2013-01-16 18:46:12

വിശ്വാസവത്സരം ഫലപ്രാപ്തമെന്ന്
ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ


16 ജനുവരി 2013, വത്തിക്കാന്‍
വിശ്വാസവത്സരം ആഗോളതലത്തില്‍ സഭയ്ക്ക് ഉണര്‍വ്വേകുന്നുവെന്ന്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല്ല വിലയിരുത്തി.

സഭാ നവീകരണം ലക്ഷൃമാക്കി 2012 ഒക്ടോബര്‍ 11-ാം തിയതി,
ബനഡിക്ട് 16-ാമന്‍ പാപ്പ ഉദ്ഘാടനംചെയ്ത ‘വിശ്വാസവത്സര’ത്തെ വിലയിരുത്തിക്കൊണ്ട് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കലങ്ങി മറിഞ്ഞു കിടക്കുന്ന ലോകഗതിയില്‍ സുവിശേഷ ചൈതന്യത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും അടിയന്തിരമാണെന്നു മനസ്സിലാക്കി, വിശ്വാസവത്സരത്തിന്‍റെ വിവിധ പരിപാടികളിലൂടെ സമര്‍പ്പണത്തോടും നവോന്മേഷത്തോടുംകൂടെ സഭാമക്കള്‍ പ്രവര്‍ത്തിക്കുന്നത് ലോകമെങ്ങും കാണാനുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ ചൂണ്ടിക്കാട്ടി.

പാപ്പായുടെ അദ്ധ്യക്ഷതിയില്‍ 2012 ഒക്ടോബറില്‍ സമ്മേളിച്ച മെത്രാന്മാരുടെ 13-ാമത് സിനഡു സമ്മേളനം വിശ്വാസജീവിത നവീകരണത്തിന്‍റെ നാഴികക്കല്ലാണെന്നും, പാപ്പ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതും, ഇനിയും നാമകരണം ചെയ്യപ്പെടാത്തതുമായ നവസുവിശേഷവത്ക്കരണ പ്രബോധനം
ഈ യുഗസന്ധിയില്‍ ക്രൈസ്തവ ജീവിത നവീകരണത്തിന് മാനദന്ധമാകുമെന്നും ആര്‍‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വിശേഷിപ്പിച്ചു.









All the contents on this site are copyrighted ©.