2013-01-19 15:04:58

കത്തോലിക്കാ ഉപവിസംഘടനകള്‍ സമഗ്ര മനുഷ്യനന്‍മയ്ക്കുവേണ്ടി നിലകൊള്ളണം: മാര്‍പാപ്പ


19 ജനുവരി 2013, വത്തിക്കാന്‍
കത്തോലിക്കാ ഉപവിസംഘടനകള്‍ സമഗ്ര മനുഷ്യനന്‍മയ്ക്കുവേണ്ടി നിലകൊള്ളണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. കത്തോലിക്കാ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ജനുവരി 19ാം തിയതി ശനിയാഴ്ച, കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ 29ാമത് വാര്‍ഷികസമ്മേളനത്തിന്‍റെ സമാപനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച്ച.
മനുഷ്യന്‍റെ സമഗ്രനന്‍മയ്ക്കു ഹാനികരമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുമായി കത്തോലിക്കാ ഉപവിപ്രവര്‍ത്തകര്‍ സഹകരിക്കരുതെന്നും ആപല്‍ക്കരമായ പ്രത്യയശാസ്ത്രങ്ങള്‍ക്കുനേരെ കണ്ണടച്ചുകളയരുതെന്നും മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. കത്തോലിക്കാ സഭ നേതൃത്വം നല്‍കുന്ന കാരുണ്യപ്രവര്‍ത്തനങ്ങളുടെ തനിമ എന്തായിരിക്കണമെന്ന് മാര്‍പാപ്പ തദവസരത്തില്‍ വിശദീകരിച്ചു. ഭൗതികവാദ ദര്‍ശനങ്ങളും സാങ്കേതിക പുരോഗതിയും ഇഴചേര്‍ത്ത്, അടിസ്ഥാനപരമായി ദൈവനിഷേധാത്മകമായ മനുഷ്യദര്‍ശനം ഉരുത്തിരിഞ്ഞിട്ടുണ്ട്. വികലമായ ഈ മാനവദര്‍ശനം മനുഷ്യനെ അവന്‍റെ കഴിവുകള്‍ മാത്രമായി ചുരുക്കുന്നു. തത്ഫലമായി മനുഷ്യന്‍റെ ആത്മീയ തലത്തേയും ദൈവവുമായുള്ള ബന്ധത്തേയും നിഷേധിക്കുന്നു. അതുവഴി എല്ലാതരത്തിലുള്ള പരീക്ഷണങ്ങളും, പൊതു പദ്ധതികളും, ചൂഷണവും നിയമവിധേയമാകുന്നു. സ്വാഭാവിക നിയമങ്ങളുടെ എല്ലാ കെട്ടുപാടുകളിലും നിന്ന് സ്വതന്ത്രനായി സര്‍വ്വാധികാരിയായിത്തിരാനുള്ള മനുഷ്യന്‍റെ പ്രവണതയാണ് ഈ ചിന്താഗതിയുടെ ഏറ്റവും വലിയ അപകടം. പുരോഗതിയുടേയും, അവകാശങ്ങളുടേയും, മാനവികയുടേയും പേരില്‍ നല്ലതെന്ന ഭാവത്തില്‍ വേഷംമാറിയാണ് ഇത്തരം ചിന്താഗതികള്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും അവയ്ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് മാര്‍പാപ്പ കത്തോലിക്കാ കാരുണ്യപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
കത്തോലിക്കാ സഭ എക്കാലത്തും മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിച്ചിട്ടുണുട്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിശ്വസ്ത ബന്ധമായ വിവാഹം ആദരിക്കപ്പെടണമെന്നതാണ് കത്തോലിക്കാ സഭയുടെ നിലപാടെന്നും തദവസരത്തില്‍ മാര്‍പാപ്പ ആവര്‍ത്തിച്ചു.








All the contents on this site are copyrighted ©.