2013-01-24 20:04:41

മാധ്യമ ശൃംഖലയുടെ
അണയത്തൊരു ക്രിസ്തുസാന്നിദ്ധ്യം


24 ജനുവരി 2013, വത്തിക്കാന്‍
വിശുദ്ധ ഫ്രാന്‍സിസ് സാലസ് പങ്കുവച്ച വചനക്കുറിപ്പ് ഇന്നത്തെ ട്വിറ്റര്‍ ശൃംഖലയ്ക്ക് സമാനമായിരുന്നെന്ന് ആര്‍ച്ചുബിഷപ്പ് ക്ലാവുദിയോ മരിയ് ചേല്ലി പ്രസ്താവിച്ചു. വത്തിക്കാന് സമീപത്തുള്ള കര്‍മ്മല നാഥയുടെ ബസിലിക്കയില്‍ സംഘടിപ്പിച്ച ലോക മാധ്യമദിന സന്ദേശത്തിന്‍റെ പ്രകാശനവേളയിലാണ് സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ചേല്ലി ഇങ്ങനെ താരതമ്യപ്പെടുത്തിയത്.

കൈപ്പടയുടെ കുറിപ്പിലൂടെ ഒരു നൂറ്റാണ്ടു മുന്‍പ് വചനം പ്രഘോഷിച്ച വിശുദ്ധ ഫ്രാന്‍സിസ്സ് സാലസ്സാണ് ആദ്യം അച്ചടി മാധ്യമത്തിന്‍റെയും, പിന്നീട് ആധുനിക സമ്പര്‍ക്ക മാധ്യമങ്ങളുടെയും മധ്യസ്ഥനായതെന്ന് ആര്‍ച്ചുബിഷപ്പ് ചേല്ലി വചനപ്രഘോഷണമദ്ധ്യേ ജനങ്ങളെ അനുസ്മരിപ്പിച്ചു.

ഇന്ന് ഡിജിറ്റല്‍ മാധ്യമ ശൃംഖലയുടെ സംസ്ക്കാരത്തില്‍ ജീവിക്കുന്ന ക്രിസ്തുവിന്‍റെ ചെറുതോണിയാകുന്ന സഭയ്ക്ക് ആശയവിനിമയ ലോകത്തെ ഈ നവസാങ്കേതികതയില്‍നിന്നും അകന്നു നില്ക്കാനാവില്ലെന്നും,
ക്രിസ്തുവിന്‍റെ പക്കല്‍ സൗഖ്യവും സാന്ത്വനവും തേടിയെത്തിയവരെ തന്‍റെ വഞ്ചിയുടെ അണയത്തു ചേര്‍ത്തുനിറുത്തി സമാശ്വസിപ്പിച്ചതുപോലെ ഡിജിറ്റല്‍ മാധ്യമ ശൃംഖലയുടെ അണയത്തും അമരത്തുമിരുന്ന് ക്രിസ്തുവിന്‍റെ സ്നേഹസാന്ത്വനം സഭയിന്ന് പങ്കുവയ്ക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ചേല്ലി വിശ്വാസികളെ ഉദിബോധിപ്പിച്ചു.








All the contents on this site are copyrighted ©.