2013-01-23 10:32:02

സങ്കീര്‍ത്തനങ്ങള്‍, ദൈവ - മനുഷ്യ സ്നേഹ ഗീതികള്‍:കര്‍ദിനാള്‍ റവാസി


22 ജനുവരി 2013, വത്തിക്കാന്‍
ദൈവ മനുഷ്യ സംഭാഷണം അതിമനോഹരമായി അവതരിപ്പിക്കുന്നതുകൊണ്ടാണ് സങ്കീര്‍ത്തനങ്ങള്‍ ഇക്കൊലം വത്തിക്കാനിലെ നോമ്പുകാല ധ്യാന വിഷയമായി തിരഞ്ഞെടുത്തതെന്ന് സാംസ്ക്കാരിക കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസി. ഇക്കൊല്ലം വത്തിക്കാനില്‍ നോമ്പുകാല ധ്യാനം നയിക്കുന്ന കര്‍ദിനാള്‍ റവാസി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 17 മുതല്‍ 23വരെ കര്‍ദിനാള്‍ റവാസി നയിക്കുന്ന ധ്യാനത്തില്‍ മാര്‍പാപ്പയും റോമന്‍ കൂരിയായിലെ അംഗങ്ങളും പങ്കെടുക്കും. വത്തിക്കാനില്‍ നോമ്പുകാല ധ്യാനം നയിക്കാനുള്ള മാര്‍പാപ്പയുടെ ക്ഷണം വികാര നിര്‍ഭരനായാണ് താന്‍ സ്വീകരിച്ചതെന്ന് കര്‍ദിനാള്‍ വെളിപ്പെടുത്തി.
സങ്കീര്‍ത്തനങ്ങളില്‍ ദൈവത്തിന്‍റേയും മനുഷ്യന്‍റേയും മുഖം അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ ആത്മഭാഷണമല്ല, സംഭാഷണമാണ് നാമതില്‍ ദര്‍ശിക്കുന്നത്. സംഭാഷണത്തില്‍ മനുഷ്യന്‍റെ പ്രത്യുത്തരം അനിവാര്യമാണ്. വിശ്വാസത്തെ സംബന്ധിച്ച ഉള്‍ക്കാഴ്ച്ചകളുടെ പൊരുളഴിയുന്ന പ്രസ്തുത വിശുദ്ധ ഗ്രന്ഥഭാഗം വിശ്വാസവര്‍ഷത്തിന് അനുയോജ്യമായ വിചിന്തന വിഷയമാണെന്നും കര്‍ദിനാള്‍ റവാസി അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.