2013-01-14 14:29:08

വിശ്വാസവത്സരം സ്വജീവിതത്തിലൂടെ സുവിശേഷ സന്ദേശം ലോകത്തില്‍ പ്രചരിപ്പിക്കാനുള്ള അവസരം: മാര്‍പാപ്പ


14 ജനുവരി 2013, വത്തിക്കാന്‍
സുവിശേഷ സന്ദേശം സ്വജീവിതത്തിലൂടെ ലോകത്തില്‍ പ്രചരിപ്പിക്കാനുള്ള അവസരമാണ് വിശ്വാസവത്സരമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. വത്തിക്കാനില്‍ സേവനമനുഷ്ഠിക്കുന്ന ഇറ്റാലിയന്‍ പൊലീസുമായി (Ispettorato di Pubblica Sicurezza in Vaticano) പതിനാലാം തിയതി തിങ്കളാഴ്ച്ച നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വിശ്വാസ വത്സരത്തില്‍ തങ്ങളുടെ വ്യക്തിജീവിതത്തിലും കര്‍മ്മമേഖലയിലും സുവിശേഷത്തിന്‍റെ ധീരസാക്ഷികളാകാന്‍ മാര്‍പാപ്പ അവരെ ക്ഷണിച്ചു. വത്തിക്കാനില്‍ പൊതുപരിപാടികള്‍ നടക്കുമ്പോഴും മാര്‍പാപ്പ ഇറ്റലിയില്‍ അപ്പസ്തോലിക പര്യടനങ്ങള്‍ നടത്തുമ്പോഴും പൊതുസുരക്ഷാ ചുമതനിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരോട് പാപ്പ കൃതജ്ഞത രേഖപ്പെടുത്തി. സമാധാനത്തിനുവേണ്ടിയുള്ള നിരവധിയായ പ്രയത്നങ്ങള്‍ ലോകമെങ്ങും നടക്കുന്നുണ്ടെന്ന് ഇക്കൊല്ലത്തെ ലോക സമാധാന ദിന സന്ദേശത്തില്‍ പ്രസ്താവിച്ചത് പാപ്പ തദവസരത്തില്‍ അനുസ്മരിച്ചു. എല്ലാ മനുഷ്യരും ആത്യന്തികമായി സമാധാനത്തിനായി അഭിലഷിക്കുന്നു. സന്തോഷത്തോടുകൂടി ജീവിക്കാനും ആത്മസാക്ഷാത്ക്കാരം പ്രാപിക്കാനുമുള്ള ആഗ്രഹം അതിന്‍റെ അവിഭാജ്യ ഘടകമാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പൊതുപരിപാടികളുടെ ക്രമവും അച്ചടക്കവും കാത്തുപാലിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രയത്നം ശാന്തവും ക്രമവല്‍കൃതവുമായ സമൂഹ നിര്‍മ്മിതിയുടെ അടിസ്ഥാനവും യഥാര്‍ത്ഥ സാംസ്ക്കാരികതയുടെ അടയാളവുമാണെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.