2013-01-17 16:24:29

ധാര്‍മ്മിക
പ്രതിസന്ധികളെ നേരിടാന്‍
ക്രൈസ്തവര്‍ കൂട്ടായി നില്ക്കണം


17 ജനുവരി 2013, വത്തിക്കാന്‍
ക്രൈസ്തവ ഐക്യവാരത്തോട് അനുബന്ധിച്ച് ഫിന്‍ലാന്‍റില്‍ നിന്നെത്തിയ
സഭൈക്യ കൂട്ടായ്മയെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിക്കവേയാണ് പാപ്പ ഇങ്ങനെ പ്രസ്താവിച്ചത്. ക്രൈസ്തവര്‍ സുവിശേഷ ചൈതന്യത്തില്‍ ജീവിച്ചുകൊണ്ട് ചുറ്റും ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രഭ പങ്കുവയ്ക്കണമെന്നും,
ഇന്നു വളര്‍ന്നുവരുന്ന മാനുഷികതയ്ക്കു നിരക്കാത്ത ചിന്താധാരകളെയും, സാമൂഹ്യ നയങ്ങളെയും ക്രൈസ്തവര്‍ ഒത്തൊരുമിച്ച് നേരിടണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

‘നീതിയിലും സ്നേഹത്തിലും കാരുണ്യത്തിലും ജീവിച്ചുകൊണ്ട് ദൈവത്തൊടൊത്തു ചരിക്കണ’മെന്ന മീക്കായുടെ പ്രവാചകസന്ദേശം (മീക്ക 6, 6) സഭൈക്യവാരത്തിന്‍റെ ഈ വര്‍ഷത്തെ ധ്യാനവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് പാപ്പാ ഫിന്‍ലാന്‍റിന്‍റെ സഭൈക്യ പ്രതിനിധിസംഘത്തെ അനുസ്മരിപ്പിച്ചു.
മനുഷ്യാവതാരത്തിലൂടെ ലോകത്തിലേയ്ക്ക് ഇറങ്ങിവരുകയും, നമ്മോടൊത്തു ചരിക്കുകയുംചെയ്ത ക്രിസ്തുവാണ് ഏവരെയും വിശുദ്ധിയുടെയും നീതിയുടെയും സമാധാനത്തിന്‍റെയും പാതയില്‍ നയിക്കേണ്ടതെന്ന് ഫിന്‍ലാന്‍റിന്‍റെ സഭൈക്യ പ്രതിനിധിസംഘത്തെ പാപ്പാ അനുസ്മരിപ്പിച്ചു.

എളിമയോടും അനുസരണയോടുംകൂടെ കര്‍ത്താവിന്‍റെ വഴികളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം എന്നും ചരിച്ചുകൊണ്ട് നാം വിഭാവനംചെയ്യുന്ന ദൃശ്യവും യാഥാര്‍ത്ഥ്യവുമാകുന്ന സമ്പൂര്‍ണ്ണ ക്രൈസ്തവൈക്യം കൈവരിക്കാന്‍ ഇടയാവട്ടെയെന്ന് പാപ്പ ആശംസിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.