2013-01-21 15:20:09

സാമര്‍ത്ഥ്യത്തേക്കാള്‍ പ്രധാനം വിശ്വാസ ജീവിതം


21 ജനുവരി 2013, വത്തിക്കാന്‍
വത്തിക്കാന്‍ നയതനന്ത്രജ്ഞരുടെ വിശ്വാസ ജീവിതമാണ് പ്രവര്‍ത്തന വൈദഗ്ദ്ധ്യത്തേക്കാള്‍ പ്രധാനമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ. റോമിലെ പൊന്തിഫിക്കല്‍ എക്ലേസിയല്‍ അക്കാഡമിയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്‍റെ (Anthony the Abbot) തിരുന്നാളിനൊരുക്കമായി നടന്ന സായഹ്നപ്രാര്‍ത്ഥനാവേളയില്‍ അക്കാഡമി വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ സന്ദേശത്തിലാണ് കര്‍ദിനാള്‍ ബെര്‍ത്തോണ ഇപ്രകാരം പ്രസ്താവിച്ചത്. വത്തിക്കാന്‍റ‍െ നയതന്ത്ര പ്രതിനിധികള്‍ക്കു പരിശീലനം നല്‍കുന്ന കേന്ദ്രമാണിത്. നയതതന്ത്ര പ്രതിനിധികളായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് നല്ല അറിവും കഴിവും സാമര്‍ത്ഥ്യവും വേണമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിനേക്കാളുപരിയായി വിശ്വാസ ജീവിതത്തിന് അവര്‍ ഊന്നല്‍ നല്‍കണമെന്ന് കര്‍ദിനാള്‍ ബെര്‍ത്തോണെ ഉത്ബോധിപ്പിച്ചു. മറ്റേതൊരു പൗരോഹിത്യ ശുശ്രൂഷയേയും പോലെ ഈ കര്‍മ്മരംഗത്തും പ്രവര്‍ത്തനങ്ങള്‍ക്കുമാത്രം പ്രാധാന്യം നല്‍കാനോ, വെറും നിത്യചര്യ പോലെ നിസംഗമായി പ്രവര്‍ത്തിക്കാനോ, ശൂന്യമായ ഔപചാരികതകള്‍ക്കു മുന്‍തൂക്കം നല്‍കാനോ പ്രലോഭനം ഉണ്ടായേക്കാം. എന്നാല്‍ ഈ പ്രലോഭനങ്ങള്‍ക്കും വശംവദരാകാതെ വിശ്വാസത്തില്‍ അടിയുറച്ച ജീവിത മാതൃകയും ശുഷ്കാന്തിയോടെയുള്ള ശുശ്രൂഷയും അവര്‍ കൈമുതലാക്കണമെന്ന് കര്‍ദിനാള്‍ ബെര്‍ത്തോണെ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.