2013-01-25 18:52:55

കര്‍ദ്ദിനാള്‍ ജോസഫ് ഗ്ലെംപ്
വിനയാന്വിതനായ മഹാനുഭാവന്‍


25 ജനുവരി 2013, വത്തിക്കാന്‍
പോളിഷ് കര്‍ദ്ദിനാള്‍ ജോസഫ് ഗ്ലെംപിന്‍റെ നിര്യാണത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പ അനുശോചിച്ചു.
പോളണ്ടിലെ പൊള്ളുന്ന സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അവിടത്തെ വിശ്വാസികളെ നീതിനിഷ്ഠയോടും സ്നേഹത്തോടുംകൂടെ മൂന്നു പതിറ്റാണ്ടു കാലം നയിച്ച നല്ലിടയനായിരുന്നു കര്‍ദ്ദിനാള്‍ ഗ്ലെംപെന്ന്, വാര്‍സോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ കാസ്മിയര്‍ നൈസ്സ് വഴി
അയച്ച അനുശോചന സന്ദേശത്തില്‍ പാപ്പാ പ്രസ്താവിച്ചു.

പ്രതിസന്ധികള്‍ക്കിടയിലും പതറാതെ ജീവിച്ച അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയും, ലാളിത്യവും, തുറവും, സഭാസ്നേഹവും തന്നെ എന്നും വ്യക്തിപരമായി ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്ന്, പാപ്പാ സന്ദേശത്തില്‍ ഏറ്റുപറഞ്ഞു. വൈവിധ്യങ്ങളുടെ കരിപടലംനിറഞ്ഞ കാലഘട്ടത്തില്‍ പോളിഷ് ജനതയ്ക്ക് ഐക്യത്തിന്‍റെ ഉറപ്പുള്ള കണ്ണിയും ആത്മീയ വെളിച്ചവുമായിരുന്നു കര്‍ദ്ദിനാള്‍ ഗ്ലെംപെന്നും, വിശുദ്ധ ഗ്രന്ഥത്തിലെ ജോസഫിനെപ്പോലെ തന്‍റെ വിളിയോട് നിശ്ശബ്ദമായും വിനയത്തോടുംകൂടി സ്വയംസമര്‍പ്പിച്ച വിവേകിയായ മഹാനുഭാവനായിരുന്നു, താന്‍ വര്‍ഷങ്ങളായി സാഹോദര്യബന്ധം പുലര്‍ത്തിയിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് ഗ്ലെംപെന്നും പാപ്പ സന്ദേശത്തില്‍ വിശേഷിപ്പിച്ചു.

ഒര്‍മ്മയില്‍ എന്നും നിറഞ്ഞുനില്ക്കുന്ന കര്‍ദ്ദിനാള്‍ ഗ്ലെംപിന്‍റെ ആത്മാവിന് നിത്യശാന്തിയും പ്രാര്‍ത്ഥനയും നേര്‍ന്നുകൊണ്ടും, പോളണ്ടിലെ സഭയെയും വിശ്വാസികളെയും അനുശോചനം അറിയിച്ചുകൊണ്ടുമാണ് പാപ്പ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.