2013-01-23 18:12:03

ഡിജിറ്റല്‍ വിനിമയ മേഖലയില്‍
സുവിശേഷവീഥി തുറക്കണം


23 ജനുവരി 2013, റോം
ഡിജിറ്റല്‍ മാധ്യമ ശൃംഖലകളാണ് സുവിശേഷവത്ക്കരണം നേരിടുന്ന നവമായ വെല്ലുവിളിയെന്ന്, ആര്‍ച്ചുബിഷപ്പ് ക്ലാവുദിയോ മരിയ ചേല്ലി പ്രസ്താവിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസ്സിന്‍റെ തിരുനാളില്‍ ജനുവരി 24-ാം തിയതി പ്രകാശനം ചെയ്യപ്പെടുന്ന ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ലോക മാധ്യമദിന സന്ദേശത്തെക്കുറിച്ച് നല്കിയ പ്രസ്താവനയിലാണ് സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ചേല്ലി ഇങ്ങനെ പ്രസ്താവിച്ചത്.

“സുവിശേഷവത്ക്കരണത്തിന്‍റെ നവമാനങ്ങളിലേയ്ക്കുള്ള വിശ്വാസത്തിന്‍റെയും സത്യത്തിന്‍റെയും വാതായനങ്ങളാണ് - ആധുനിക ഡിജിറ്റല്‍ മാധ്യമ ശൃംഖലകള്‍,” എന്ന ശീര്‍ഷകത്തിലാണ് വിശ്വാസവത്സരത്തിലെ മാധ്യമദിന സന്ദേശം പാപ്പ ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ചേല്ലി പ്രസ്താവനയിലൂടെ വ്യക്തമാക്കി. പരസ്പര ബന്ധങ്ങളുടെയും അറിവന്‍റെയും മനുഷ്യാനുഭവങ്ങളെ കണ്ണിചേര്‍ക്കുന്ന സമ്പര്‍ക്കശ്രേണി ഇന്ന് ആധുനിക വിവര സാങ്കേതികതയായിരിക്കെ വിശ്വാസത്തിന്‍റെ മേഖലയില്‍ ക്രിസ്തുവിനെ കണ്ടെത്താനും അനുഭവിക്കാനും ഈ നൂതന മാധ്യമ ശൃംഖലകള്‍ ഉപയോഗപ്പെടുത്തണം എന്നാണ് ഇത്തവണ സന്ദേശത്തില്‍ പാപ്പ സമര്‍ത്ഥിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് ചേല്ലി ചൂണ്ടിക്കാട്ടി.

വിനിമയ മേഖലയിലെ നവസാദ്ധ്യതകള്‍ കണ്ടെത്തുക മാത്രമല്ല, ജീവിതത്തിന്‍റെ അടിസ്ഥാനപരമായ അര്‍ത്ഥവും വിശ്വാസവും തേടുന്ന മനുഷ്യന് ആധുനിക ഡിജിറ്റള്‍ ശൃംഖലയില്‍ ഇടം നേടിക്കഴിഞ്ഞിട്ടുള്ള ക്രിസ്തുവിന്‍റെ സുവിശേഷവീഥി കാട്ടിക്കൊടുക്കുകയാണ് ഇന്നിന്‍റെ ആവശ്യമെന്നും വത്തിക്കാന്‍റെ സമ്പര്‍ക്കമാധ്യമ കാര്യാലയത്തിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ ചേല്ലി വ്യക്തമാക്കി.
ജനുവരി 24-ാം തിയതി വ്യാഴ്ച, പ്രാദേശിക സമയം രാവിലെ 9.30-ന് റോമിലെ കര്‍മ്മലനാഥയുടെ ബസിലിക്കയില്‍ ആര്‍ച്ചുബിഷപ്പ് ക്ലാവ്ദിയോ ചേല്ലിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ പാപ്പായുടെ ഇക്കൊല്ലെത്ത മധ്യമദിന സന്ദേശം പ്രകാശംചെയ്യപ്പെടും.

ആഗോള സഭ പെന്തക്കൂസ്താ മഹോത്സവത്തിനു മുന്‍പുള്ള ഞായറാഴ്ച (ഇക്കൊല്ലം മെയ് 12-ന്) മാധ്യമദിനം ആചരിക്കുമ്പോള്‍, ഭാരതസഭ അജപാലന കാരണങ്ങളാല്‍ ക്രിസ്തുരാജന്‍റെ തിരുനാളിനു മുന്‍പുവരുന്ന ഞായറാഴ്ച (ഈ വര്‍ഷം നവംമ്പര്‍ 17-നും) മാധ്യമദിനം ആചരിക്കും.









All the contents on this site are copyrighted ©.