2013-01-16 18:59:41

നവീകരിച്ച
വത്തിക്കാന്‍ പ്രസിദ്ധീകരണശാല


16 ജനുവരി 2013, വത്തിക്കാന്‍
സുവിശേഷം നവമായും തനിമയോടുംകൂടെ പ്രഘോഷിക്കാന്‍ വത്തിക്കാന്‍റെ പ്രസിദ്ധീകരണ ശാലയുടെ (Vatican Publishing House) വികസനം സഹായിക്കുമെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പ്രസ്താവിച്ചു. വത്തിക്കാന്‍ പ്രസിദ്ധീകരണ ശാലയുടെ പുതിയ വിഭാഗം ജനുവരി 15-ാം തിയതി ബുനധനാഴ്ച ഉത്ഘാടനംചെയ്യവേയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വത്തിക്കാന്‍റെ പ്രസിദ്ധീകരണങ്ങള്‍ സഭാ പ്രബോധനങ്ങളുടെയും ആരാധനക്രമത്തിന്‍റെയും മേഖലയില്‍ ഒതുങ്ങിപ്പോകാതെ, ആധുനിക വിവരസാങ്കേതികതയുടെ സംസ്ക്കാരത്തിലും ശൈലിയിലും സുവിശേഷ മൂല്യങ്ങള്‍ എവിടെയും നവമായി എത്തിച്ചുകൊടുക്കുവാന്‍ പുതിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രസിദ്ധീകരണ ശാലയിലെ പ്രവര്‍ത്തകരെ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു.

അന്തര്‍ദേശിയ മേളകളില്‍ എന്നും ശ്രദ്ധേയമായ സാന്നിദ്ധ്യം പ്രകടമാക്കുന്ന വത്തിക്കാന്‍‍ പ്രസിദ്ധീകരണ ശാല ഡിജിറ്റല്‍ പുസ്തക വിപണിയിലേയ്ക്ക് സഭയുടെ സുവിഷേഷദൗത്യം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമാണ് ഈ വികസന പദ്ധതിയെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ തന്‍റെ ഉദ്ഘാടന പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. വത്തിക്കാന്‍ പ്രസിദ്ധീകരണശാലയുടെ വത്തിക്കനിലുള്ള പഴയ ആസ്ഥാനം തന്നെയാണ് നവീകിരിച്ച്, പുതിയ സംവിധാനങ്ങളും സൗകര്യങ്ങളുമായി വികസിപ്പിച്ചിരിക്കുന്നത്.











All the contents on this site are copyrighted ©.