2013-01-17 16:51:54

മനഃസ്സാക്ഷിക്കു വിരുദ്ധമാകരുത്
ഭരണകര്‍ത്താക്കളെന്ന് വത്തിക്കാന്‍


17 ജനുവരി 2013, വത്തിക്കാന്‍
കത്തോലിക്കാ സഭയുടെ സ്വയംഭരണാധികാരവും സ്വാതന്ത്ര്യവും രാഷ്ട്രങ്ങള്‍ മാനിക്കണമെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി പ്രസ്താവിച്ചു. ജനുവരി 16-ാം തിയതി ബുധനാഴ്ച റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് വത്തിക്കാന്‍റെ വക്താവ് സഭയുടെ നിലപാട് വെളിപ്പെടുത്തിയത്.

ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും, അവര്‍ക്ക് നീതി ലഭിക്കാതെ പോവുകയും ചെയ്യുന്ന സാമൂഹ്യപശ്ചാത്തലത്തിലാണ്, സഭാ-സ്ഥാപനത്തിന്‍റെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്‍റെയും സ്വയംഭരണാവകാശത്തിന്‍റെയും വാദമുഖം ഉന്നയിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി പ്രസ്താവിച്ചു. മതനിരപേക്ഷതയും അവയുടെ വൈവിധ്യങ്ങളും സങ്കീര്‍ണ്ണമായി വരുന്ന ഇന്നിന്‍റെ സാമൂഹ്യ സാഹചര്യത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ സങ്കല്പം മതത്തിന്‍റെയും മനഃസ്സാക്ഷിയുടെയും മേഖലകളിലും കെട്ടുപിണഞ്ഞു കിടക്കുകയാണെന്നും ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി ചൂണ്ടിക്കാട്ടി.

വൈവിധ്യങ്ങളുടെ സാമൂഹത്തില്‍ വ്യക്തികളുടെ മനഃസ്സാക്ഷിക്കും അവരുടെ വിശ്വസജീവിതത്തിനും രാഷ്ട്രങ്ങള്‍ തടസ്സമാകുന്നതിനു പകരം, ആ മേഖലയിലുള്ള അവരുടെ അടിസ്ഥാന സങ്കല്പങ്ങളും സ്വാതന്ത്ര്യവും മാനിക്കുകയും, അവരെ നീതിയിലും സത്യത്തിലു ജീവിക്കാന്‍ സഹായിക്കുകയുമാണ് വേണ്ടതെന്ന്, ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി അഭിപ്രായപ്പെട്ടു. സമൂഹ്യധാര്‍മ്മികതയുടെ അടിത്തറ ഇളക്കുന്ന സ്വവര്‍ഗ്ഗവിവാഹം, ജീവനു വിരുദ്ധമായ നടപടിക്രമങ്ങള്‍ എന്നിവ കുത്തകനിയമങ്ങളാക്കുന്ന ഭരണകൂടങ്ങളും നേതാക്കളും നന്മ-തിന്മ വിവേചിച്ചെടുക്കാനുള്ള മനുഷ്യന്‍റെ അടിസ്ഥാന കഴിവിനെയും സ്വാതന്ത്ര്യത്തെയും മനഃസ്സാക്ഷിയെയുമാണ് ചോദ്യംചെയ്യുകയും ഹനിക്കുകയും ചെയ്യുന്നതെന്ന് ആര്‍ച്ചുബിഷപ്പ് മംമ്പോര്‍ത്തി വ്യക്തമാക്കി.

മനഃസാക്ഷിയുടെയും ആത്മിയതയുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഭയെ രാഷ്ട്രീയ സമൂഹമോ പ്രസ്ഥാനമോ ആയി കാണാതെ, മനുഷ്യന്‍റെ ധാര്‍മ്മികതയുടെയും ആത്മീയതയുടെയും മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അധികാരവും സ്വാതന്ത്ര്യവുമുള്ള സാമൂഹ്യ സ്ഥാപനമായി രാഷ്ട്രങ്ങള്‍ അംഗീകരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി അഭിമുഖത്തില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.