2013-01-21 15:19:59

വി.ആഗ്നസിന്‍റെ തിരുനാളില്‍ മാര്‍പാപ്പയ്ക്ക് ചെമ്മരിയാടുകളെ സമ്മാനിച്ചു


21 ജനുവരി 2013, വത്തിക്കാന്‍
രക്തസാക്ഷിയായ വിശുദ്ധ ആഗ്നസിന്‍റെ തിരുന്നാള്‍ ദിനത്തില്‍ മാര്‍പാപ്പ പതിവുപോലെ രണ്ട് ചെമ്മരിയാടുകളെ ആശീര്‍വ്വദിച്ചു. റോമില്‍ വിശുദ്ധ ലൊറേന്‍സോയുടെ പേരിലുള്ള സന്ന്യസ്താശ്രമത്തില്‍ വളര്‍ത്തിയ ചെമ്മരിയാടുകളെ അഗസ്റ്റീനിയന്‍ സന്ന്യാസികളാണ് മാര്‍പാപ്പയുടെ ആശീര്‍വാദത്തിനായി സമര്‍പ്പിച്ചത്. പരിശുദ്ധ പിതാവ് ആശീര്‍വദിച്ച ഈ ചെമ്മരിയാടുകളില്‍ നിന്നെടുക്കുന്ന രോമം കൊണ്ടാണ് മെത്രാപ്പോലീത്താമാര്‍ ധരിക്കുന്ന പാലിയം എന്ന ഉത്തരീയം നെയ്തെടുക്കുന്നത്.
ഏകദേശം മൂന്നു വിരലുകളുടെ വീതിയില്‍ വെളുത്ത ആട്ടിന്‍രോമംകൊണ്ട് നെയ്തുണ്ടാക്കുന്ന ഉത്തരീയത്തില്‍ കറുത്ത പട്ടുനൂല്‍കൊണ്ട് 6 ചെറിയ കുരിശുകള്‍ പ്രതീകാത്മകമായി തുന്നിച്ചേര്‍ത്തിരിക്കുന്നതാണ് പാലിയം (Pallium). മെത്രാപ്പോലീത്താമാര്‍ക്ക് പത്രോസിന്‍റെ പിന്‍ഗാമിയോടുള്ള വിധേയത്വത്തിന്‍റേയും പരിശുദ്ധ സിംഹാസനത്തോടുള്ള കൂട്ടായ്മയുടേയും അടയാളമാണ് ഈ ഉത്തരീയം. വിശുദ്ധ പത്രോസിന്‍റേയും പൗലോസിന്‍റേയും തിരുന്നാള്‍ ദിനമായ ജൂണ്‍ 29ാം തിയതിയാണ് പരമ്പരാഗതമായി മാര്‍പാപ്പ നവ മെത്രാപ്പോലീത്താമാരെ പാലിയം അണിയിക്കുന്നത്.

*വിശുദ്ധ ആഗ്നസ് (292 – 304) അതിവസുന്ദരിയായ ഒരു റോമന്‍ യുവതിയായിരുന്നു. സന്യാസജീവിതമാണ് അവളാഗ്രഹിച്ചതെങ്കിലും അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി പലരും അവളെ വിവാഹംചെയ്യുവാന്‍ മോഹിച്ചു. പക്ഷേ ക്രിസ്തുവാണ് തന്‍റെ മണവാളന്‍ എന്ന തീരുമാനത്തില്‍ അവള്‍ ഉറച്ചുനിന്നു. അവളുടെ തീരുമാനത്തില്‍ കുപിതരായവര്‍ ആഗ്നസ് ക്രിസ്ത്യാനിയാണെന്ന് റോമന്‍ ന്യായാധിപനെ അറിയിച്ചു. മതം മാറാനുള്ള ആജ്ഞ പാലിക്കാതിരുന്ന അവള്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി ഒടുവില്‍ വധിക്കപ്പെട്ടു. എ.ഡി. 304-ല്‍ ഡയക്ലിഷന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ആഗ്നസിന്‍റെ രക്ഷസാക്ഷിത്വം. ലത്തീന്‍ ഭാഷയില്‍ ‘ആഗ്നസ്’ (Agnus ആഞ്ഞൂസ്) എന്ന വാക്കിന് കുഞ്ഞാട് എന്നാണര്‍ത്ഥം. പരമ്പരാഗതമായി വിശുദ്ധ ആഗ്നസിന്‍റെ ഛായാചിത്രങ്ങളില്‍ ജീവിത വിശുദ്ധിയുടേയും നൈര്‍മ്മല്യത്തിന്‍റേയും പ്രതീകമായ വെളുത്ത കുഞ്ഞാടുകളെ ചിത്രീകരിക്കാറുണ്ട്.








All the contents on this site are copyrighted ©.