2013-01-24 17:44:15

പാപ്പാ റൊങ്കാലിയുടെ
ചരിത്രസ്മരണയ്ക്ക് സ്ഥിരപ്രതിഷ്ഠ


24 ജനുവരി 2013, ബര്‍ഗമേയോ
പാപ്പാ റൊങ്കാല്ലിയുടെ സ്മരണകള്‍ സജീവമാക്കിക്കൊണ്ട് ‘സോത്തോ ഇല്‍ മോന്തേ’ താഴ്വാരം ഉണരുന്നു. ‘പാപ്പാ റൊങ്കാല്ലി’യെന്ന വീട്ടുപേരില്‍ ജനങ്ങള്‍ വാത്സല്യത്തോടെ വിളിച്ചിരുന്ന ജോണ്‍ 23-ാമന്‍ പാപ്പായുടെ ജന്മസ്ഥലമായ വടക്കെ ഇറ്റലിയിലെ ബെര്‍ഗമോയിലെ ‘സോത്തോ ഇല്‍ മോന്തേ’ ഗ്രാമമാണ് അദ്ദേഹത്തിന്‍റെ 50-ാം ചരമവാര്‍ഷികം അവസരമായെടുത്തുകൊണ്ട് വികസന പദ്ധതികള്‍ ഒരുക്കിയിരിക്കുന്നത്. വിജ്ഞാനം, വിനോദം, ധ്യാനം, പ്രാര്‍ത്ഥന, സാംസ്ക്കാരികം എന്നീ മേഖലകളിലാണ് ആകര്‍ഷകവും വിജ്ഞാനപ്രദവുമായ പദ്ധതികള്‍ അദ്ദേഹത്തിന്‍റെ പുരാതകുടുംബം, കൃഷിയിടം, പണിസ്ഥലം, ഇടവക, സ്ക്കൂള്‍ എന്നിവയെ കേന്ദ്രീകരിച്ച് സംഘാടകര്‍ ആവിഷ്ക്കരിക്കുന്നത്.

ബെര്‍ഗെമോ രൂപതയും ‘സോത്തോ ഇല്‍ മോന്തേ’ ഇടവകയും സര്‍ക്കാര്‍ സംവിധാനങ്ങളും ചേര്‍ന്നാണ് ലാളിത്യമാര്‍ന്ന ജീവിതത്തിന്‍റെ ഉടമയായ പാപ്പായുടെ ചരിത്ര സ്മരണയ്ക്ക് ദൃശ്യാവിഷ്ക്കാരവും സ്ഥിരപ്രതിഷ്ഠയും നല്കാന്‍ വന്‍പദ്ധതി ഒരുക്കിയിരിക്കുന്നത്. ജനുവരി 25-ന് വത്തിക്കാന്‍ മ്യൂസിയം ഹാളില്‍ ചേരുന്ന Development of Sotto il Monto, ‘ സോത്തോ ഇല്‍ മോന്തേയുടെ വികസനം’ എന്ന സമ്മേളനത്തില്‍ പാപ്പായുടെ നാട്ടുകാരും ഇടവക പ്രതിനിധികളും രൂപതാദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചേര്‍ന്ന് പദ്ധതിയുടെ കരടുരൂപം വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന് സമര്‍പ്പിക്കും.
പാപ്പായുടെ ഗ്രാമത്തെ ചരിത്രത്തിന്‍റെയും ഓര്‍മ്മകളുടയെും മനോഹാരിതയുള്ള ഇടമാക്കി മാറ്റാനുള്ള സ്മ്മേളനത്തില്‍ വത്തിക്കാന്‍റെ വികാരി ജനറാല്‍ കര്‍ദ്ദിനാള്‍ ആഞ്ചെലോ കൊമാസ്ട്രി, വികസന പദ്ധതികളുടെ ഉത്തരവാദിത്തം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് ആല്‍ബെര്‍ത്തോ കാറാറാ എന്നവര്‍ പങ്കെടുക്കും. Pope John XXIII Sotto il Monte Association തയ്യാറാക്കിയ The Paths വഴികള്‍ എന്നഹ്രസ്വ ദൃശ്യ-ശ്രാവ്യ പ്രദര്‍ശനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക.

അഞ്ചു വര്‍ഷക്കാലം സഭയെ നയിച്ച പാപ്പ 1963-ല്‍ സഭയുടെ നവപെന്തക്കൂസ്താ എന്നു വിശേഷിപ്പിക്കപ്പെട്ട രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രവര്‍ത്തന മദ്ധ്യത്തിലാണ് കാലംചെയ്തത്. ചുരുങ്ങിയ കാലയളവില്‍ മനുഷ്യ മനസ്സുകളിലും ഹൃദയത്തിലും പ്രതിഷ്ഠനേടിയ പുണ്യശ്ലോകനായ ജോണ്‍ 23-ാമന്‍ പാപ്പയുടെ ശ്രദ്ധേയമായതും ഇന്നു ജീവിക്കുന്ന പഠനങ്ങളാണ് ‘പാച്ചെം ഇന്‍ തേറിസ്’, ‘റേരും നൊവാരും’, ‘മാത്തെര്‍ എത് മജിസ്ട്രാ’ എന്നീ സാമൂഹ്യ പ്രസക്തിയുള്ള ചാക്രിക ലേഖനങ്ങള്‍.
‘രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ഉപജ്ഞാതാവ്’ എന്ന പേരില്‍ സഭാചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയിട്ടുള്ള വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ പാപ്പയാണ് തന്‍റെ ഹ്രസ്വകാല ഭരണത്തിനിടയില്‍ സഭയെ ആധുനിക യുഗത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്.








All the contents on this site are copyrighted ©.