദഗ്ദര്‍ക്ക് ബെനഡിക്ട് പതിനാറമന്‍ മാര്‍പാപ്പയുടെ ആശംസകളും കര്‍ദിനാള്‍ നേര്‍ന്നു.

വത്തിക്കാന്‍റെ നിയമകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ റാത്സിങ്കര്‍ ഫൗണ്ടേഷനും ജോണ്‍പോള്‍ രണ്ടാമന്‍ ഫൗണ്ടേഷനും സംയുക്തമായാണ് കാനോന നിയമ നവീകരണത്തിന്‍റെ 30-ാം വാര്‍ഷിക പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.