2013-01-15 15:30:15

ദൈവശാസ്ത്രജ്ഞരുടെ അജപാലക ദൗത്യത്തെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് മ്യുള്ളര്‍


15 ജനുവരി 2013, വത്തിക്കാന്‍
മികച്ച ദൈവശാസ്ത്ര പണ്ഡിതര്‍ നല്ല അജപാലകര്‍ കൂടിയായിരിക്കണമെന്ന് വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജെറാര്‍ഡ് മ്യുള്ളര്‍. ജനുവരി 14ന് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവതാരം ചെയ്ത ദൈവവചനമായ യേശുക്രിസ്തു തന്‍റെ കാലത്തെ എല്ലാവര്‍ക്കും മനസിലാകുന്ന വിധത്തിലാണ് സംസാരിച്ചത്. ക്രിസ്തുവിനെപ്പോലെ ഒരു നല്ലിടയനായിരിക്കണം കത്തോലിക്കാ ദൈവശാസ്ത്ര പണ്ഡിതര്‍. കാരണം വിജ്ഞാനികളെ മാത്രമല്ല ദൈവം സ്നേഹിക്കുന്നത്. എല്ലാ മനുഷ്യരേയും സ്നേഹിക്കുന്ന സ്നേഹനിധിയാണ് ദൈവം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്‍റെ ദൈവശാസ്ത്ര ദര്‍ശനങ്ങള്‍ എല്ലാവര്‍ക്കും മനസിലാകുന്ന വിധത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് മ്യുള്ളര്‍ അഭിപ്രായപ്പെട്ടു. മാര്‍പാപ്പയുടെ ദൈവശാസ്ത്ര ചിന്തകളുടെ ആഴവും പരപ്പും അത്ഭുതാവഹമാണ് . 15ാമത്തെ വയസ്സില്‍ ദൈവശാസ്ത്ര രംഗത്തേക്കു കടന്നു വന്ന അദ്ദേഹത്തിനിപ്പോള്‍ കഴിഞ്ഞ 70 വര്‍ഷത്തെ ഉപാസനം കൈമുതലായുണ്ടെന്ന് പാപ്പായുടെ (കര്‍ദിനാള്‍ ജോസഫ് റാറ്റ്സിംങറുടെ) പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ ആര്‍ച്ചുബിഷപ്പ് മ്യുള്ളര്‍ പറഞ്ഞു. നാഷണല്‍സോഷ്യലിസം, ഫാസിസം, യുദ്ധം, തുടങ്ങിയ കഠിനമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പച്ചയായ ജീവിതാനുഭവങ്ങളുടെ കരുത്ത് അദ്ദേഹത്തിന്‍റെ ദര്‍ശങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് മ്യുള്ളര്‍ ചൂണ്ടിക്കാട്ടി. പാശ്ചാത്യ തത്വചിന്തകളുടെ ചരിത്രം അദ്ദേഹത്തിനു സുപരിചിതമാണ്, സഭാ ചരിത്രത്തിലും അഗാധ പാണ്ഡിത്യമുണ്ട്. പ്രകൃതിശാസ്ത്രം ഉന്നയിക്കുന്ന ചോദ്യങ്ങളെയും വെല്ലുവിളികളെയും കുറിച്ചും അദ്ദേഹത്തിന് പരിജ്ഞാനമുണ്ട്. ഇക്കാലത്തിന് അനിവാര്യമായ വിധത്തില്‍ ഇത്രയേറെ ആഴത്തില്‍ ചിന്തിക്കുന്ന അപൂര്‍വ്വം വ്യക്തികളെ മാത്രമേ താന്‍ കണ്ടിട്ടുള്ളെന്നും ആര്‍ച്ചുബിഷപ്പ് ജെറാര്‍ഡ് മ്യുള്ളര്‍ പറഞ്ഞു.









All the contents on this site are copyrighted ©.