2013-01-17 16:32:26

മതവിശ്വാസം മൗലികമെന്ന്
കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറാ


17 ജനുവരി 2013, റോം
പ്രതിസന്ധികള്‍ക്കിടയില്‍ മനുഷ്യന്‍റെ മൗലികാവശ്യം ഇന്നും ദൈവമാണെന്ന്, ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, ‘cor unum’-മിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റോബെര്‍ട്ട് സറാ പ്രസ്താവിച്ചു. റോമില്‍ ജനുവരി 17-ാം തിയതി വ്യാഴാഴ്ച ആരംഭിച്ച കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ഒരുക്കമായി മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ സറാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ‘ഉപവിപ്രവര്‍ത്തനങ്ങളും നവമാനവികതയും’, എന്നതാണ് റോമില്‍ ചേരുന്ന സമ്മേളനത്തിന്‍റെ പഠനവിഷയമെന്നും കര്‍ദ്ദിനാള്‍ സറാ വെളിപ്പെടുത്തി.

ആഫ്രിക്കപോലുള്ള രാജ്യങ്ങളില്‍ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കേഴുന്ന ജനതയ്ക്ക് ഗര്‍ഭനിരോധനം, ഭ്രൂണഹത്യപോലുള്ള സാമൂഹ്യ തിന്മകള്‍ ഉപവിയുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ അടിച്ചേല്പിക്കുന്നത് അക്ഷന്തവ്യമാണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. പ്രത്യുല്പാദന മേഖലിയിലെ പരിചരണം, മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ ശാക്തീകരണം, ലിംഗസമത്വം എന്നിവയാണ് യഥാര്‍ത്ഥ മാനവികത വളര്‍ത്താന്‍ സഭയും ജീവകാരുണ്യ പ്രസ്ഥാനങ്ങളും ഇന്ന് ശ്രദ്ധകേന്ദ്രീകരിക്കേണ്ട സാമൂഹ്യമേഖലകളെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

കുടുംബം, വിവാഹം എന്നീ സാമൂഹ്യ ഘടകങ്ങളും, അടിസ്ഥാന മനുഷ്യാവകാശത്തെ മാനിക്കുന്ന സാമൂഹ്യ സംവിധാനങ്ങളും ഇന്ന് പരിരക്ഷിക്കപ്പെട്ടില്ലെങ്കില്‍, സ്വവര്‍ഗ്ഗ വിവാഹം, ജീവനെ അതിന്‍റെ അടിസ്ഥാന രൂപത്തില്‍ത്തന്നെ ഇല്ലായ്മചെയ്യുന്ന ഭ്രൂണഹത്യ, കാരുണ്യവധം എന്നിവ നിയമവത്ക്കരിക്കപ്പെടുന്ന മരണസംസ്ക്കരം ലോകത്ത് പ്രബലപ്പെടുമെന്ന്, അമേരിക്ക ഫ്രാന്‍സ് ഇംഗ്ലണ്ട് എന്നീ പുരോഗമ രാഷ്ട്രങ്ങളുടെ നീക്കങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ സറാ പ്രത്യുത്തരിച്ചു.










All the contents on this site are copyrighted ©.