2013-01-23 17:32:27

സഭാനിയമങ്ങളുടെ നവീകരണം
സഭാഘടനകളുടെ നവോത്ഥാനം


23 ജനുവരി 2013, റോം
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ അരൂപി ആശ്ലേഷിക്കുന്നതാണ് നവീകരിച്ച സഭാ നിയമങ്ങളെന്ന്, കാനോന നിയമങ്ങളെന്ന് കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ്സ് കോക്കോ പള്‍മേരിയോ പ്രസ്താവിച്ചു.
സഭാ നിയമങ്ങളുടെ ക്രോഡീകരണത്തിന്‍റെ 30-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് ജനുവരി 25-ാം തിയതി വത്തിക്കാനില്‍ ചേരുന്ന നിയമ പണ്ഡിതന്മാരുടെ അന്തര്‍ദേശിയ സമ്മേളനത്തെക്കുറിച്ച്
റോമില്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ്താവനയിലാണ് സഭാനിയമ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കാര്‍ദ്ദിനാള്‍ ഫ്രാന്‍സിസ്സ് കോക്കോ പാള്‍മേരിയോ ഇങ്ങനെ പ്രസ്താവിച്ചത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെ നവീകൃതയായ സഭയ്ക്ക് അനുയോജ്യമായ കാനോനാ നിയമ നവീകരണം പുണ്യസ്മരണാര്‍ഹനായ ജോണ്‍ 23-ാമന്‍ പാപ്പായുടെ സ്വപ്നമായിരുന്നെന്നും, അത് യഥാര്‍ത്ഥ്യമായത് നവീകരിച്ച സഭാ നിയമങ്ങള്‍ 1983-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ നടപ്പില്‍ വരുത്തിയതോടെയാണെന്നും കര്‍ദ്ദിനാള്‍ കോക്കോ അനുസ്മരിച്ചു. ആധുനികയുഗത്തിന് അനുയോജ്യമാംവിധം സൂനഹദോസ് നവീകരിച്ചു നല്കിയ സഭാ ഘടനയും അതിന്‍റെ കാഴ്ചപ്പാടുകളും സമീപനങ്ങളും ഉള്‍ക്കൊണ്ട് ക്രിയാത്മകമായ നിയമങ്ങള്‍ ക്രോഡീകരിച്ചിറക്കാന്‍ സാധിച്ചത് സമഗ്രമായ സഭാശാസ്ത്രത്തിന്‍റെ നവോത്ഥാനമായിരുന്നെന്നും കര്‍ദ്ദിനാള്‍ കോക്കൊ സമര്‍ത്ഥിച്ചു.

പാപ്പായുടെ പരമാധികാരത്തെ കേന്ദ്രീകരിച്ചുള്ള മെത്രാന്മാരുടെ അപ്പസ്തോലിക കൂട്ടായ്മ, അല്‍മായര്‍ക്ക് പ്രാധാന്യവും പ്രാമുഖ്യവും നല്ക‍ിക്കൊണ്ടുള്ള അജപാലന പ്രസ്ഥാനങ്ങള്‍, ഭരണസീമയെ വെല്ലുന്ന വിശ്വാസസമൂഹത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും, സഭൈക്യ ദര്‍ശനത്തിന്‍റെ സൈദ്ധാന്തിക നവീകരണവും തുറവും, മതാന്തര സംവാദത്തിന്‍റെ മേഖലയിലെ നൂതന നോട്ടപ്പാട് എന്നിങ്ങനെയുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ നവീകരണ പാന്ഥാവിനെ ആശ്ലേഷിച്ചുകൊണ്ട് പിറവിയെടുത്ത ഉറപ്പുള്ള നിയമക്രമാണ് നവീകരിച്ച കാനോണ്‍ നിയമങ്ങളെന്നും കര്‍ദ്ദിനാള്‍ കോക്കോ വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചു.
1917-ല്‍ പ്രാബല്യത്തില്‍ വന്ന കാര്‍ക്കശ്യത്തിന്‍റെ നിഷേധാത്മക ഭാവമുണ്ടായിരുന്ന സഭാ നിയമങ്ങള്‍ കൗണ്‍സിലിന്‍റെ നവമായ കാഴ്ചപ്പാടുകളുടെ വെളിച്ചത്തില്‍ പഠിച്ച് നവീകരിച്ച് 1983-ലാണ് പ്രസിദ്ധീകരിച്ചത്. വത്തിക്കാന്‍റെ നിയമകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിച്ചിരിക്കുന്ന നവീകരിച്ച കോനോന നിയമത്തിന്‍റെ 30-ാം വാര്‍ഷിക പരിപാടികുളുടെ പ്രായോജകര്‍ റാത്സിങ്കര്‍ ഫൗണ്ടേഷനും ജോണ്‍പോള്‍ രണ്ടാമന്‍ ഫൗണ്ടേഷനുമാണ്.









All the contents on this site are copyrighted ©.