2013-01-14 14:28:23

മൊനാക്കോയിലെ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു


14 ജനുവരി 2013, വത്തിക്കാന്‍
മൊനാക്കോയിലെ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരന്‍ പത്നിയായ രാജകുമാരി ചാര്‍ലെനെയോടൊപ്പമാണ് 12ാം തിയതി ശനിയാഴ്ച മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയത്. ഫ്രാന്‍സിന്‍റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന നഗര രാഷ്ട്രമായ മൊനാക്കോയിലെ രാജകുമാരന്‍മാരായ റെയ്നിയെര്‍, ഗ്രേസ് എന്നിവരുമായി 1957ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ നടത്തിയ കൂടിക്കാഴ്ച്ചയുടെ 55ാമത് വാര്‍ഷികത്തിലാണ് മൊനാക്കോയിലെ ഭരണാധികാരിയുമായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ കൂടിക്കാഴ്ച്ച. മൊനാക്കോ നഗര രാഷ്ട്രത്തിന്‍റെ സാമൂഹ്യരംഗത്ത് കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്ന് പരിശുദ്ധ സിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. വിവിധ അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച്, വിശിഷ്യാ സമഗ്രവികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു. തങ്ങളുടെ പൂര്‍വ്വികനായ കര്‍ദിനാള്‍ ജെറോം ഗ്രിമാള്‍ഡിയുടെ ഒരു ഛായാച്ചിത്രവും ഗ്രന്ഥവും ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരനും പത്നിയും മാര്‍പാപ്പയ്ക്കു സമ്മാനിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഒരു സവിശേഷ രേഖാചിത്രമായിരുന്നു (sanguigna) മാര്‍പാപ്പയുടെ സമ്മാനം.








All the contents on this site are copyrighted ©.