2013-01-25 18:32:51

എന്നും തുടരേണ്ട
പൗരോഹിത്യ പരിശീലനം


25 ജനുവരി 2012, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പാ വൈദികരുടെ രൂപീകരണത്തെ സംബന്ധിച്ച സ്വാധികാര പ്രബോധനം പ്രസിദ്ധീകരിച്ചു. വൈദികരുടെ മാനുഷികവും, ആത്മീയവും, തപോനിഷ്ഠവും, ആരാധനക്രമപരവും അജപാലനപരവുമായ രൂപീകരണത്തിന്‍റെ സ്രോതസ്സായ സെമിനാരികളുടെ മേല്‍നോട്ടവും ക്രമീകരണവും കൈമാറ്റം ചെയ്യുന്ന പുതിയ പ്രബോധനം ജനുവരി 25-ാം തിയതി വെള്ളിയാഴ്ചയാണ് വത്തിക്കാനില്‍ പ്രസിദ്ധീകരിച്ചത്. ഇതുവരയ്ക്കും വത്തിക്കാന്‍റെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള സംഘത്തില്‍ നിക്ഷിപ്തമായിരുന്ന വൈദികരുടെ രൂപീകരണത്തിന്‍റെയും സെമിനാരികളുടെയും ഉത്തരവാദിത്തം, വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിലേയ്ക്ക് പൂര്‍ണ്ണമായും കൈമാറ്റം ചെയ്യുന്നതാണ് ‘Ministrorum institutio’ വൈദിക പരിശീലനകേന്ദ്രം, എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച പാപ്പായുടെ പ്രബോധനം.

വൈദികരുടെ രൂപീകരണത്തെക്കുറിച്ച് Optatam Totius എന്ന പ്രമാണരേഖയില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിക്കുന്ന കാര്യങ്ങളും, സഭാ നിയമങ്ങള്‍ നിഷ്ക്കര്‍ഷിക്കുന്ന ക്രമീകരണങ്ങളും,
സഭാ ശുശ്രൂഷകരുടെ വളര്‍ച്ചയെക്കുറിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പഠിപ്പിക്കുന്ന Pastores Dabo Vobis എന്ന അപ്പസ്തോലിക പ്രബോധനത്തിലും ഉള്ള വസ്തുതകള്‍ നിലനിറുത്തിക്കൊണ്ടാണ് ഭരണക്രമത്തില്‍ ഈ ഭേദഗതി വരുത്തുന്നതെന്ന് പാപ്പ പ്രബോധനത്തില്‍ വ്യക്തമാക്കി.

സഭ ശുശ്രൂഷയ്ക്കായ് വിളിക്കപ്പെട്ടവരുടെ രൂപീകരണം വൈദികപട്ടത്തോടെ അവസാനിക്കുന്നില്ലെന്നും, അജപാലന മേഖലയില്‍ കാര്യക്ഷമതയും സഭാകൂട്ടായ്മയോട് കൂറും വിശ്വസ്തയും പുലര്‍ത്തുന്നതിന്,
ശുശ്രൂഷയുടെ മുഴുവന്‍ കാലവും പൗരോഹിത്യ ശുശ്രൂഷയില്‍ ഉള്ളവര്‍ക്ക്
വിവിധ മേഖലകളെക്കുറിച്ച് ക്രമവും കാലികവും നിരന്തരവുമായ രൂപീകരണം അനിവാര്യമാണെന്ന സഭയുടെ നിലപാട് പ്രാബോധനത്തില്‍ പാപ്പാ എടുത്തു പറയുകയും നിഷ്ക്കര്‍ഷിക്കുകയും ചെയ്യുന്നു.










All the contents on this site are copyrighted ©.