2013-01-21 15:20:21

ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോ ഡല്‍ഹി മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു


21 ജനുവരി 2013, ന്യൂഡല്‍ഹി
ഡല്‍ഹി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി ഡോ.അനില്‍ ജെ.റ്റി. കൂട്ടോ സ്ഥാനമേറ്റു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ പെനാക്യോ, ഡല്‍ഹി അതിരൂപതയുടെ മുന്‍അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഡോ. വിന്‍സെന്‍റ് കോണ്‍സസാവോ എന്നിവരായിരുന്നു നിയുക്ത മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികര്‍. തിരുഹൃദയ കത്തീഡ്രലിനു സമീപത്തുള്ള സെന്‍റ് കൊളംബസ് സ്ക്കൂള്‍ ഗ്രണ്ടിലെ പ്രത്യേക വേദിയിലാണ്, ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്.
കത്തീഡ്രലില്‍ നിന്നാംരഭിച്ച പ്രാരംഭ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തിരുക്കര്‍മ്മങ്ങള്‍ക്ക് ആമുഖമായി അതിരൂപതയുടെ ചാന്‍സലര്‍ ഫാ. മാത്യു കോയിക്കല്‍ മാര്‍പാപ്പയുടെ നിയമന ഉത്തരവ് വായിച്ചു. മെത്രാപ്പോലിത്താമാരായ ഡോ.സാല്‍വത്തോരെ പെനാക്യോയും, ഡോ. വിന്‍സെന്‍റ് കോണ്‍സസാവോയും നവമെത്രാപ്പോലീത്തായ്ക്ക് സ്ഥാന ചിഹ്നങ്ങള്‍ കൈമാറുകയും ഔദ്യോഗിക ഇരുപ്പിടം നല്‍കുകയും ചെയ്തു. തദനന്തരം, നവാഭിഷിക്തനായ ആര്‍ച്ചുബിഷപ്പിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്നു.
പതിനഞ്ച് മെത്രാന്‍മാരും നൂറുക്കണക്കിനു വൈദികരും സന്ന്യാസീസന്ന്യാസിനികളും ചടങ്ങില്‍ പങ്കെടുത്തു. പുതിയ മെത്രാപ്പോലീത്തായ്ക്ക് അനുമോദനമര്‍പ്പിക്കാനും ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റെ കൊണ്‍സാസോവോയ്ക്ക് യാത്രയയപ്പു നല്‍കുന്നതിനുമായി സംഘടിപ്പിച്ച പൊതു സമ്മേളനത്തിലും അനേകര്‍ പങ്കെടുത്തു. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ പെനാക്കിയോ, സി.ബി.സി.ഐ സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസ, ആര്‍ച്ചുബിഷപ്പ് ലിയോ കൊര്‍ണോലിയോ, ഫരീദാബാദ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, ബിഷപ്പുമാരായ ജേക്കബ് മാര്‍ ബര്‍ണബാസ്, ഇഗ്നേഷ്യസ് മസ്ക്കരിനാസ്, ഫ്രാങ്കോ മുളയ്ക്കല്‍, ജോസഫ് പതാലില്‍, ഫെഡറിക്ക് ഡിസൂസ എന്നിവര്‍ സമ്മേളനത്തില്‍ ആശംസാ സന്ദേശം നല്‍കി. കൂടാതെ, ഡല്‍ഹിയിലേയും പഞ്ചാബിലേയും സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളും വിവിധ മത, സാമുദായിക, സാംസ്ക്കാരിക നേതാക്കളും പൊതു സമ്മേളനത്തില്‍ പങ്കെടുത്ത് പുതിയ മെത്രാപ്പോലിത്തായെ അനുമോദിക്കുകയും സ്ഥാനമൊഴിഞ്ഞ ആര്‍ച്ചുബിഷപ്പ് ഡോ. വിന്‍സെന്‍റ് കോണ്‍സസാവോയ്ക്ക് നന്ദി പറയുകയും ചെയ്തു.








All the contents on this site are copyrighted ©.