2013-01-16 18:37:18

മനുഷ്യനില്‍ ദൈവം വര്‍ഷിക്കുന്ന
കൃപയുടെ സുകൃതമാണ് വിശ്വാസം


16 ജനുവരി 2013, വത്തിക്കാന്‍
ക്രിസ്തുവില്‍ സ്വയം വെളിപ്പെടുത്തിയ ദൈവത്തോടുള്ള മനുഷ്യന്‍റെ പ്രത്യുത്തരമാണ് വിശ്വാസമെന്ന്, വത്തിക്കാന്‍റെ ദൈവശാസ്ത്ര പണ്ഡിതന്‍, ഡേരിയൂസ് കൊവാല്‍സിക്ക് വ്യാഖ്യാനിച്ചു. വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ വിശ്വാസത്തെക്കുറിച്ചുള്ള 12-ാമത് പഠനപരമ്പരയിലാണ് റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍കൂടിയായ ഫാദര്‍ കൊവാല്‍സിക്ക് ഇങ്ങനെ വിവരിച്ചത്.
മനുഷ്യനില്‍ ദൈവം വര്‍ഷിക്കുന്ന സ്വര്‍ഗ്ഗീയ സുകൃതവും ദാനവുമാണ് വിശ്വാസമെന്നും, മനുഷ്യന്‍റെ കഴിവും കരുത്തുംകൊണ്ടു ലഭിക്കുന്നതല്ല അതെന്നും, മറിച്ച് ദൈവകൃപയും കാരുണ്യവുമാണ് അത് മനുഷ്യനു ലഭ്യമാക്കുന്നതെന്നും, ഇക്കുറി വിശ്വാസത്തിന്‍റെ സവിശേഷതള്‍ വിവരിച്ചുകൊണ്ട് ഫാദര്‍ കൊവാല്‍സിക്ക് പ്രസ്താവിച്ചു.

വിശ്വാസം ദൈവിക ദാനമാണെങ്കിലും മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിലും യുക്തിയിലും വളര്‍ത്തിയെടുക്കേണ്ട പുണ്യമാണതെന്നും, കൃപാവരത്തിലും അരൂപിയുടെ സഹായിത്തിലും അനുദിനം ജീവിച്ചുകൊണ്ട്, ദൈവം വെളിപ്പെടുത്തിത്തന്നിട്ടുള്ള സത്യങ്ങളെ ആശ്ലേഷിക്കുന്നതാണ് വിശ്വാസമെന്നും, വിശ്വാസ നവീകരണം ലക്ഷൃമാക്കിയുള്ള തന്‍റെ പ്രഭാഷണത്തില്‍, ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി.

മനുഷ്യന്‍റെ അന്ധമായ പ്രേരണയല്ല വിശ്വാസം. ദൈവാവിഷ്ക്കരണവും ആവിഷ്കൃതസത്യങ്ങളും മാനുഷിക യുക്തിയില്‍ മനസ്സിലാക്കി, ക്രിസ്തുവിന്‍റെയും വിശുദ്ധാത്മാക്കളുടെയും ധന്യമായ പഠനങ്ങളും പ്രവൃത്തികളും, അവയ്ക്കൊപ്പം സഭയുടെ വിശുദ്ധിയും വളര്‍ച്ചയും ഫലപുഷ്ടിയും സ്ഥിരതയും - ഉറപ്പുള്ള അടയാളവും തെളിവുകളും പ്രേരകഘടകങ്ങളുമായി (motiva credibilitatis) സ്വീകിരിക്കാവുന്ന, ആരുടെയും ബുദ്ധിക്കിണങ്ങുന്ന - ദൈവിക പുണ്യമാണ് വിശ്വാസമെന്നും കൊവാല്‍സിക്ക് സമര്‍ത്ഥിച്ചു.

‘ദൈവത്തിന്‍റെ വഞ്ചിക്കുവാനോ വഞ്ചിക്കപ്പെടുവാനോ കഴിയാത്ത ആധികാരികതയാണ് വിശ്വാസത്തിന് ഉറപ്പെന്നും, ആ സ്വര്‍ഗ്ഗപ്രകാശം പ്രദാനം ചെയ്യുന്ന ഉറപ്പ്, മനുഷ്യന്‍റെ സ്വാഭാവിക ബുദ്ധിവെളിച്ചം പ്രദാനംചെയ്യുന്ന ഉറപ്പിനേക്കാള്‍ മഹത്തരമായി മനുഷ്യന്‍ അംഗീകരിക്കണമെന്നും
ഫാദര്‍ കൊവാല്‍സിക്ക് ഉദ്ബോധിപ്പിച്ചു. അങ്ങനെ ദൈവത്തില്‍ വിശ്വസിക്കുന്ന വ്യക്തി, അവിടുത്തോടു കൂടുതല്‍ അടുക്കുന്നതിനും, അവിടുന്നു വെളിപ്പെടുത്തി തരുന്ന സത്യങ്ങള്‍ ആഴത്തില്‍ അറിയുവാനും ആഗ്രിക്കുവാനും അന്വേഷിക്കുവാനും സാധിക്കുന്നത് സ്വാഭാവികമാണെന്നും ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി.








All the contents on this site are copyrighted ©.