2013-01-19 15:05:42

ആയുധ നിയന്ത്രണത്തിനുള്ള അമേരിക്കന്‍ നീക്കം സ്വാഗതാര്‍ഹമെന്ന് ഫാ.ലൊബാര്‍ദി


19 ജനുവരി 2013, വത്തിക്കാന്‍
മാരകായുധങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനും തോക്കുകള്‍ വാങ്ങുന്നവരുടെ പശ്ചാത്തലം വിലയിരുത്താനും യു,എസ്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം സ്വാഗതാര്‍ഹമാണെന്ന് വത്തിക്കാന്‍ റേഡിയോയുടേയും ടെലിവിഷന്‍ കേന്ദ്രത്തിന്‍റേയും ഡയറക്ടര്‍ ജനറല്‍ ഫാ.ഫെദറിക്കോ ലൊംബാര്‍ദി. വത്തിക്കാന്‍ ടെലിവിഷന്‍റെ വാരാന്ത്യ പരിപാടിയായ ഒക്ടോവോ ദിയെസിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ലോകമനസാക്ഷിയെ നടുക്കിയ ‘ന്യൂടൗണ്‍ വിദ്യാലയത്തിലെ കൂട്ടക്കൊല’ പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ആയുധ നിയന്ത്രണം മാത്രം മതിയാകില്ലെങ്കിലും ഈ നീക്കം യുക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മാരകായുദ്ധങ്ങളുടെ പ്രത്യേകിച്ച് തോക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ അമേരിക്കന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട 47 മതനേതാക്കള്‍ക്കൊപ്പമാണ് താനെന്നും ഫാ,.ലൊംബാര്‍ദി വെളിപ്പെടുത്തി.
ആയുധങ്ങള്‍ സ്വരക്ഷയ്ക്കുള്ള ഉപകരണങ്ങളായി കണക്കാക്കാമെങ്കിലും, അതിനേക്കാളുപരിയായി എവിടെയും ഭീഷണിയും അക്രമവും മരണവും വിതയ്ക്കാനുള്ള ഉപകരണങ്ങള്‍ കൂടിയാണവ. ഇക്കാരണത്താല്‍ തന്നെയാണ് ആയുധ ഉല്‍പാദനത്തിനും വിതരണത്തിനും നിയന്ത്രണമേര്‍പ്പെടുത്താനും നിരായുധീകരണത്തിനും വേണ്ടി നിരന്തരം അഭ്യര്‍ത്ഥിക്കുന്നത്. സിറിയയിലെ ആയുധ വിതരണത്തെക്കുറിച്ചും വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മേധാവി കൂടിയായ ഫാ.ലൊംബാര്‍ദി തദവസരത്തില്‍ പരാമര്‍ശിച്ചു. ലെബനോണിലേക്കു അപ്പസ്തോലിക പര്യടനം നടത്തിയ വേളയില്‍ മാര്‍പാപ്പ സൂചിപ്പിച്ചതുപോലെ എല്ലാവരും സിറിയയെക്കുറിച്ച് ആശങ്കാകുലരാണ്, എന്നാല്‍ അവിടെ ആയുധങ്ങള്‍ എത്തിക്കൊണ്ടേയിരിക്കുന്നു. സമാധാനം ഹൃദയത്തില്‍ നിന്നാരംഭിക്കേണ്ടത്, പക്ഷേ, കയ്യില്‍ ആയുധങ്ങള്‍ കുറവാണെങ്കില്‍ കൂടുതല്‍ വേഗത്തില്‍ ആ ലക്ഷൃത്തിലേക്ക് മുന്നേറാന്‍ സാധിക്കുമെന്ന് ഫാ.ലൊംര്‍ദി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.