2013-01-15 15:30:06

സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളില്‍ വെളിച്ചം പകരുന്ന സഭയുടെ സാമൂഹ്യപ്രബോധനം


15 ജനുവരി 2013, പോര്‍ട്ട് ജെന്‍റില്‍
കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രബോധനങ്ങള്‍ സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളില്‍ നീതിയുടേയും സമാധാനത്തിന്‍റെയും വെളിച്ചമേകുന്നുവെന്ന് നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്സണ്‍. മധ്യാഫ്രിക്ക‍ന്‍ രാജ്യമായ ഗബോണില്‍ ‘സാമൂഹ്യ നീതിയും സമാധാനവും’ എന്ന പ്രമേയത്തെ കേന്ദ്രമാക്കി നടക്കുന്ന ഒരന്താരാഷ്ട്ര സമ്മേളനത്തില്‍ ജനുവരി 14ന് പ്രബന്ധാവതരണം നടത്തുകയായിരുന്നു അദ്ദേഹം. സമഗ്ര മാനവ വികസനത്തിന് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള കത്തോലിക്കാ സഭയുടെ ചരിത്രത്തിലുടനീളം അതിനുള്ള തെളിവുകള്‍ ദൃശ്യമാണെന്നും കര്‍ദിനാള്‍ പ്രസ്താവിച്ചു. രോഗീ പരിചരണം, ആതുര സേവനം, അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, വിദ്യാലയങ്ങള്‍, ദരിദ്രര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടിയുള്ള ശുശ്രൂഷകള്‍ തുടങ്ങി നിരവധി ഉപവി പ്രവര്‍ത്തനങ്ങള്‍ കത്തോലിക്കാ സന്ന്യസ്ത സമൂഹങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. 1891ല്‍ ല‍ിയോ പതിമൂന്നാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച റേരും നൊവാരും മുതല്‍ 2007ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച കാരിത്താസ്‍ ഇന്‍ വേരിത്താത്തെ വരെയുള്ള സാമൂഹ്യമാനമുള്ള ചാക്രിക ലേഖനങ്ങളും അതിപ്രസക്തമാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ മുതല്‍ വ്യവസായിക വിപ്ലവം വരെയും, മാര്‍ക്സിസിന്‍റെ ഉദയം മുതല്‍ മൂന്നാം ലോക രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യവും വികസനവും വരെയും, ആഗോളവല്‍ക്കരണം, സാമ്പത്തിക മാന്ദ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളെ സംബന്ധിച്ച് സഭ നല്‍കുന്ന ഉത്ബോധനങ്ങളും മാര്‍ഗ്ഗദര്‍ശനങ്ങളും ഈ ചാക്രിക ലേഖനങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്. ഏതു വ്യവസ്ഥയുടേയും ക്രമത്തിന്‍റേയും കേന്ദ്രം മനുഷ്യനും സമഗ്ര മാനവ വികസനവുമാണെന്നതാണ് കത്തോലിക്കാ സഭയുടെ നിലപാടെന്ന് കര്‍ദിനാള്‍ ടര്‍കസ്ണ്‍ സമര്‍ത്ഥിച്ചു. സ്നേഹത്തിലും നീതിയിലും അധിഷ്ഠിതമായ വ്യവസ്ഥകളും എല്ലാ മനുഷ്യരുടേയും ക്ഷേമവുമാണ് സഭ ലക്ഷൃമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.








All the contents on this site are copyrighted ©.